തൃശൂർ > ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) സംസ്ഥാന പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവുമായ ടി നരേന്ദ്രൻ വ്യാഴം ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിക്കും. ഫെഡറൽ ബാങ്ക് സ്റ്റാഫ് യൂണിയൻ ജനറൽ സെക്രട്ടറി, ബിഇഎഫ്ഐ തൃശൂർ ജില്ലാ ട്രഷറർ, പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ പത്തുവർഷമായി ജോലി ചെയ്യുന്ന ഫെഡറൽ ബാങ്ക് തൃശൂർ ശക്തൻ ബ്രാഞ്ചിൽ നിന്നാണ് വിരമിക്കുന്നത്.
കാത്തലിക് സിറിയൻ ബാങ്ക് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റായും പ്രവർത്തിച്ചു. ബാങ്ക് ജീവനക്കാരെ സംഘടനപരമായും രാഷ്ട്രീയമായും പ്രബുദ്ധരാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ചു. തൃശൂർ ആസ്ഥാനമായ ഷെഡ്യൂൾ ബാങ്കുകളെ സംരക്ഷിക്കുന്നതിനും ബാങ്കുകളിലെ തൊഴിലാളിവിരുദ്ധ നയങ്ങളെ ചെറുക്കുന്നതിനുള്ള പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകി. ഫെഡറൽ ബാങ്കിന്റെ ഓഹരിവിൽപ്പനയ്ക്കെതിരെ ഇതരതൊഴിലാളി പ്രസ്ഥാനങ്ങളെ കൂട്ടിയിണക്കി വലിയ ബഹുജന പ്രക്ഷോഭത്തിന് വഴിയൊരുക്കിയതിലും ധനലക്ഷ്മി ബാങ്ക് ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ നടന്ന അനിശ്ചിതകാല പ്രക്ഷോഭത്തിലും നിർണായക പങ്ക് വഹിച്ചു.
41 വർഷത്തെ സേവനത്തിനുശേഷമാണ് 31 ന് ഔദ്യോഗിക ജീവിതത്തിൽനിന്ന് പടിയിറങ്ങുന്നത്. ഫെഡറൽ ബാങ്കിന്റെ പരവൂർ ശാഖയിൽ 1979 ൽ ആദ്യ നിയമനം. തൃശൂർ ആമ്പല്ലൂരിനടുത്ത് വട്ടണാത്ര സ്വദേശിയായ നരേന്ദ്രൻ ആലുവ ഹെഡ് ഓഫീസ്, മണ്ണംപേട്ട, ഒളരിക്കര ശാഖകളിൽ സേവനമനുഷ്ടിച്ചു. ക്ലർക്കായി ജോലിയിൽ പ്രവേശിച്ച നരേന്ദ്രൻ അതേ തസ്തികയിൽ നിന്നുതന്നെയാണ് വിരമിക്കുന്നത്. വിവിധ ഘട്ടങ്ങളിൽ ലഭിച്ച പ്രൊമോഷൻ സംഘടന പ്രവർത്തനത്തിനായി സ്വയം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. മികച്ച വാഗ്മിയും എഴുത്തുകാരനുമാണ്. ബാങ്കിങ് മേഖലയിൽ നിലനിൽക്കുന്ന ജനദ്രോഹ, തൊഴിലാളി വിരുദ്ധ നീക്കങ്ങളെ ജനമധ്യത്തിൽ തുറന്നുകാട്ടി, സമരമുഖങ്ങളിൽ വേറിട്ട ശബ്ദമായി.