പെരിന്തൽമണ്ണ> എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് കമ്യൂണിസ്റ്റ് ആചാര്യൻ ഇ എം എസിന്റെ ജന്മനാടായ പെരിന്തൽമണ്ണ ആതിഥ്യമരുളും. മെയ് 17 മുതൽ 21 വരെയാണ് സമ്മേളനം. ധീരജ്, പി ബിജു നഗറി (ഏലംകുളം ഇ എം എസ് അക്കാദമി)ലാണ് പ്രതിനിധി സമ്മേളനം. രക്തസാക്ഷി ധീരജിന്റെ സ്മൃതികുടീരത്തിൽനിന്നുള്ള കൊടിമരജാഥ കേന്ദ്ര കമ്മിറ്റി അംഗം എ പി അൻവീറും രക്തസാക്ഷി അഭിമന്യുവിന്റെ ചാരുമൂട്ടിലെ സ്മൃതികുടീരത്തിൽനിന്നുള്ള ദീപശിഖാജാഥ കേന്ദ്ര കമ്മിറ്റി അംഗം ആദർശ് എം സജിയും രക്തസാക്ഷി അഭിമന്യുവിന്റെ മഹാരാജാസ് കോളേജിലെ സ്മൃതി മണ്ഡപത്തിൽനിന്നുള്ള പതാകജാഥ കേന്ദ്ര കമ്മിറ്റി അംഗം രഹ്ന സബീനയും നയിക്കും.
ജാഥകൾ 17ന് പെരിന്തൽമണ്ണയിൽ സംഗമിക്കും. 18ന് പൊതുസമ്മേളന നഗരിയിൽ പതാക ഉയരുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. രക്തസാക്ഷി കുടുംബസംഗമം, പഴയകാല ഭാരവാഹിസംഗമം, സെമിനാർ, ചരിത്ര പ്രദർശനം എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
പെരിന്തൽമണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന യോഗം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ശ്രീരാമകൃഷ്ണൻ ചെയർമാനും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ എൻ സച്ചിൻദേവ് എംഎൽഎ ജനറൽ കൺവീനറുമായി 1001 അംഗ സംഘാടക സമിതിക്ക് രൂപംനൽകി. സിപിഐ എം പെരിന്തൽമണ്ണ ഏരിയാ സെക്രട്ടറി ഇ രാജേഷാണ് ട്രഷറർ. മുതിർന്ന സിപിഐ എം നേതാവ് പാലോളി മുഹമ്മദ്കുട്ടി യോഗം ഉദ്ഘാടനംചെയ്തു.
എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ് അധ്യക്ഷനായി. കെ എൻ സച്ചിൻദേവ്, നടി നിലമ്പൂർ ആയിഷ എന്നിവർ സംസാരിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം സജാദ് സ്വാഗതവും പ്രസിഡന്റ് എൻ ആദിൽ നന്ദിയും പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, പി പി വാസുദേവൻ, വി ശശികുമാർ, വി പി സക്കറിയ, വി പി അനിൽ, സി ദിവാകരൻ എന്നിവർ പങ്കെടുത്തു. പെരിന്തൽമണ്ണ നഗരത്തെ ഇളക്കിമറിച്ച് വിദ്യാർഥി വിളംബര ജാഥ നടന്നു.