കൊച്ചി > സിപിഐ എം പാർടി കോൺഗ്രസിനോടനുബന്ധിച്ച് സെമിനാറിൽ പങ്കെടുക്കുന്നതിന് ഹൈക്കമാൻഡിൽനിന്ന് അന്തിമ അറിയിപ്പ് വന്നിട്ടില്ലെന്നും കാത്തിരിക്കുകയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്. ഡൽഹിയിൽ സിതാറാം യെച്ചൂരിയും സോണിയ ഗാന്ധിയും സ്റ്റാലിന്റെ പരിപാടിയിൽ പങ്കെടുത്തിരുന്നു.
എന്നെ ക്ഷണിച്ചത് സ്റ്റാലിൻ പങ്കെടുക്കുന്ന പരിപാടിയിലേക്കാണ്. സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള സുഹൃത്തുക്കൾ നാളെ കണ്ണൂരിൽ വരുന്നുണ്ട്. അവരുമായും ആലോചിക്കും. എന്താണ് വരുന്നതെന്ന് കാത്തിരിക്കുകയാണ്. ഒമ്പതുവരെ സമയമുണ്ടല്ലോയെന്നും -കെ വി തോമസ് വാർത്താലേഖകരോട് പറഞ്ഞു.
സിപിഐ എം ക്ഷണിച്ചപ്പോൾത്തന്നെ എല്ലാ രാഷ്ട്രീയവശങ്ങളും കാണിച്ചാണ് സോണിയ ഗാന്ധിക്ക് കത്തയച്ചത്. അല്ലാതെ സെമിനാറിന് പോകുന്നു എന്നല്ല കത്തിൽ പറഞ്ഞത്. സോണിയയുമായി സംസാരിച്ച കെ സി വേണുഗോപാൽ വിളിച്ചു. ആ വിവരം സിപിഐ എം നേതൃത്വത്തെയും അറിയിച്ചിരുന്നു. എന്നാൽ, അനുമതി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. അനുമതി ലഭിക്കുമെന്നാണ് ഇപ്പോഴും പ്രതീക്ഷയെന്നും- അദ്ദേഹം പറഞ്ഞു.