മഞ്ചേരി> നഗരസഭാ ലീഗ് കൗൺസിലർ അബ്ദുൽ ജലീലിന്റെ കൊലയാളികൾ മുസ്ലിംലീഗ് ലീഗ് പ്രവർത്തർ. പ്രധാന പ്രതി പയ്യനാട് നെല്ലിക്കുത്ത് കെ എം ഷുഹൈബ് എന്ന കൊച്ചു പയ്യനാട് മേഖലയിൽ ലീഗിന്റെ നേതൃത്വത്തിൽ നടത്തുന്ന സാമൂഹ്യ വിരുദ്ധസംഘത്തിലെ പ്രധാനിയാണ്. എല്ലാ ഘട്ടത്തിലും ലീഗ് നേതൃത്വമാണ് ഇവർക്ക് സംരക്ഷണം ഒരുക്കിയത്. ഒടുവിൽ ഇവർ തന്നെ സ്വന്തം നേതാവിന്റെ ജീവനെടുക്കുകയായിരുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ് പ്രതികൾ.
സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനെ ആക്രമിക്കാൻ ശ്രമിച്ച ഷുഹൈബ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗം തടസ്സപ്പെടുത്താനും ശ്രമിച്ച ക്രിമിനലാണ്. 2015ൽ നെല്ലിക്കുത്ത് അങ്ങാടിയിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്ന ജയരാജന്റെ പ്രസംഗം മുടക്കാനാണ് ഷുഹൈബ് ശ്രമിച്ചത്. സിപിഐ എമ്മിന് പൊതുയോഗം നടത്താൻ അനുവദിക്കില്ലെന്ന് വെല്ലുവിളിച്ചാണ് അന്ന് കൊച്ചുവും സംഘവും ബൈക്കിൽ എത്തിയത്. കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിൽ ചാലുകുളം വാർഡ് പിടിച്ചെടുത്ത് എൽഡിഎഫ് പ്രവർത്തകർ വിജയാഹ്ലാദം നടത്തി. ആഹ്ലാദ പ്രകടനം തടസപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലും ഇയാൾക്കെതിരെ പരാതിയുണ്ട്.
2017 ല് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗം തടസപ്പെടുത്താനാണ് കൊച്ചുവും സംഘവും ശ്രമം നടത്തിയത്. പ്രവർത്തകർ ചേർന്ന് പ്രതിരോധിച്ചതോടെയാണ് ആക്രമി സംഘം മടങ്ങിയത്.
ഷുഹൈബും കൂട്ടുപ്രതികളും ലീഗ് നേതാക്കളുടെ കൂടെ നിൽക്കുന്ന ചിത്രങ്ങളും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും നിരന്തരം ഫേയ്സ്ബുക്കിലൂടെ ഇവർ പ്രചരിപ്പിച്ചിരിന്നു. കൊലപാതകത്തിന് ശേഷം ഷുഹൈബിന്റെയും കൂട്ടുപ്രതികളുടെയും ഇവരുടെ സുഹൃത്തുക്കളുടെയും ഫേയ്സ്ബുക്ക് പേജുകൾ അപ്രത്യക്ഷമായി. ഇയാൾ ചിത്രങ്ങൾ ടാഗ് ചെയ്തവരുടെ ഫേയ്സ്ബുക്ക് പ്രൊഫൈലുകളും കഴിഞ്ഞ ദിവസം മുതൽ അപ്രത്യക്ഷമാണ്.