കൊച്ചി > പാചകവാതക വിലയിലെ കേന്ദ്ര കൊള്ള മറച്ചു പിടിയ്ക്കാൻ സംസ്ഥാന സർക്കാരിനെതിരെ ീണ്ടും വ്യാജ പ്രചരണവുമായി വീണ്ടും സംഘപരിവാർകേന്ദ്രങ്ങൾ. സംസ്ഥാന സർക്കാർ കേന്ദ്ര നികുതിയുടെ പല മടങ്ങ് നികുതി പിരിയ്ക്കുന്നു എന്ന കള്ളക്കണക്കുകൾ നിരത്തിയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരണം നടക്കുന്നത്. ഏതാനും മാസം മുമ്പ് ഈ പ്രചാരണം വന്നപ്പോൾ ദേശാഭിമാനിയും ഇന്ത്യാ ടുഡേ മാസികയുടെ ഫേക്ക് ചെക്ക് വിഭാഗവും ഈ നുണ പൊളിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വില പിന്നെയും ഉയർന്നതോടെയാണ് വീണ്ടും വാട്ട്സ് ആപ്പിലൂടെയും മറ്റും നുണപ്രചാരണം ശക്തമായത്.
കേന്ദ്രം പാചക വാതകത്തിന് 24. 75 രൂപയേ നികുതി പിരിയ്ക്കുന്നുള്ളൂയെന്നും സംസ്ഥാനം 291.36 രൂപ നികുതി ഈടാക്കുന്നുണ്ടെന്നുമാണ് ബിജെപി ഐടി സെല്ലിൻറേതെന്ന സൂചനയുള്ള പോസ്റ്റ് പറയുന്നത്. കേന്ദ്രത്തിൻറെ കൊള്ളനികുതിയുടെ ദുരിതം അനുഭവിയ്ക്കുന്ന സ്വന്തം അണികളെയും വായനക്കാരെയും തെറ്റിദ്ധരിപ്പിക്കുന്നതിന് പാചക വാതകത്തിൻറെ അടിസ്ഥാന വില കുറച്ച് കാണിച്ചാണ് കണക്കുകൾ നിരത്തിയിരിക്കുന്നത്.
ബിജെപി പ്രചരണം വ്യാജമാണെന്ന് കണ്ടെത്തിയ ഇന്ത്യ ടുഡേയുടെ വാര്ത്ത
വ്യാജ കണക്ക് പട്ടികയില് 495 രൂപയാണ് അടിസ്ഥാന വിലയായി പറഞ്ഞിരിക്കുന്നത്. എന്നാൽ എണ്ണക്കമ്പനികളുടെ കണക്ക് പ്രകാരം നിലവില് 849.12 രൂപയാണ് 14.2 കിലോഗ്രാം ഗാര്ഹിക സിലിണ്ടറിന്റെ അടിസ്ഥാന വില.
സംസ്ഥാനം വൻ നികുതി ഈടാക്കുന്നു എന്ന് തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി കേന്ദ്ര നികുതി 24.75 രൂപ എന്നൊരു ഇനം കള്ളക്കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ 2017 ൽ പാചക വാതകം ജിഎസ്ടിയിൽ ഉൾപ്പെടുത്തിയതോടെ പ്രത്യേക കേന്ദ്ര നികുതിയും സംസ്ഥാന നികുതിയും ഇല്ലാതാകുകയും പകരം ജിഎസ്ടി മാത്രമാകുകയും ചെയ്തു. ഗാർഹികാവശ്യത്തിനുള്ള പാചക വാതകത്തിന് 5 ശതമാനമാണ് നിലവിൽ ജിഎസ്ടി ഈടാക്കുന്നത്. ഇതിൽ 2.5 ശതമാനം കേന്ദ്രത്തിനും 2.5 ശതമാനം സംസ്ഥാനത്തിനുമുള്ളതാണ്. ഏറ്റവും പുതിയ കണക്ക് പ്രകാരം 45.54രൂപയാണ് ഗാര്ഹിക പാചക വാതകത്തിനുള്ള ജിഎസ്ടി. ഇതില് നിന്ന് സംസ്ഥാനത്തിന് കിട്ടുന്നത് 22.77 രൂപയാണ്. ഇതല്ലാതെ പാചക വാതകത്തിന് മറ്റൊരു നികുതിയും സംസ്ഥാനം ഈടാക്കുന്നില്ല.
എന്നാൽ സംസ്ഥാനം 291 രൂപ നികുതി ഈടാക്കുന്നുണ്ടെന്നാണ് പ്രചരണം. അടിസ്ഥാന വില കുറച്ചു കാണിച്ചിട്ട് കണക്ക് ഒപ്പിക്കുന്നതിനു വേണ്ടി ആവശ്യമായ തുക സംസ്ഥാനത്തിൻറെ പേരിൽ നികുതിയായി തിരുകി വെയ്ക്കുകയാണ് വ്യാജ പ്രചരണക്കാർ ചെയ്തിരിക്കുന്നത്. ജിഎസ്ടി നിലവില് വരുന്നതിന് മുമ്പുപോലും സംസ്ഥാനം ഗാര്ഹിക സിലിണ്ടറിന് 4.04 ശതമാനം നികുതിയേ ഈടാക്കിയിരുന്നുള്ളൂ.
സംസ്ഥാന നികുതി എന്ന ഇല്ലാത്ത ഇനത്തില് തുക പെരുപ്പിച്ച് കാണിക്കുന്നതിന് വേണ്ടി വ്യാജ പ്രചരണക്കാരുടെ കണക്ക് പട്ടികയില് ഡീലർ കമ്മീഷനും കുത്തനെ കുറച്ച് കാണിച്ചിരിക്കുന്നു. 5.50 രൂപയാണ് ഡീലർ കമ്മീഷനായി കാണിച്ചിരിക്കുന്നത്. എന്നാൽ 61.84 രൂപയാണ് യഥാർത്ഥ ഡീലർ കമ്മീഷൻ.
നിലവിൽ ഇല്ലാത്ത സബ്സിഡി ഉണ്ടെന്ന് കാണിക്കാൻ 19.57 രൂപ എന്ന മറ്റൊരു ഇനവും കള്ളക്കണക്കില് ഉള്പ്പെടുത്തിയിട്ടുണ്ട്. സാധാരണക്കാരന് കുറഞ്ഞ നിരക്കിൽ പാചക വാതകം ലഭ്യമാക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന സബ്സിഡി നരേന്ദ്ര മോഡി സർക്കാർ നിർത്തലാക്കിയിട്ട് ഒരു വർഷത്തിലധികമായി. നേരിട്ട് ബാങ്കിലേക്ക് കൊടുത്തിരുന്ന സബ്സിഡി ഒരറയിപ്പുമില്ലാതെയാണ് നിര്ത്തലാക്കിയത്. വർഷത്തിൽ 12 സിലിണ്ടറാണ് സബ്സിഡി നിരക്കിൽ ഗാർഹിക ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിരുന്നത്.
അടിസ്ഥാന വിലയ്ക്കൊപ്പം ഡീലര് കമ്മീഷനും ജിഎസ്ടിയും ചേര്ത്താണ് പാചക വാതകത്തിന്റെ ചില്ലറ വില്പന വില (ഉപയോക്താവ് കൊടുക്കേണ്ട ആകെ വില) നിശ്ചയിക്കുന്നത്. ഓരോ മാസവും പാചക വാതക വില വര്ധിപ്പിക്കാന് കേന്ദ്രം അടിസ്ഥാന വില വര്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അടിസ്ഥാന വില നിശ്ചയിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് കേന്ദ്രമോ എണ്ണക്കമ്പനികളോ വ്യക്തമാക്കുന്നുമില്ല. ഇവര് ഒത്തുകളിച്ച് വ്യക്തമായ മാനദണ്ഡങ്ങളിലാതെ തോന്നിയതുപോലെ വില കൂട്ടുകയാണ് ചെയ്യുന്നത്. അതിന് മറപിടിയ്ക്കാനാണ് സംസ്ഥാനം വന് നികുതി ഈടാക്കുന്നത് കൊണ്ടാണ് പാചക വാതക വില കുതിച്ചുയരുന്നത് എന്ന വാദവും കള്ളക്കണക്കുകളും നിരത്തിയിരിക്കുന്നതെന്ന് ഈ കണക്കുകളില് നിന്ന് തന്നെ വ്യക്തമാണ്.
ഗാര്ഹിക പാചക വാതകത്തിന്റെ ഇപ്പോഴത്തെ യഥാര്ത്ഥ വില (രൂപയില്)
അടിസ്ഥാന വില 849.12
ഡീലര് കമ്മീഷന് 61.84
ജിഎസ്ടി (5 %) 45.54
(സംസ്ഥാന വിഹിതം 2. 5% = 22.77)
ആകെ വില 956.50