കൊച്ചി> സിപിഐ എം പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട സെമിനാറിൽ കോൺഗ്രസ് നേതാക്കളെ വിലക്കിയ നേതൃത്വത്തിനെതിരെ വിമർശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ബിജെപിക്കൊപ്പം സമരവേദി പങ്കുവെക്കുന്ന കോൺഗ്രസ് നേതാക്കളെ വിലക്കാൻ എന്തേ കോൺഗ്രസ് നേതൃത്വത്തിന് ശബ്ദമുയരുന്നില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
കമ്മ്യൂണിസ്റ്റ് ആശയങ്ങളാണ് ഏറ്റവും അപകടകരമെന്ന് ഈയിടെ പ്രധാനമന്ത്രി പറഞ്ഞത് രാജ്യം ഏറെ ചർച്ച ചെയ്തതാണ്. പ്രധാനമന്ത്രിയുടെ വാക്കുകൾ പിൻപറ്റി കൂടുതൽ അപകടം ഇതുപക്ഷമാണ് എന്ന് കരുതുന്നവരായി ബിജെപിക്കൊപ്പം സമരത്തിൽ പങ്കെടുക്കുന്ന ഈ യുഡിഎഫ് നേതാക്കൾ മാറിയോ.? എന്നും അദ്ദേഹം ചോദിക്കുന്നു.
ഫെയ്സ്ബുക്ക് കുറിപ്പ്
ഈ ‘വിലക്ക്’ കോൺഗ്രസിന് ചേർന്നതോ?
കമ്മ്യൂണിസ്റ്റ് ആശയങ്ങളാണ് ഏറ്റവും അപകടകരമെന്ന് ഈയിടെ പ്രധാനമന്ത്രി പറഞ്ഞത് രാജ്യം ഏറെ ചർച്ച ചെയ്തതാണ്. വർഗ്ഗീയ ശക്തികൾ എക്കാലവും ഭയപ്പെടുന്നത് തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തെയാണ് എന്ന വസ്തുതയും മോദിയുടെ പ്രസ്താവന പറയാതെ പറയുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ സിപിഐ എമ്മിന്റെ 23 ാം പാർട്ടി കോൺഗ്രസിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ പ്രസക്തിയുണ്ട്. രാഷ്ട്രീയ ഇന്ത്യ ഈ സമ്മേളനത്തെ ഉറ്റുനോക്കുന്നു.
11 ബിജെപി ഇതര സംസ്ഥാന സർക്കാരുകൾ രാജ്യത്തുണ്ട്. 55 ശതമാനം വോട്ട് വിഹിതം 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപിക്കെതിരാണ് . ബിജെപി ഉയർത്തുന്ന അപകടകരമായ രാഷ്ട്രീയത്തിനെതിരെ ചിന്തിക്കുന്നവരാണ് ഇന്ത്യയിലെ മഹാഭൂരിപക്ഷവും. ബിജെപി ഇതര ശക്തികളെ എങ്ങനെ ഒന്നിപ്പിക്കാം എന്ന് ചർച്ച ചെയ്യാനാണ്, ആശയരൂപീകരണത്തിന് എക്കാലവും സഹായകരമാകുന്ന സെമിനാറുകൾ സിപിഐ (എം) പാർട്ടികോൺഗ്രസ് സംഘടിപ്പിക്കുന്നത്. ബിജെപി ഇതര സർക്കാരുകളുടെ പ്രതീകമായ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ഉൾപ്പെടെ സെമിനാറിൽ പങ്കെടുക്കുന്നുണ്ട്.
വരാമെന്ന് വാക്കുതന്ന നേതാക്കളെ എന്തുകൊണ്ട് കോൺഗ്രസ് നേതൃത്വം വിലക്കി.? സംഘപരിവാർ രാഷ്ട്രീയത്തെ ചെറുക്കുവാനുള്ള ആശയരൂപീകരണ വേദിയായ സെമിനാറിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നതിൽ എന്താണ് തെറ്റ്.? സിപിഐ(എം) സെമിനാറുകളിൽ മുൻപ് നിരവധി കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിട്ടുണ്ട്. കോൺഗ്രസ് സംഘടിപ്പിക്കുന്ന മതനിരപേക്ഷ സെമിനാറുകളിൽ ക്ഷണിച്ചാൽ പങ്കെടുക്കാൻ ഞങ്ങൾ തയ്യാറാണ്. മുൻപ് കോൺഗ്രസ് സംഘടിപ്പിച്ച ഇത്തരം സെമിനാറുകളിൽ ഞങ്ങൾ പങ്കെടുത്തിട്ടുമുണ്ട്. അപ്പോൾ പിന്നെ ഇപ്പോഴത്തെ വിലക്കുകൊണ്ട് കോൺഗ്രസ്സ് എന്താണ് ഉന്നം വെക്കുന്നത്?
കേരളത്തിൽ സമീപ കാലത്തായി നടന്ന ചില സമരങ്ങളിൽ ബിജെപിയിലെയും യുഡിഎഫിലെയും ചില നേതാക്കളെ ഒന്നിച്ച് കാണുന്നുമുണ്ട്. നേരത്തെ പറഞ്ഞ പ്രധാനമന്ത്രിയുടെ വാക്കുകൾ പിൻപറ്റി കൂടുതൽ അപകടം ഇതുപക്ഷമാണ് എന്ന് കരുതുന്നവരായി ബിജെപിക്കൊപ്പം സമരത്തിൽ പങ്കെടുക്കുന്ന ഈ യുഡിഎഫ് നേതാക്കൾ മാറിയോ.?
ബിജെപിക്കൊപ്പം സമരവേദി പങ്കുവെക്കുന്ന കോൺഗ്രസ് നേതാക്കളെ വിലക്കാൻ എന്തേ കോൺഗ്രസ് നേതൃത്വത്തിന് ശബ്ദമുയരുന്നില്ല.? ഒരു കാര്യം അസന്ദിഗ്ദ്ധമായി പറയാം, ബിജെപിക്കെതിരെ ഞങ്ങൾ ഒരുക്കാൻ ആഗ്രഹിക്കുന്ന ആശയരൂപീകരണ വേദിയായ സെമിനാറിൽ നിന്ന് ഒരുപക്ഷേ തങ്ങളുടെ നേതാക്കളെ കോൺഗ്രസ് നേതൃത്വത്തിന് വിലക്കാനായേക്കും. പക്ഷേ കോൺഗ്രസിന് വോട്ട് ചെയ്യുന്നവരിലെ ഭൂരിപക്ഷം വരുന്ന മതനിരപേക്ഷ മനസ്സുകളെ ഞങ്ങളൊരുക്കുന്ന ആശയരൂപീകരണത്തിൻറെ ഫലമായി വരുന്ന പൊതുമുന്നേറ്റത്തിൽനിന്ന് വിലക്കാൻ കഴിയില്ല.