കൊച്ചി
സഹകരണമേഖലയുടെ വളർച്ചയും നേട്ടങ്ങളും ജനങ്ങളിലേക്ക് എത്തിക്കാൻ ഏപ്രിൽ 18 മുതൽ 25 വരെ എറണാകുളം മറൈൻഡ്രൈവിൽ സംഘടിപ്പിക്കുന്ന “സഹകരണ എക്സ്പോ 2022′ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന എക്സ്പോയുടെ സംഘാടകസമിതി രൂപീകരണം സഹകരണമന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായി.
സഹകരണ പ്രസ്ഥാനത്തിന്റെ ശക്തി ബോധ്യപ്പെടുത്തുക, സഹകരണമാതൃക ആഗോള–-ദേശീയ തലത്തിൽ പരിചയപ്പെടുത്തുക, നേട്ടങ്ങൾ പ്രചരിപ്പിക്കുക, വിവിധ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തുക, അവയ്ക്ക് വിപണി ഉറപ്പിക്കുക, കൂടുതൽ മൂല്യവർധിത ഉൽപ്പന്നം നിർമിക്കുന്നതിലേക്ക് അവരെ എത്തിക്കുക, പുതിയ സാധ്യതകൾ അവതരിപ്പിക്കുക തുടങ്ങിയവയാണ് എക്സ്പോയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
എക്സ്പോയിൽ അപെക്സ്, ജില്ലാ, പ്രാഥമികതലത്തിലുള്ള ഇരുന്നൂറിലധികം സ്ഥാപനങ്ങൾ പങ്കെടുക്കും. സെമിനാറുകൾ, സഹകരണമേഖലയിലെ പ്രൊഫഷണലിസവും സാങ്കേതികവിദ്യയും പരിചയപ്പെടുത്തൽ, സംസ്കാരിക പരിപാടികൾ, സിമ്പോസിയങ്ങൾ എന്നിവ സംഘടിപ്പിക്കും. കലാപരിപാടികളും അരങ്ങേറും. വിപുലമായ ഫുഡ്കോർട്ടും ഒരുക്കും. സഹകരണമേഖലയെ സംബന്ധിച്ച വീഡിയോ പ്രദർശനങ്ങളുമുണ്ടാകും. ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി ബിസിനസ് മീറ്റുകൾ സംഘടിപ്പിക്കും.
ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള, എസ് ശർമ, മിനി ആന്റണി, പി ബി നൂഹ്, എം എസ് ഷെറിൻ, പി വിഷ്ണുരാജ്, എം ബിനോയ്കുമാർ, കെ സജീവ് കർത്താ, സഹകാരികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. മന്ത്രി വി എൻ വാസവൻ ചെയർമാനായ സംഘാടകസമിതിയിൽ വ്യവസായമന്ത്രി പി രാജീവ് കോ–-ചെയർമാനാണ്. പ്രതിപക്ഷനേതാവ് വി ഡി സതീശൻ വൈസ് ചെയർമാനും സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി ജനറൽ കൺവീനറും രജിസ്ട്രാർ പി ബി നൂഹ് കൺവീനറും ഓഡിറ്റ് ഡയറക്ടർ എം എസ് ഷെറിൻ ജോയിന്റ് കൺവീനറുമാണ്.