ദമ്മാം> യമൻ പ്രശ്ന പരിഹാരത്തിന് ഗൾഫ് സഹകരണ കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്ന് ബുധനാഴ്ച റിയാദിലെ സഹകരണ കൗൺസിലിന്റെ ജനറൽ സെക്രട്ടേറിയറ്റ് ആസ്ഥാനത്ത് കൂടിയാലോചനകൾ ആരംഭിച്ചു. സമാധാന ചർച്ചകൾ ഏപ്രിൽ ഏഴ് വരെ തുടരുമെന്നാണ് കരുതുന്നത്. യമനിലെ പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരമാണ് ഏക പോംവഴി എന്ന് ഗൾഫിലെ അറബ് രാജ്യങ്ങൾക്കായുള്ള സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ നായിഫ് ഫലാഹ് മുബാറക് അൽ ഹജ്റഫ് പറഞ്ഞു.
പരിഹാരം യമനിനാണ്, അത് യമനികളുടെ കൈകളിൽ ആണെന്നും ഡോ നായിഫ് പറഞ്ഞു. ഇന്ന് റിയാദിലെ ഗൾഫ് സഹകരണ കൗൺസിലിന്റെ ആസ്ഥാനത്ത് യമൻ സമാധാന ചർച്ച ആരംഭിച്ചതിന് ശേഷം അദ്ദേഹം പ്രതികരിക്കുകയായിരുന്നു. യമൻ സമാധാന ചർച്ച രാജ്യത്തെ യുദ്ധത്തിൽ നിന്ന് സമാധാനത്തിലേക്ക് മാറ്റുന്നതിനുള്ള യാഥാർത്ഥ്യം കണ്ടെത്തുന്നതിനുള്ള ഒരു വേദിയാണെന്നും അദ്ദേഹം പറഞ്ഞു. യമൻ സമാധാനചർച്ചയിൽ വിജയം എന്നത് ഒരു ഓപ്ഷനല്ല; മറിച്ച്, ഇത് നേടിയെടുക്കേണ്ട നിർബ്ബന്ധ കാര്യമാകുന്നു , കൂടിയാലോചനകൾ യമനിൽ സമാധാനം കൈവരിക്കാനുള്ള അവസരത്തെ ഉണ്ടാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നും സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ പറഞ്ഞു.
അതോടൊപ്പം സമാധാന ചർച്ചകൾക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് സഖ്യസേന ഇന്ന് രാവിലെ മുതൽ സൈനിക നടപടികൾ നിർത്തിവെച്ചതായി പ്രഖ്യാപിച്ചു. സമാധാന ചർച്ചയുടെ വിജയം ഉറപ്പാക്കാനും റമദാൻ മാസത്തിൽ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനും യമനിനുള്ളിലെ സൈനിക പ്രവർത്തനങ്ങൾ നിർത്തുകയാണെന്ന് സഖ്യസേനാ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ-മാലികി പ്രഖ്യാപിച്ചു. സൈനിക പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ നായിഫ് അൽ ഹജ്റഫിന്റെ അഭ്യർത്ഥന പരിഗണിച്ചുകൊണ്ട് കൂടിയാണ് സൈനിക നടപടികൾ നിർത്തിവെച്ചിട്ടുള്ളത്.
യമൻ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള സമഗ്രവും സുസ്ഥിരവുമായ രാഷ്ട്രീയ പരിഹാരത്തിലെത്താനുള്ള ശ്രമങ്ങളാണ് ചർച്ചയിൽ ഉണ്ടാകുക. സമാധാനചർച്ചയിൽ യമനിലെ വിവിധ സംഘടനകൾ, പൗരപ്രമുഖർ, ദേശീയ അന്തർദേശീയ സംഘടനാ നേതാക്കൾ അടക്കം അഞ്ഞൂറോളം പേരാണ് പങ്കെടുക്കുന്നത്. ഈ ചർച്ചയിൽ യമൻ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അനുഗ്രഹീത മാസത്തിൽ പരസ്പര കൂടിയാലോചനകൾ വിജയകരമാക്കാനും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് യമനിനുള്ളിൽ വെടി നിർത്തലിന് ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറിയുടെ ആഹ്വാനപ്രകാരം സഖ്യസേന അനുകൂലമായി പ്രതികരിച്ചത് സമാധാനം സ്ഥാപിക്കുന്നതിൽ രാജ്യത്ത് സുരക്ഷിതത്വവും സുസ്ഥിരതയും കൈവരിക്കുന്നതിന് സഖ്യസേന ഏറ്റവും മുന്തിയ പരിഗണന നൽകുന്നു എന്നതിന്റെ തെളിവാണ് എന്ന് പ്രശസ്ത സൗദി രാഷ്ട്രീയ നിരീക്ഷകൻ മുബാറക് ആലു അതീ അഭിപ്രായപ്പെട്ടു.