ക്രൈസ്റ്റ്ചർച്ച്> വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ സെമി കാണാതെ പുറത്ത്. ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ പരാജയപ്പെട്ടതോടെ വെസ്റ്റ് ഇൻഡീസ് സെമി ഫൈനൽ യോഗ്യത നേടി.
ഇന്ത്യ മുന്നോട്ടുവച്ച 275 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് ബാക്കി നിൽക്കെ ദക്ഷിണാഫ്രിക മറികടന്നു. അവസാന ഓവറിലെ അവസാന പന്തിലാണ് ദക്ഷിണാഫ്രിക്ക വിജയറൺ കരസ്ഥമാക്കിയത്. 80 റൺസെടുത്ത ലോറ വോൾവാർട്ട് ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ. മിന്യോൺ ഡുപ്രീ 52 റൺസെടുത്ത് പുറത്താവാതെ നിന്നു.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ നിശ്ചിത ഓവറിൽ 274 റൺസെടുത്തു. സ്മൃതി മന്ദാന, ഷഫലി വർമ, മിതാലി എന്നിവർ ഇന്ത്യക്കായി അർധ ശതകം കണ്ടെത്തി. 84 പന്തിൽ നിന്ന് 71 റൺസ് ആണ് സ്മൃതി മന്ദാനയുടെ ബാറ്റിൽ നിന്ന് വന്നത്. 46 പന്തിൽ നിന്ന് ഷഫലി 53 റൺസ് എടുത്തു. ഓപ്പണിങ്ങിൽ ഇവർ 91 റൺസ് കണ്ടെത്തി.
ആദ്യ സെമിയിൽ ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയ അവസാന സ്ഥാനത്തുള്ള വെസ്റ്റ് ഇൻഡീസിനെ നേരിടും. ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലാണ് രണ്ടാം സെമി.