ശ്രീകണ്ഠപുരം> റോയിട്ടേഴ്സ് സബ് എഡിറ്ററുമായ കാസര്കോട് വിദ്യാനഗര് സ്വദേശിനി എന് ശ്രുതി (36) യുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം ഭർത്താവ് അനീഷിന്റെ നാടായ ചുഴലിയിലേക്ക്. ശ്രുതിയുടെ ആത്മഹത്യ ഭര്തൃപീഡനത്തെത്തുടര്ന്നാണെന്ന് വീട്ടുകാര് ആരോപിച്ചിരുന്നു. അത് ശരിവയ്ക്കുന്നതാണ് ബംഗളൂരു വൈറ്റ്ഫീല്ഡ് പൊലീസ് തയ്യാറാക്കിയ എഫ്ഐആര്. ശ്രുതിയെ അനീഷ് ശാരീരികമായും മാനസികവുമായി നിരന്തരം പീഡിപ്പിച്ചുവെന്ന് എഫ്ഐആറിലുണ്ട്. യുക്തിവാദി നേതാവും എഴുത്തുകാരനും റിട്ട. അധ്യാപകനുമായ നാരായണന് പേരിയയുടെ മകളാണ് ശ്രുതി.
ശ്രുതിയുടെ ശരീരത്തില് മര്ദനമേറ്റ പാടുകളുണ്ട്. പല്ലുകൊണ്ട് കടിയേറ്റതിന്റെ മുറിവുമുണ്ടെന്ന് എഫ്ഐആറില് രേഖപ്പെടുത്തിയിട്ടുണ്ട്. ഫ്ളാറ്റിനകത്തെ ശ്രുതിയുടെ ചലനങ്ങള് നിരീക്ഷിക്കാന് അനീഷ് സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നു. എല്ലാ ദിവസവും സിസിടിവി ദൃശ്യം അനീഷ് പരിശോധിക്കാറുണ്ടെന്നും ശ്രുതിയുടെ സംഭാഷണം റെക്കോഡുചെയ്യുന്ന ഉപകരണം മുറിയില് സ്ഥാപിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്. അനീഷ് നിരന്തരം വഴക്കുണ്ടാക്കാറുണ്ടെന്ന് അയല്വാസികൾ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
റോയിട്ടേഴ്സിൽ ഒമ്പത് വര്ഷമായി ജോലിചെയ്യുന്ന ശ്രുതി അതിനുമുമ്പ് ഇംഗ്ലണ്ടിലും പത്രപ്രവര്ത്തകയായി ജോലിചെയ്തിരുന്നു. നാല് വര്ഷം മുമ്പായിരുന്നു വിവാഹം. വിവാഹശേഷം ബംഗളൂരു നല്ലൂറഹള്ളിയിലെ മെഫെയര് അപ്പാര്ട്ടുമെന്റിലായിരുന്നു ഭര്ത്താവിനൊപ്പം താമസിച്ചുവന്നത്. 20നാണ് ശ്രുതി ഫ്ളാറ്റില് തൂങ്ങിമരിച്ചത്. അതിന് രണ്ട് ദിവസംമുമ്പ് അനീഷ് നാട്ടിലേക്ക് മടങ്ങിയിരുന്നു. അനീഷ് എവിടെയുണ്ടെന്നറിയാന് ബംഗളൂരു പൊലീസ് ചുഴലിയിലെ വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോൾ അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. അടുത്ത ദിവസം ബംഗളൂരു പൊലീസ് ചുഴലിയില് എത്തുമെന്നാണ് വിവരം.