കൊച്ചി> ദിവസം കുറഞ്ഞത് ഒമ്പതുമണിക്കൂറെങ്കിലും ജോലിയെടുക്കേണ്ടി വരുന്ന ഐടി പ്രൊഫഷണലിന് ഫിറ്റ്നസൊക്കെ ശ്രദ്ധിക്കാന് സമയം കിട്ടുമോ എന്ന് ചോദിക്കുന്നവരോട് ഇ എസ് സജിതിന് ഒന്നേ പറയാനുള്ളൂ– ഇച്ഛാശക്തിയുണ്ടെങ്കില് ഐടി പ്രൊഫഷണലിന് ഫിറ്റ്നസില് ശ്രദ്ധിക്കുക മാത്രമല്ല, ചാമ്പ്യനുമാകാം. ഇത് വെറും പറച്ചിലല്ലെന്ന് മിസ്റ്റര് എറണാകുളം, മിസ്റ്റര് കേരള പട്ടം സ്വന്തമാക്കിയാണ് സജിത് തെളിയിച്ചത്.
12 വര്ഷം മുമ്പാണ് സജിത് തന്റെ ശരീരം ഫിറ്റാക്കാന് ജിമ്മില് പോയിതുടങ്ങിയത്. ആഗ്രഹിച്ച രൂപം ശരീരത്തിന് വന്നതോടെ ആത്മവിശ്വാസം കൂടി. ഇതോടെയാണ് ഫിറ്റ്നസ് മേഖലയിലേക്ക് കടന്നാലോയെന്ന ചിന്ത സജിത്തിലെത്തിയത്.
ബാംഗ്ലൂരിലെ സോഫ്റ്റ് വെയര് ഫേമില് ഡിസൈനറായി ഒമ്പതുമണിക്കൂര് ജോലി… വീട്ടുകാര്യങ്ങള് നോക്കണം… കുടുംബവുമായി സമയം ചെലവഴിക്കണം… ഉറങ്ങണം… ഇതിനിടയില് ഫിറ്റ്നസിനുള്ള സമയം കണ്ടെത്തലായിരുന്നു സജിതിന്റെ ഏറ്റവും വലിയ വെല്ലുവിളി. ഫിറ്റ്നസ് മേഖലയില് നിലയുറപ്പിക്കണമെന്ന ഇച്ഛാശക്തിവന്നതോടെ കൃത്യമായി ടൈംടേബിളുണ്ടാക്കി ഫിറ്റ്നസിനായി മൂന്ന് മണിക്കൂര് സമയം കണ്ടെത്തി പരിശീലിച്ച് തുടങ്ങി. തുടക്കക്കാരനെന്ന നിലയില് വിവിധ മത്സരങ്ങളില് പങ്കെടുത്തു. ഓരോ മത്സരം കഴിയുമ്പോഴും സജിത് തന്നെ കൂടുതല് മെച്ചപ്പെടുത്തി.
ഫിറ്റ്നസ് മേഖലയില് ചുവടുറപ്പിക്കുമ്പോഴും ജോലി ഒരു വിധത്തിലും തടസ്സപ്പെടരുതെന്ന് നിര്ബന്ധമുണ്ടായിരുന്നു. ജോലി തടസപ്പെട്ടില്ലെന്ന് മാത്രമല്ല, ഫിറ്റ്നസ് മേഖലയില് കൂടുതല് നേട്ടങ്ങളും സജിത് സ്വന്തമാക്കി. ഐപിഎ/ എന്പിസി ഈ വര്ഷം നടത്തിയ ക്ലാസിക്ക് ഫിസിക്ക് ബോഡി ബില്ഡിങ്ങില് മിസ്റ്റര് കേരള ചാമ്പ്യന്ഷിപ്പ് സജിത് കരസ്ഥമാക്കി. മിസ്റ്റര് എറണാകുളവും സജിത് ആയിരുന്നു.ഇപ്പോള് ദേശീയ തല മത്സരത്തിനുള്ള തയ്യാറെടുപ്പിലാണിദ്ദേഹം. ഫിറ്റ്നസ് ട്രെയിനര് കൂടിയാണ് സജിത് .
ഓണ്ലൈനായും നേരിട്ടും നിരവധി പേരെയാണിദ്ദേഹം പരിശീലിപ്പിക്കുന്നത്. ഭാര്യ ഐശ്വര്യയുടെയും മകള് ദക്ഷ്ണയുടെയും പിന്തുണയോടെയാണ് സജിത്തിന്റെ നേട്ടങ്ങള്.