പോർട്ടോ
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും പോർച്ചുഗലിനും ഖത്തർ സ്വപ്നംകണ്ട് തുടങ്ങാം. ഒരു കടമ്പകൂടി കടന്നാൽ പോർച്ചുഗലിന് ലോകകപ്പ് യോഗ്യത കിട്ടും. 29ന് രാത്രി മാസിഡോണിയയെ തോൽപ്പിച്ചാൽ മുപ്പത്തേഴുകാരനായ റൊണാൾഡോയ്ക്ക് മറ്റൊരു ലോകകപ്പ് വേദിയിൽക്കൂടി നിറയാം.
പ്ലേ ഓഫ് സെമിയിൽ തുർക്കിയെ 3–1ന് തോൽപ്പിച്ചായിരുന്നു പോർച്ചുഗൽ മുന്നേറിയത്. ഒട്ടാവിയോ, ദ്യേഗോ ജോട്ട, മതിയോ ന്യൂനെസ് എന്നിവർ ഗോളടിച്ചു. തുർക്കിക്കായി ബുറാക് യിൽമസ് ഒരു ഗോൾ മടക്കി. ഒപ്പമെത്താൻ തുർക്കിക്ക് അവസരം കിട്ടിയതായിരുന്നു. എന്നാൽ, യിൽമസിന്റെ പെനൽറ്റി കിക്ക് ക്രോസ്ബാറിൽ തട്ടിത്തെറിച്ചു. പോർച്ചുഗലിന്റെ മൂന്നാംഗോൾ അവസാനനിമിഷമായിരുന്നു.
കഴിഞ്ഞ നവംബറിൽ സെർബിയയോട് തോറ്റതോടെയാണ് പോർച്ചുഗൽ പ്ലേ ഓഫിലേക്ക് വീണത്. തുർക്കി വെല്ലുവിളി ഉയർത്തിയെങ്കിലും ഫെർണാണ്ടോ സാന്റോസിന്റെ സംഘം അതിജീവിച്ചു. റൊണാൾഡോയ്ക്ക് മത്സരത്തിൽ സ്വാധീനമുണ്ടാക്കാനായില്ല. യുവതാരങ്ങളായിരുന്നു ജീവൻ നൽകിയത്.
റൂബെൻ ഡയസും റെനാറ്റോ സാഞ്ചെസും ജോയോ കാൻസെലോയും ഉൾപ്പെടെ ആറ് പ്രധാന കളിക്കാരില്ലാതെയാണ് പോർച്ചുഗൽ ഇറങ്ങിയത്. 15–-ാംമിനിറ്റിൽത്തന്നെ ഒട്ടാവിയോ ഗോൾ നേടിയതോടെ പോർച്ചുഗൽ ആത്മവിശ്വാസത്തിലായി. ഇടവേളയ്ക്ക് തൊട്ടുമുമ്പ് ജോട്ടയും ലക്ഷ്യം കണ്ടതോടെ കാര്യങ്ങൾ അനുകൂലമായി.
ഗാരെത് ബെയ്ലിന്റെ ഇരട്ടഗോളിൽ ഓസ്ട്രിയയെ 2–1ന് തോൽപ്പിച്ച് വെയ്ൽസും ചെക്ക് റിപ്പബ്ലിക്കിനെ അധികസമയക്കളിയിൽ 1–0ന് മറികടന്ന് സ്വീഡനും മുന്നേറി. 29ന് സ്വീഡൻ പോളണ്ടിനെ നേരിടും. ഉക്രയ്ൻ–സ്കോട്-ലൻഡ് മത്സരത്തിലെ ജേതാക്കളുമായി വെയ്ൽസ് ഏറ്റുമുട്ടും.