കൊച്ചി
രാജ്യവ്യാപക പ്രതിഷേധം ഉയരുമ്പോഴും കേന്ദ്രം ഇന്ധനവില തുടർച്ചയായ നാലാംദിവസവും വർധിപ്പിച്ചു. നാലരമാസത്തിനുശേഷം ഡീസൽ വില വീണ്ടും നൂറിലേക്ക് അടുക്കുന്നു. തിങ്കളാഴ്ച ഡീസലിന് 37 പൈസയും പെട്രോളിന് 33 പൈസയും കൂട്ടി. ഇതോടെ കൊച്ചിയിൽ ഡീസലിന് 95.74 രൂപയും പെട്രോളിന് 108.53 രൂപയുമായി. തിരുവനന്തപുരത്ത് ഡീസലിന് 97.74 രൂപയും പെട്രോളിന് 110.65 രൂപയും കോഴിക്കോട് 96.05, 108.83 രൂപയുമാണ് ഈടാക്കിയത്.
കഴിഞ്ഞവർഷം മാർച്ച് 28ന് 87.14 രൂപയായിരുന്നു ഡീസൽ വില. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകാരണം കഴിഞ്ഞ നവംബർ രണ്ടുമുതൽ കേന്ദ്രം വിലവർധന നിർത്തിവച്ചു. അന്ന് ഡീസലിന് 105.85 രൂപയായിരുന്നു വില. തെരഞ്ഞെടുപ്പുനേട്ടത്തിനായി നവംബർ നാലിന് എക്സൈസ് തീരുവ നാമമാത്രമായി കുറച്ചു. അത് ഇപ്പോൾ കൂട്ടുകയാണ്. ഈ മാസം 22ന് വില വർധിപ്പിക്കാൻ തുടങ്ങിയശേഷം ആറുതവണ വില കൂട്ടി. ഏഴ് ദിവസത്തിനുള്ളിൽ പെട്രോളിന് 4.38 രൂപയും ഡീസലിന് 4.34 രൂപയുമാണ് കൂട്ടി. രാജസ്ഥാനിലെ ശ്രീഗംഗാ നഗറിൽ തിങ്കളാഴ്ച ഡീസലിന് 99.31 രൂപയും പെട്രോളിന് 116.33 രൂപയുമായി. മുംബൈയിൽ ഡീസൽ 98.50 രൂപയിലേക്കും പെട്രോൾ 114.19 രൂപയിലേക്കും ഉയർന്നു.