കൊച്ചി
കാർഷികോൽപ്പന്ന നിർമാണരംഗത്തെ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കാംകോയുടെ ഇലക്ട്രിക് ബ്രഷ് കട്ടർ (പുല്ലുവെട്ടിയന്ത്രം) അടുത്തമാസം വിപണിയിലിറങ്ങും. 35,000 രൂപയാണ് വില. ഇതുകൂടാതെ ഇലക്ട്രിക് ട്രാക്ടർ, ടില്ലർ എന്നിവയും നിർമിക്കുന്നുണ്ട്. ഇവ അടുത്തവർഷം വിപണിയിലെത്തും.
കാംകോയുടെ പ്രവർത്തന വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായാണ് പുതിയ ഉൽപ്പന്നങ്ങൾ നിർമിക്കുന്നത്. പരിസ്ഥിതിസൗഹൃദ ഉൽപ്പന്നങ്ങൾക്കാണ് മുൻഗണന നൽകുന്നത്. പുതിയ ടില്ലർ ഉപയോഗിക്കാൻ കൂടുതൽ സൗകര്യപ്രദമായിരിക്കും. ഇതിന്റെ യന്ത്രഭാഗങ്ങൾ കൂട്ടിച്ചേർക്കുന്നത് കണ്ണൂർ യൂണിറ്റിലാണ്.
നിലവിൽ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള കാംകോ ഉൽപ്പന്നം പവർ ടില്ലറുകളാണ്. പ്രതിവർഷം പന്ത്രണ്ടായിരത്തിലധികം ടില്ലറുകൾ വിൽക്കുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് കാംകോ ടില്ലറുകൾക്ക് കൂടുതൽ ആവശ്യക്കാരുള്ളത്. മൂന്നു വർഷമായി ട്രെയിനുകളിലാണ് ഇവിടേക്ക് ടില്ലറുകൾ അയക്കുന്നത്. 650 ടില്ലറുകളുമായി ഒരു ട്രെയിൻ വ്യാഴാഴ്ച എറണാകുളത്തുനിന്ന് അസമിലേക്ക് തിരിച്ചു. കാംകോ ചെയർമാൻ കെ പി സുരേഷ്രാജ് ഫ്ലാഗ് ഓഫ് ചെയ്തു. കൂടാതെ, 4000 കൊയ്ത്തുയന്ത്രങ്ങൾ, 2000 ഗാർഡൻ ടില്ലറുകൾ, പമ്പുസെറ്റുകൾ എന്നിവയും വർഷംതോറും വിൽക്കുന്നു.