ന്യൂഡൽഹി
ഭിന്നശേഷിക്കാർക്ക് കേന്ദ്ര പൊലീസ് സേനകളുടെ ഭാഗമാകാൻ വഴിതുറന്ന് സുപ്രീംകോടതി. സിവിൽ സർവീസ് മെയിൻസ് പരീക്ഷ ജയിച്ച ഭിന്നശേഷിക്കാർക്ക് ഐപിഎസ്, റെയിൽവേ സുരക്ഷാ സേന, കേന്ദ്രഭരണ പ്രദേശങ്ങളിലെ പൊലീസ് സേന എന്നിവയിലേക്ക് അപേക്ഷിക്കാൻ സുപ്രീംകോടതി ഇടക്കാല ഉത്തരവിൽ അനുമതി നൽകി. ഭിന്നശേഷിക്കാരെ ഈ സേനകളിൽനിന്ന് വിലക്കുന്നത് ചോദ്യം ചെയ്ത് നാഷണൽ പ്ലാറ്റ്ഫോം ഫോർ ദ റൈറ്റ്സ് ഓഫ് ദ ഡിസേബിൾഡ് (എൻപിആർഡി) സമർപ്പിച്ച ഹർജിയിലാണ് വിധി.
ഭിന്നശേഷിക്കാർക്കുള്ള സർവീസ് മുൻഗണന രേഖപ്പെടുത്തി യുപിഎസ്സിക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി വ്യാഴാഴ്ചയായിരുന്നു. ഐപിഎസ് അടക്കം സേനകളിൽ നിലവില്‍ ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാനാകുമായിരുന്നില്ല. എന്നാൽ, ഈ വിഭാഗത്തില്പെട്ടവര്ക്കുകൂടി അപേക്ഷനല്‍കാനായി കോടതി അവസാന തീയതി ഏപ്രിൽ ഒന്നുവരെ നീട്ടി. ഈ അപേക്ഷകള്‍ പരിഗണിക്കുന്നത് കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിട്ടാകും. ഏപ്രിൽ അഞ്ചിനാണ് വ്യക്തിത്വ പരീക്ഷ.
18ന് കേസ് വീണ്ടും പരിഗണിക്കും. ഇപ്പോള്‍ തുടരുന്ന പ്രവേശന നടപടിക്ക് ഇടക്കാല ഉത്തരവ് തടസ്സമല്ലെന്നും ജസ്റ്റിസ് ഖാൻവിൽക്കർ, അഭയ് എസ് ഓക്ക എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.