കൊച്ചി> പത്തടിപ്പാലത്ത് കൊച്ചി മെട്രോയുടെ 347-ാംതൂണ് ബലപ്പെടുത്താനുള്ള ജോലി ആരംഭിച്ചു. കൂടുതൽ പൈലുകൾ അടിക്കേണ്ട സ്ഥലം അടയാളപ്പെടുത്തുകയാണ് ചെയ്യുന്നത്. പൈലിനുസമീപം റോഡിലെ ടാർ നീക്കി. നിർമാണക്കരാറുകാരായ എൽ ആൻഡ് ടിയുടെയും കെഎംആർഎല്ലിന്റെയും സാങ്കേതികവിദഗ്ധരുടെ നേതൃത്വത്തിലാണ് ജോലികൾ. രണ്ട് ഷിഫ്റ്റുകളായി 24 മണിക്കൂറും ജോലി ചെയ്ത് 45 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
തൂണിന് ചരിവ് കണ്ടതിനെ തുടർന്നാണ് ബലപ്പെടുത്തുന്നത്. നിലവിലുള്ള പൈലുകൾക്ക് അരമീറ്റർ മാറി ഒരു മീറ്റർ വ്യാസത്തിലാകും പുതിയത് അടിക്കുന്നത്. ജോലി നടക്കുന്ന പ്രദേശത്ത് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. രാവിലെമുതൽ റോഡിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഇവിടെയുണ്ടായിരുന്ന രണ്ടു ബസ് സ്റ്റോപ്പുകൾ മാറ്റിസ്ഥാപിച്ചു. കിൻഡർ ആശുപത്രിക്കുസമീപത്തുള്ള ചെറിയ റോഡിലൂടെയെത്തുന്ന വാഹനങ്ങൾ ഹൈവേയിലേക്ക് പ്രവേശിക്കാതെ തിരിച്ചുവിട്ടു. ഇരുദിശകളിലുമായി രണ്ടുവരിഗതാഗതം ഉറപ്പാക്കിയിട്ടുണ്ടെന്ന് എസിപി പറഞ്ഞു.