കൊച്ചി
നടൻ ദിലീപിനെ അന്വേഷകസംഘം തിങ്കളാഴ്ച ചോദ്യം ചെയ്യുന്നത് ശക്തമായ ഡിജിറ്റൽ തെളിവുകളുമായി. എട്ട് മൊബൈൽ ഫോണുകളുടെ ഫോറൻസിക് റിപ്പോർട്ടുകളാണ് നിർണായക തെളിവാകുക. ദിലീപിന്റെ മൊബൈൽ ഫോണിൽനിന്ന് നീക്കിയ വാട്സാപ് ചാറ്റുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ക്രൈംബ്രാഞ്ച് വീണ്ടെടുത്തിട്ടുണ്ട്. സിനിമാ മേഖലയിൽനിന്നുള്ളവരടക്കം 12 പേരുടെ വാട്സാപ് ചാറ്റുകൾ ദിലീപിന്റെ ഫോണിൽനിന്ന് നീക്കം ചെയ്തതായി കണ്ടെത്തിയിരുന്നു.
നടിയെ ആക്രമിച്ച സംഭവം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിലാണ് ദിലീപിന്റേത് ഉൾപ്പെടെ എട്ട് മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയത്.
ആറ് മൊബൈൽ ഫോണുകളാണ് ദിലീപ് ഹൈക്കോടതിയിൽ ഹാജരാക്കിയത്. ഇതിൽ രണ്ടെണ്ണം മുംബൈയിലെ സ്വകാര്യ ലാബിലേക്ക് തെളിവുകൾ നശിപ്പിക്കാൻ അയച്ചവയാണ്. ഇവ കൂടാതെ രണ്ടെണ്ണംകൂടി ദിലീപ് മുംബൈയിലേക്ക് അയച്ചിരുന്നു. ഇവ പക്ഷേ കോടതിയിൽ ഹാജരാക്കിയില്ല. എന്നാൽ, മൊബൈൽ സേവനദാതാക്കളുമായി ബന്ധപ്പെട്ട് ഈ ഫോണുകളുടെ മിറർ ഇമേജ് അന്വേഷകസംഘം ശേഖരിച്ചു. ഇതിൽ നിർണായക തെളിവുകളുണ്ടെന്നാണ് സൂചന. എട്ടു ഫോണുകളുടെയും ഫോറൻസിക് റിപ്പോർട്ടുകൾ എട്ട് ഫോൾഡറുകളിലായാണ് തിരുവനന്തപുരത്തെ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽനിന്ന് ലഭിച്ചത്.
ഫോണിലെ വിവരങ്ങൾ നശിപ്പിക്കാൻ സഹായിച്ചതായി ക്രൈംബ്രാഞ്ച് സംശയിക്കുന്ന സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ ഐ മാക്ക് കംപ്യൂട്ടറിന്റെ ഫോറൻസിക് പരിശോധനാഫലം ലഭിക്കാനുണ്ട്. ഇതും തുടരന്വേഷണത്തിൽ നിർണായകമാകും. ജനുവരി മുപ്പത്തൊന്നിനാണ് ദിലീപിന്റേതുൾപ്പെടെ ഫോണുകൾ ഹൈക്കോടതിയിൽ ഹാജരാക്കിയത്. ഇതിനുതൊട്ടുമുമ്പ് സായ് ശങ്കർ 29, 30 തീയതികളിൽ കൊച്ചിയിലെ ആഡംബര ഹോട്ടലിൽ തങ്ങി ഫോൺവിവരങ്ങൾ മാറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തി. ഐ മാക്കും ദിലീപിന്റെ ഫോണും ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ളയുടെ ഓഫീസിലെ വൈഫൈയുമായി ബന്ധിപ്പിച്ചതായി ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞിരുന്നു.