തിരുവനന്തപുരം> വൈദ്യുതി ഭവനിൽ ശ്രീ എമ്മിന്റെ പ്രഭാഷണം സംഘടിപ്പിക്കുന്നതിനെതിരെ കെഎസ്ഇബിയിൽ പ്രതിഷേധം. പ്രഭാഷണം ബഹിഷ്കരിക്കുമെന്ന് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) പ്രഖ്യാപിച്ചു. പരിപാടിയുമായി സഹകരിക്കേണ്ടെന്ന് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷനും തീരുമാനിച്ചു.
നാനാജാതി മതസ്ഥരും മതവിശ്വാസമില്ലാത്തവരും ഉൾപ്പെടെയുള്ളവർ ജോലിചെയ്യുന്ന പൊതുസ്ഥാപനത്തിൽ ഏതെനാങ്കിലും പ്രത്യേക വിശ്വാസം മുറുകെപ്പിടിക്കുന്ന ആത്മീയാചാര്യന്മാരെ കൊണ്ടുവന്ന് പ്രഭാഷണം നടത്തിക്കുന്നത് ശരിയല്ലെന്ന് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. നേരത്തെയും പ്രത്യേക വിഭാഗത്തിൽപ്പെട്ട ആത്മീയ വ്യക്തിത്വത്തിന്റെ പ്രഭാഷണം വൈദ്യുതിഭവനിൽ നടത്താൻ ചിലർ തീരുമാനിച്ചിരുന്നു. അന്ന് സംഘടനകൾ എതിർപ്പ് അറിയിച്ചപ്പോൾ മാനേജ്മെന്റ് പരിപാടി ഉപേക്ഷിക്കാനുള്ള വിവേകം കാണിച്ചു.
ഈ സാഹചര്യത്തിൽ ഏകപക്ഷീയമായി പ്രഭാഷണം നടത്തിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നും മാനേജ്മേന്റിനോട് അസോസിയേഷൻ ആവശ്യപ്പെട്ടു. വ്യാഴം പകൽ 12ന് വൈദ്യുതി ഭവൻ ഓഡിറ്റോറിയത്തിലാണ് ശ്രീ എമ്മിന്റെ പ്രഭാഷണം. പൊതുജനങ്ങൾക്കും മാനേജ്മെന്റ് പ്രവേശനം അനുവദിച്ചിട്ടുണ്ട്.