തിരുവനന്തപുരം
സിൽവർ ലൈനിനെതിരെ പലയിടത്തും പ്രതിഷേധവും അക്രമസമരങ്ങളും നടത്തുമ്പോഴും എതിർക്കുന്നത് എന്തിനെന്ന് ഉറപ്പില്ലാതെ പ്രതിപക്ഷ നേതാക്കളും പാർടികളും. പലരും പലകാരണങ്ങൾ പറയുമ്പോൾ സമരം എന്തിനാണെന്ന അങ്കലാപ്പിലാണ് അണികൾ.
സമരം നയിക്കുന്നുവെന്ന് സ്വയം നടിക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തകിടം മറിയുന്നു. നിയമസഭയിലും പുറത്തും ഉന്നയിച്ച ആരോപണങ്ങൾക്കെല്ലാം മുഖ്യമന്ത്രിയും കെ റെയിലും തെളിവുകൾ സഹിതം മറുപടി നൽകി. ‘തങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തൂ’വെന്ന മുറവിളിക്കും അധികം ആയുസ്സുണ്ടായില്ല. എംഎൽഎമാരെ നിയമസഭയിൽ വിളിച്ച് പദ്ധതി വിശദീകരിക്കാനും സംശയങ്ങൾ ദൂരീകരിക്കാനും കെ റെയിൽ പ്രത്യേക ‘സെഷൻ ’ വച്ചു, യുഡിഎഫ് ബഹിഷ്കരിച്ചു.
‘ലൂസ് മണ്ണ് സിദ്ധാന്തം ’ വൈറലായതോടെ പ്രതിപക്ഷ നേതാവ് അത് വിട്ടു. ഡാറ്റ കൃത്രിമവും ക്ലച്ച് പിടിച്ചില്ല. പശ്ചിമഘട്ടം മൊത്തം നശിക്കുമെന്നായി, ജനം ഗൗനിച്ചില്ല. 64,000 കോടി എന്ന കണക്ക് സർക്കാരിന് എവിടെന്ന് കിട്ടി എന്നായി കഴിഞ്ഞ ദിവസത്തെ ചോദ്യം. രണ്ടര ലക്ഷം കോടി ചെലവാകും എന്ന് സ്വയം തട്ടിവിട്ടതിന്റെ അടിസ്ഥാനത്തെക്കുറിച്ച് മിണ്ടാട്ടമില്ല. സുധാകരന്റെ ‘വിമാനക്കളി ’ കോൺഗ്രസുകാർതന്നെ ചിരിച്ചുതള്ളി. മന്ത്രി സജി ചെറിയാനെതിരെ ‘അലൈൻമെന്റ് തിയറി ’ കൊണ്ടുവന്ന തിരുവഞ്ചൂർ പുലിവാൽപിടിച്ചു. വന്ദേഭാരത് ട്രെയിൻ മതിയെന്നായിരുന്നു കെ സി വേണുഗോപാലിന്റെ രാജ്യസഭയിലെ വാദം.
മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ സന്ദർശിച്ചതിലൂടെ കാര്യങ്ങൾ പദ്ധതിക്ക് അനുകൂലമായതും യുഡിഎഫിന്റെ വിറളി കൂട്ടി. കെ മുരളീധരൻ അടക്കമുള്ളവർ മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞു. ഡൽഹിയിൽ ആകെ ബിജെപി–-ഇടത് ഏജന്റുമാരാണെന്ന് പറഞ്ഞാണ് സതീശൻ തടിതപ്പിയത്. ഇത്രയൊക്കെയായിട്ടും യുഡിഎഫ് വിചാരിച്ചതുപോലെ സമരം ചൂടുപിടിപ്പിക്കാൻ കഴിഞ്ഞില്ല എന്നത് പദ്ധതിക്കുള്ള ജനപിന്തുണ വെളിപ്പെടുത്തുന്നു.