മനാമ> സൗദിക്കു നേരെ യെമനിലെ ഹൂതികൾ നടത്തിയ ആക്രമണത്തിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണ വില വീണ്ടും ഉയർന്നു. തിങ്കളാഴ്ച അസംസ്കൃത എണ്ണ വില ബാരലിന് 112 ഡോളറിന് മുകളിൽ എത്തി. ആഗോള വിപണികളിലേക്കുള്ള എണ്ണ വിതരണത്തിലെ കുറവിന്റെ ഉത്തരവാദിത്തം തങ്ങൾ വഹിക്കില്ലെന്ന് സൗദി വിദേശ മന്ത്രലയം വ്യക്തമാക്കി. ഞായറാഴ്ചയുണ്ടായ ഹുതി ആക്രമണം എണ്ണ ഉൽപ്പാദത്തെ ബാധിച്ചതിന് പിന്നാലെയാണ് സൗദി പ്രസ്താവന.
ആവർത്തിച്ച ആക്രമണങ്ങൾ രാജ്യത്തിന്റെ ഉൽപ്പാദന ശേഷിയെയും അതിന്റെ ബാധ്യതകൾ നിറവേറ്റാനുള്ള കഴിവിനെയും ബാധിക്കും. ആഗോള വിപണികളിലേക്കുള്ള ഊർജ വിതരണത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഹുതി ആക്രമണം ഭീഷണിയുയർത്തിയതായും വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.ഹൂതികൾക്കെതിരെ നിലകൊണ്ട് ഊർജ്ജ വിതരണം നിലനിർത്താനുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണമെന്നും സൗദി പ്രസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ മന്ത്രാലയം പറഞ്ഞു.
റഷ്യ-ഉക്രെയ്ൻ യുദ്ധത്തെതുടർന്ന് എണ്ണ വില ഉയർന്നിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് സൗദിയിലെ സാമ്പത്തിക മേഖലകളടക്കം എണ്ണ, പ്രകൃതി വാതക ഉൽപ്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഹുതികൾ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയത്. ചെങ്കടൽ തീരത്തെ യാൻബു പെട്രോകെമിക്കൽസ് സമുച്ചയത്തിലുണ്ടായ ആക്രമണം എണ്ണ ഉൽപ്പാദനത്തിൽ താൽക്കാലിക കുറവുണ്ടാക്കിയതായി സൗദി ഊർജ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ തുറമുഖ നഗരമായ ജിദ്ദയിലെ പെട്രോളിയം വിതരണ ടാങ്കിന് തീപിടിക്കുകയും യാൻബുവിലെ ഗ്യാസ് പ്ലാന്റിലെ ഉൽപ്പാദനത്തെ ബാധിക്കുകയും ചെയ്തു.
സമീപകാലത്ത് സൗദിക്ക് നേരെയുണ്ടായ ഏറ്റവും കനത്ത ആക്രമണമാണ് ഞായറാഴ്ച ഉണ്ടായത്. 2019 സെപ്തംബർ 14 ന് അരാംകോയുടെ ഖുറൈസ്, അബ്കേക്ക് എന്നിവടങ്ങളിലെ എണ്ണ ശുദ്ധീകരണ, സംഭരണ ശാലകൾക്കുനേരെ നടത്തിയ ആക്രമണത്തിൽ വ്യാപക നാശനഷ്ടം നേരിട്ടിരുന്നു.