ഇസ്ലാമാബാദ്> അവിശ്വാസ പ്രമേയവും രാജി സംബന്ധിച്ച അഭ്യൂഹങ്ങളും സൃഷ്ടിച്ച രാഷ്ട്രീയ പ്രതിസന്ധിക്കിടെ, ഇസ്ലാമാബാദിൽ ഭരണകക്ഷിയായ പാകിസ്ഥാൻ തെഹ്രീക് ഇ ഇസ്ലാമിയുടെ വമ്പൻ ശക്തിപ്രകടനം. ഞായറാഴ്ച വൈകിട്ട് സംഘടിപ്പിച്ച വൻ റാലിയെ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അഭിസംബോധന ചെയ്തു.
30 വർഷമായി രാജ്യത്തെ മൂന്ന് എലികൾ കരണ്ടുതിന്നുകയാണെന്ന് ഇമ്രാൻ ആരോപിച്ചു. പാകിസ്ഥാൻ പീപ്പിൾസ് പാർടി, പാകിസ്ഥാൻ മുസ്ലിം ലീഗ് (നവാസ്), ജാമിയത് ഉലെമ ഇ ഇസ്ലാം എന്നീ പ്രധാന പ്രതിപക്ഷ പാർടികൾക്കെതിരെ പ്രസംഗത്തിലുടനീളം ഇമ്രാൻ ആഞ്ഞടിച്ചു. അഴിമതിക്കേസിൽ കുടുങ്ങിയ രാഷ്ട്രീയ നേതാക്കളെ ഈ പാർടികൾ സംരക്ഷിക്കുകയാണെന്നും പറഞ്ഞു. സർക്കാരിനെ താഴെ ഇറക്കാൻ ഭരണകക്ഷി എംപിമാരെ വിലയ്ക്കെടുക്കാൻ ശ്രമിക്കുകയാണ് പ്രതിപക്ഷമെന്നും ഇമ്രാൻ ആരോപിച്ചു.