ന്യൂഡൽഹി
ദീർഘനാളായി മുടങ്ങിക്കിടന്നതിനാൽ ‘ജലരേഖ’യെന്ന് ചിലർ വിശേഷിപ്പിച്ച ദേശീയ ജലപാത വികസനവും ത്വരിതഗതിയിൽ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊല്ലംമുതൽ കോട്ടപ്പുറംവരെയുള്ള 168 കിലോമീറ്റർ ദേശീയ നിലവാരത്തിൽ ഗതാഗതയോഗ്യമാക്കി. കൊല്ലം ചവറ കോവിൽത്തോട്ടത്ത് ഒരു നടപ്പാലവും ആലപ്പുഴ തൃക്കുന്നപ്പുഴയിൽ ഒരു നാവിഗേഷൻ ലോക്ക് കം ബ്രിഡ്ജും പുനർനിർമിക്കുകയാണ്.
കോട്ടപ്പുറംമുതൽ കോഴിക്കോടുവരെയുള്ള 160 കിലോമീറ്റർ വികസിപ്പിക്കുന്നതിനുള്ള ഡിപിആർ അതോറിറ്റി തയ്യാറാക്കി. പൊന്നാനി ചേറ്റുവ കനാലിന്റെ തുടക്കഭാഗമായ വെളിയംകോട് ഭാഗത്ത് നാവിഗേഷൻ ലോക്ക് കം ബ്രിഡ്ജിന്റെ ടെൻഡർ നടപടി പുരോഗമിക്കുകയാണ്.
കോവളംമുതൽ വർക്കലവരെ 1275 കുടുംബത്തെ പുനരധിവസിപ്പിക്കുന്നതിന് 247.2 കോടി രൂപയുടെ ഭരണാനുമതി നൽകി. കനോലി കനാൽ വികസിപ്പിക്കുന്നതിനും കിഫ്ബി വഴി 1118 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. മാഹി- വളപട്ടണം ഭാഗത്ത് 26.5 കിലോമീറ്റർ കനാൽ നിർമിക്കുന്നതിന് സ്ഥലം ഏറ്റെടുക്കാനായി 650 കോടി രൂപയും നീലേശ്വരം ബേക്കൽ ഭാഗത്ത് 6.5 കിലോമീറ്റർ കനാൽ നിർമിക്കാൻ സ്ഥലം ഏറ്റെടുക്കുന്നതിനായി 189 കോടി രൂപയും കിഫ്ബി അനുവദിച്ചിട്ടുണ്ട്. പാർവതീ പുത്തനാർ ഭാഗത്തെ ഫ്ലാറ്റ് മോഡൽ പുനരധിവാസത്തിനുള്ള ചുമതല കേരള സംസ്ഥാന തീരദേശ വികസന കോർപറേഷനെ ഏൽപ്പിച്ചിട്ടുണ്ട്–- മുഖ്യമന്ത്രി പറഞ്ഞു.