ഇരിട്ടി
കേന്ദ്രനയത്തിനെതിരായ കർഷകരുടെ സമരവിജയം തുടർപ്രക്ഷോഭങ്ങൾക്കുള്ള ഊർജമാണെന്ന് അഖിലേന്ത്യാ കിസാൻസഭ പ്രസിഡന്റ് ഡോ. അശോക് ധാവ്ളെ പറഞ്ഞു. എല്ലാ വെല്ലുവിളികളെയും പ്രതിസന്ധികളെയും അതീജീവിച്ചാണ് ഒരുവർഷംനീണ്ട കർഷകസമരത്തിന്റെ വിജയം. ഇതിന്റെ തുടർച്ചയായ പോരാട്ടങ്ങളുടെ നാളുകളാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം പാർടി കോൺഗ്രസിന്റെ ഭാഗമായി ഇരിട്ടിയിൽ കാർഷിക സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
കർഷകസമരത്തെ തകർക്കാൻ എല്ലാവിധത്തിലുള്ള ശ്രമങ്ങളുമുണ്ടായി. സ്വതന്ത്ര ഇന്ത്യ കണ്ട സമാനതകളില്ലാത്ത സമരമായി അത് മാറി. അടിച്ചമർത്തലുകളും നുണക്കഥകളും കോർപ്പറേറ്റുകളുടെ സഹായത്തോടെയാണ് കേന്ദ്രസർക്കാർ നടത്തിയത്.
അതിനെയെല്ലാം അതിജീവിക്കാൻ സമരത്തിനായി. സമാധാനപരവും ജനാധിപത്യപരവുമായിരുന്നു സമരം. ആയിരക്കണക്കിന് സ്ത്രീകൾ വീടുപേക്ഷിച്ച് സമരകേന്ദ്രത്തിൽ ജീവിച്ചു. കോൺഗ്രസ് തുടങ്ങിവച്ച ജനദ്രോഹനയങ്ങൾ അതിതീവ്രമായി നടപ്പാക്കുന്ന ബിജെപിക്കെതിരായ നേർക്കുനേരെയാണ് പോരാടിയത്. അംബാനിയും അദാനിയുമടക്കമുള്ള കോർപ്പറേറ്റുകൾക്കെതിരായ പോരാട്ടം കൂടിയായിരുന്നു കർഷകസമരം. തൊഴിലാളികളും കർഷകരും അടങ്ങുന്ന മുന്നണിയെന്നത് യഥാർഥ്യമായി.
കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ രണ്ടുദിവസത്തെ ദേശീയ പണിമുടക്ക് കർഷക –- തൊളിലാളി ഐക്യത്തിന്റെ മറ്റൊരു ഏടാണ്. ഇത് മുന്നോട്ടുകൊണ്ടുപോകണം. ഭൂപരിഷ്കരണം കേരളത്തിലാണ് ആദ്യം നടപ്പാക്കിയത്. പിന്നീട് പശ്ചിമ ബംഗാളും ത്രിപുരയും നടപ്പാക്കി. കേരളത്തിൽ ഇതിന്റെ തുടർച്ച നടപ്പാക്കുന്നുവെന്നും അശോക് ധാവ്ളെ പറഞ്ഞു.
ബിനോയ് കുര്യൻ അധ്യക്ഷനായി. കേരള കോൺഗ്രസ്–-എം ചെയർമാൻ ജോസ് കെ മാണി എംപി, കിസാൻസഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി, എസ് കെ പ്രീജ, കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ വി സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞു.