ആലപ്പുഴ> നഗരത്തിൽ ആലപ്പുഴയുടെ ചരിത്രവും പൈതൃകവും പുനരാവിഷ്കരിക്കുന്ന തിരക്കിലാണ് പത്തോളം കലാകാരന്മാർ. ആലിശേരിയിലെ ഭജനമഠം -പുത്തൻപുര റോഡിന്റെ വശങ്ങളിലുള്ള മതിലുകളിലാണ് അജയൻ വി കാട്ടുങ്കലിന്റെ നേതൃത്വത്തിലുള്ള കലാകാരന്മാർ ചിത്രങ്ങൾ വരയ്ക്കുന്നത്. മതസൗഹാർദം വിളിച്ചോതുന്ന ചിത്രങ്ങളുമുണ്ട് ഇക്കൂട്ടത്തിൽ.
അഴകോടെ ആലപ്പുഴ പദ്ധതിയുടെ ഭാഗമായി നഗരസഭ പദ്ധതിയിൽപ്പെടുത്തി 20 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡും കാനയും നിർമിക്കുന്നതെന്ന് നഗരസഭാ ഉപാധ്യക്ഷൻ പി എസ് എം ഹുസൈൻ പറഞ്ഞു. റാണി തോടിന്റെ ഭാഗങ്ങൾ കല്ലുകെട്ടി ബലപ്പെടുത്തി. പൈതൃക വഴിവിളക്കുകളും സ്ഥാപിച്ചു. റോഡിന് ഇരുവശങ്ങളിലും റെഡ്പാം മരങ്ങളും ചെടികളും നടും. കനാൽതീരത്ത് യുജിന ചെടിയും വച്ചുപിടിപ്പിക്കും. അഴകോടെ ആലപ്പുഴ പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മറ്റ് വാർഡുകളിലും ഇത്തരം പദ്ധതികൾ നടപ്പാക്കുമെന്ന് അധ്യക്ഷ സൗമ്യരാജ് പറഞ്ഞു.