ന്യൂഡല്‍ഹി> പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഐഎന്‍ടിയുസിയെ ഇളക്കി വിടാന്‍ മാത്രം ചീപ്പല്ല താനെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തന്നെ അറിയാവുന്ന ആരും അത് വിശ്വസിക്കില്ലെന്നും രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു.
തന്നെ ആരും മാറ്റിനിര്‍ത്തിയിട്ടില്ലെന്നും പാര്‍ട്ടിയുടെ എല്ലാക്കാര്യത്തിലും നേതൃത്വവുമായി യോജിച്ചുകൊണ്ടു മുമ്പില്‍ തന്നെയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി
സ്ഥാനം വേണമെന്ന പ്രശ്നമേയില്ല. പാര്‍ട്ടി പ്രവര്‍ത്തകരുടേയും ജനങ്ങളുടേയും പരിപൂര്‍ണ പിന്തുണ ലഭിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവിനെതിരായ ഐഎന്‍ടിയുസി പ്രതിഷേധത്തിന് പിന്നില്‍ രമേശ് ചെന്നിത്തലയാണെന്ന ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സമകാലിക വിഷയങ്ങള്‍ സോണിയാഗാന്ധിയുമായി ചര്‍ച്ച ചെയ്യേണ്ടതില്ല. കോണ്‍ഗ്രസ് അധ്യക്ഷയോട് പറയേണ്ട അത്രയ്ക്ക് പ്രാധാന്യമൊന്നും അതിനില്ല. അതൊക്കെ നാട്ടില്‍ സംസാരിച്ചു തീര്‍ക്കേണ്ട വിഷയങ്ങളാണ്. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ലെന്ന വി ഡി സതീശന്റെ പ്രസ്താവന മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അതെല്ലാം കെപിസിസി നേതൃത്വം ഇടപെട്ട് പരിഹരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസ് ഹൈക്കമാന്ന്റുമായുള്ള കൂടിക്കാഴ്ചയില്‍ പൂര്‍ണ തൃപ്തനാണ്. പാര്‍ട്ടിയെ കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ സോണിയാഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും കഴിയുമെന്നാണ് തന്റെ പൂര്‍ണ വിശ്വാസമെന്നും ചെന്നിത്തല പറഞ്ഞു.