തിരുവനന്തപുരം> കെഎസ്റ്റിസിയുടെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ പ്രഭുറാം മിൽസിന്റെ അധീനതയിലുള്ള 5.18 ഏക്കർ സ്ഥലം റൈസ് ടെക്നോളജി പാർക്ക് സ്ഥാപിക്കുന്നതിനായി കിൻഫ്രയ്ക്ക് നൽകുവാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
സ്വകാര്യ വ്യവസായ പാർക്കുകൾ / എസ്റ്റേറ്റുകൾ രൂപീകരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്കീം – 2022 ഭേദഗതികളോടു കൂടി അംഗീകരിച്ചു. ടെക്ജൻഷ്യയുടെ പക്കൽ നിന്നും വി കൺസോൾ എന്ന വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്ഫോം വാങ്ങുന്നതിന് അംഗീകാരം നൽകി.
കണ്ണൂർ ജില്ലയിൽ കണ്ണൂർ താലൂക്കിൽ കാഞ്ഞിരോട് വില്ലേജിൽ മുണ്ടേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വികസനത്തിന്റെ ഭാഗമായി സ്കൂളിനോട് ചേർന്നുള്ള 58.87 സെന്റ് റവന്യൂ ഭൂമി സ്കൂൾ ലൈബ്രറി കോംപ്ലക്സിന്റെ പ്രവർത്തനത്തിനും സ്കൂൾ ഓഡിറ്റോറിയം, വാഹന പാർക്കിംഗിനുമായി ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തിക്കൊണ്ട രണ്ട് സേവന വകുപ്പുകൾ തമ്മിലുള്ള ഭുമി കൈമാറ്റ വ്യവസ്ഥപ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പിന് ഉപയോഗാനുമതി നൽകി.
സംസ്ഥാന സാക്ഷരതാ മിഷനു കീഴിൽ ജോലി ചെയ്യുന്ന സാക്ഷരതാ പ്രേരക്മാരെ തദ്ദേശസ്വയംഭരണ വകുപ്പിലേക്ക് പുനർവിന്യസിക്കുന്നതിന് അംഗീകാരം നൽകി. കേരള വനംവകുപ്പിൽ വാഹനം വാങ്ങുന്നതിന് ധനകാര്യ വകുപ്പ് അംഗീകരിച്ച 10 വാഹനങ്ങളും CAMPA ഫണ്ടിൽ നിന്നും 10 വാഹനങ്ങളുമടക്കം 20 വാഹനങ്ങൾ നൽകാൻ മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
പദ്ധതി നിർവ്വഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് ജില്ലാ വികസന കമ്മീഷണർമാരുടെ ഓഫീസിൽ മൂന്ന് വർഷത്തെ കരാർ അടിസ്ഥാനത്തിൽ 9 എക്സിക്യൂട്ടീവ് അസിസ്റ്റന്റ് തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം അംഗീകാരം നൽകി.