തിരുവനന്തപുരം
ഒരു വർഷം ഒരു ലക്ഷം സംരംഭം പദ്ധതിയിലൂടെ മൂന്നുമുതൽ അഞ്ചു ലക്ഷംവരെ തൊഴിലവസരം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വ്യവസായവകുപ്പ് നടപ്പാക്കുന്ന ഒരു വർഷം ഒരു ലക്ഷം സംരംഭം പദ്ധതിയുടെ ഉദ്ഘാടനവും സംരംഭ വർഷം പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിക്കായി 120 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഏപ്രിലും മേയിലും എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ശിൽപ്പശാല നടത്തും. ആദ്യ ഘട്ടത്തിൽ സംരംഭത്തിന് താൽപ്പര്യമുള്ളവർക്ക് ബോധവൽക്കരണം നൽകും. തുടർന്ന് ലൈസൻസ്, വായ്പ, ധനസഹായം എന്നിവ ലഭ്യമാക്കാൻ മേള സംഘടിപ്പിക്കും. വ്യവസായവകുപ്പും തദ്ദേശവകുപ്പും പ്രവർത്തനം ഏകോപിപ്പിക്കും.
വ്യവസായമേഖലയിൽ നാലുവർഷംകൊണ്ട് 10,000 കോടിയുടെ നിക്ഷേപം സൃഷ്ടിക്കും. ഒരു വർഷത്തിനിടയിൽ 6380 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചു. 12,443 എംഎസ്എംഇകൾ ആരംഭിച്ചു. ഇതുവഴി 1292.62 കോടിയുടെ നിക്ഷേപവും 46,268 പേർക്ക് തൊഴിലും ലഭിച്ചു. യുവതലമുറയ്ക്ക് അവരുടെ അഭിരുചിക്കും ശേഷിക്കുമൊത്ത തൊഴിൽ നാട്ടിൽത്തന്നെ സൃഷ്ടിക്കാനാണ് ശ്രമം. ഇത്തരത്തിൽ 40 ലക്ഷം തൊഴിൽ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
നാടാകെ ഒറ്റക്കെട്ടായി ഏറ്റെടുക്കേണ്ട പദ്ധതിയാണ് ഇതെന്നും വ്യവസായവകുപ്പിന്റെ ഓഫീസുകളുടെ പ്രവർത്തനരീതിതന്നെ മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്നും അധ്യക്ഷനായ വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. സംരംഭകർക്കായി തയ്യാറാക്കിയ കൈപ്പുസ്തകത്തിന്റെ പ്രകാശനം മന്ത്രി എം വി ഗോവിന്ദനും ലോഗോ പ്രകാശനം മന്ത്രി വി എൻ വാസവനും നിർവഹിച്ചു. ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി കെ രാമചന്ദ്രൻ, മേയർ ആര്യ രാജേന്ദ്രൻ, വി കെ പ്രശാന്ത് എംഎൽഎ, ചീഫ് സെക്രട്ടറി വി പി ജോയ്, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല എന്നിവർ സംസാരിച്ചു.
സംരംഭകർക്ക് 2 ദിവസത്തിനുള്ളിൽ ലൈസൻസ്
ഒരു വർഷം ഒരു ലക്ഷം പദ്ധതിയുടെ ഭാഗമായി സംരംഭങ്ങൾ ആരംഭിക്കുന്നവർക്ക് രണ്ടു ദിവസത്തിനകം കെ സ്വിഫ്റ്റ് സമ്പ്രദായത്തിലൂടെ ലൈസൻസ് ലഭ്യമാക്കും. തദ്ദേശ സ്ഥാപനങ്ങളിലെ ശിൽപ്പശാലയിലൂടെ രണ്ടു ലക്ഷം പേർക്കെങ്കിലും ബോധവൽക്കരണം നടത്തും. പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനായി ഏപ്രിലോടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ബി-ടെക്ക്/എംബിഎ യോഗ്യതയുള്ള ഇന്റേണിനെ നിയമിക്കും. തദ്ദേശ സ്ഥാപനങ്ങളും പദ്ധതിയുടെ ഭാഗമായി വ്യവസായങ്ങൾ ആരംഭിക്കും. നിലവിൽ 180 തദ്ദേശ സ്ഥാപനം വ്യവസായങ്ങൾക്കായി സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ ഇവിടെത്തന്നെ ഉൽപ്പാദിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിക്കും. പദ്ധതിക്കായി പ്രത്യേക വായ്പ ആവിഷ്കരിക്കാൻ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായി ധാരണയിലെത്തിയിട്ടുണ്ട്.