തിരുവനന്തപുരം > കൊച്ചി റിഫൈനറിയിലെ തൊഴിലാളികളുടെ പണിമുടക്ക് നിരോധിച്ച ഹൈക്കോടി വിധി ഏതു നിയമപ്രകാരമെന്ന് മനസ്സിലാകുന്നില്ലെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. പണിയെടുക്കുന്നതുപോലെ പണിമുടക്കാനും തൊഴിലാളിക്ക് അവകാശമുണ്ട്. നിയമപ്രകാരം രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന തൊഴിലാളി സംഘടനയ്ക്ക് 14 ദിവസം മുമ്പ് നോട്ടീസ് നൽകി പണുമുടക്കാൻ നിയമം അനുവദിക്കുന്നുണ്ട്.
ഭരണഘടന പൗരന് നൽകുന്ന ജനാധിപത്യാവകാശങ്ങളിൽപ്പെടുന്നതാണ് ഭരണകൂടത്തിന്റെ നയങ്ങളിൽ പ്രതിഷേധിക്കാനുള്ള അവകാശവും. അതാണ് തൊഴിലാളികൾ വിനിയോഗിക്കുന്നത്. രാജ്യത്ത് തൊഴിലാളികൾ അധ്വാനിച്ചുണ്ടാക്കിയ സമ്പത്ത് വിറ്റുതുലയ്ക്കുന്നതിനെക്കുറിച്ച് കോടതി ഒരക്ഷരം മിണ്ടിയിട്ടില്ല. രാജ്യത്തിന്റെ സമ്പത്ത് തൂക്കിവിൽക്കുന്ന നയത്തെയാണ് കോടതി എതിർക്കേണ്ടിയിരുന്നത്. അതിനുപകരം, രാജ്യത്തിന്റെ സമ്പത്ത് സംരക്ഷിക്കണം, ജനങ്ങളുടെ ജനാധിപത്യാവകാശങ്ങളും തൊഴിലവകാശങ്ങളും സംരക്ഷിക്കണം എന്നുപറയുന്ന തൊഴിലാളികൾക്കെതിരെ നിലപാട് സ്വീകരിക്കുന്നത് ജനാധിപത്യ വ്യവസ്ഥയിൽ ഭൂഷണമല്ല.
തൊഴിലാളിക്ക് അവന്റെ വികാരം പ്രകടിപ്പിക്കാനും പ്രതിഷേധങ്ങളും പണിമുടക്കും നടത്താനുമുള്ള അവകാശം മാത്രമാണ് റിഫൈനറി തൊഴിലാളികളും ഉപയോഗിക്കുന്നത്. ബിപിസിഎൽ സ്വകാര്യ മുതലാളിമാർക്ക് വിൽക്കുന്നതിനെ കോടതി എതിർക്കുന്നില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.