കൊച്ചി> സംവിധായകൻ ബാലചന്ദ്രകുമാർ പുറത്തുവിട്ട ശബ്ദരേഖകളിൽ രണ്ടെണ്ണം മാത്രമാണ് തന്റേതെന്ന് നടൻ ദിലീപ്. കേസിലെ നിർണായക തെളിവായ മറ്റ് സംഭാഷണങ്ങൾ കേൾപ്പിച്ചപ്പോൾ ഇവ തന്റെ ശബ്ദത്തിന്റെ അനുകരണങ്ങളാണെന്നായിരുന്നു രണ്ടാംദിവസത്തെ ചോദ്യം ചെയ്യലിൽ ദിലീപിന്റെ മറുപടി.
ബാലചന്ദ്രകുമാറിനെ ഒപ്പമിരുത്തിയുള്ള ചോദ്യം ചെയ്യലിനോട് ദിലീപ് പൂർണമായി സഹകരിച്ചില്ല. അന്വേഷകസംഘം മുന്നോട്ടുവച്ച തെളിവുകളെല്ലാം നിഷേധിച്ചു. വാട്സാപ് ചാറ്റുകൾ നശിപ്പിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഫോൺ ഹാങ് ആകാതിരിക്കാൻ ചാറ്റുകൾ സ്വയം നശിപ്പിച്ചതാണ്. ദൃശ്യങ്ങൾ തന്റെ കൈവശമില്ലെന്നും ദിലീപ് ആവർത്തിച്ചു. മുംബൈയിലെ ലാബിൽ ഫോണിലെ വിവരങ്ങൾ നശിപ്പിക്കാൻ നൽകിയില്ലെന്നും സിനിമ മേഖലയിൽ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ദിലീപ് പറഞ്ഞതായാണ് വിവരം.
ശബ്ദരേഖ യഥാർഥമാണെന്നും കൂട്ടിച്ചേർക്കൽ നടത്തിയിട്ടില്ലെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ഞാൻ ഉന്നയിച്ച കാര്യങ്ങളിലൊന്നും ദിലീപിന് വ്യക്തമായ മറുപടിയുണ്ടായില്ല. പല ചോദ്യങ്ങൾക്കും ഓർമയില്ലെന്നായിരുന്നു മറുപടി. ദിലീപിന്റെയും കാവ്യ മാധവന്റെയും ശബ്ദം അനുകരിച്ചതാണെന്നാണ് ദിലീപ് പറയുന്നത്. എന്നാൽ മറ്റ് പ്രതികളായ ശരത്, സുരാജ്, അനൂപ് എന്നിവരുടെ ശബ്ദം എങ്ങനെയാണ് ഇതിൽ വന്നതെന്ന് ദിലീപ് വ്യക്തമാക്കണമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
‘വിഐപി’ ശരത്താണെന്ന് ക്രൈംബ്രാഞ്ച്
ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ വിഐപി ദിലീപിന്റെ സുഹൃത്ത് ശരത്താണെന്ന് ക്രൈംബ്രാഞ്ച്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ശരത്തിനെ ആറാംപ്രതിയാക്കി. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമായശേഷമെ അറസ്റ്റ് ചെയ്യുകയുള്ളുവെന്ന് എസ്പി മോഹനചന്ദ്രൻ പറഞ്ഞു. കോടതിയിൽ നടന്നത് പ്രാഥമിക വാദമാണെന്നും അദ്ദേഹം പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ പ്രതിപ്പട്ടികയിലുള്ളവരെയും സാക്ഷികളെയും കൂറുമാറിയവരിൽ ചിലരേയും വീണ്ടും ചോദ്യം ചെയ്യും. നടൻ ദിലീപിനെ രണ്ടുദിവസങ്ങളിലായി ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്.