കൊച്ചി> സിൽവർലൈൻ പദ്ധതിക്കെതിരെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കുന്നവരെ തുറന്നുകാട്ടാൻ സിൽവർ ലൈൻ കടന്നുപോകുന്ന 500 കേന്ദ്രങ്ങളിൽ ജനസഭ ചേരുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് പറഞ്ഞു. കെ–റെയിൽ വരണം കേരളം വളരണം എന്ന മുദ്രാവാക്യമുയർത്തി ജില്ലാ കമ്മിറ്റി ചോറ്റാനിക്കരയിൽ സംഘടിപ്പിച്ച ജനസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധികാരം പിടിക്കാൻ സമരക്കാർ സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെ കേരള വിരുദ്ധമുന്നണി രൂപീകരിച്ചു. കെ–റെയിലിന്റെ പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ സമര കോലാഹലങ്ങൾ സൃഷ്ടിക്കുന്ന കോൺഗ്രസ്, ബിജെപി വികസനവിരുദ്ധ നിലപാടുകൾക്കെതിരെ ശക്തമായ പ്രചാരണം സംഘടിപ്പിക്കുമെന്നും എസ് സതീഷ് പറഞ്ഞു. യോഗത്തിൽ തൃപ്പൂണിത്തുറ ബ്ലോക്ക് പ്രസിഡന്റ് വൈശാഖ് മോഹൻ അധ്യക്ഷനായി. സിപിഐ എം ജില്ല സെക്രട്ടറിയറ്റ് അംഗം ടി സി ഷിബു, എ എ അൻഷാദ്, കെ വി കിരൺ രാജ്, ജി ജയരാജ്, പി വാസുദേവൻ, കെ ടി അഖിൽദാസ്, ചിഞ്ചു ബി കൃഷ്ണ, കെ ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.