കോഴിക്കോട്> തെരുവില് ജീവിക്കുന്നവരെ പുനരധിവസിപ്പിക്കാന് കോഴിക്കോട് കലക്ടര്ക്ക് കീഴില് പ്രവര്ത്തിക്കുന്ന ഉദയം പദ്ധതിക്ക് കൈത്താങ്ങായി വീണ്ടും വിപിഎസ് ലേക്ഷോര് ഹോസ്പിറ്റല്. പദ്ധതിയുടെ രണ്ടാം വാര്ഷികത്തിലാണ് 6.5 ലക്ഷം രൂപയുടെ ധനസഹായം കൈമാറിയത്. ഉദയം ഹോമിലെ അന്തേവാസികള്ക്കായുള്ള നിത്യോപയോഗ സാധനങ്ങള് വാങ്ങുന്നതിനും അവര്ക്ക് ആവശ്യമായുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങള് ഒരുക്കുന്നതിനുമാണ് ഈ തുക ഉപയോഗിക്കുക.
വെള്ളയിലെ ഉദയം ഹോമില് നടന്ന പരിപാടിയില് വിപിഎസ് ലേക്ഷോര് മെഡിക്കല് സെന്ററിലെ മെഡിക്കല് അഡ്മിനിസ്ട്രേറ്റര് ഡോ. ടി പി മെഹ്റൂഫ് രാജ്, മാര്ക്കറ്റിംഗ് ആന്ഡ് ഓപ്പറേഷന്സ് ജനറല് മാനേജര് രമേഷ് പുല്ലാട്ട് എന്നിവര് ചേര്ന്ന് ധനസഹായം മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്കോവില് എന്നിവര്ക്ക് കൈമാറി. മുന്പ് ജില്ലയിലെ മൂന്ന് അഭയ കേന്ദ്രങ്ങളിലും സൗജന്യ വാക്സിനേഷന് ക്യാംപും വിപിഎസ് ലേക്ഷോര് സംഘടിപ്പിച്ചിരുന്നു. ജില്ലാ കലക്ടര് ഡോ എന് തേജ് ലോഹിത് റെഡ്ഡി ഐഎഎസ്, കോര്പ്പറേഷന് മേയര് ബീന ഫിലിപ്പ്, എംപി എം കെ രാഘവന്, എംഎല്എ തോട്ടത്തില് രവീന്ദ്രന് എന്നിവരും ചടങ്ങില് പങ്കെടുത്തു.