സൗദി> യെമനിലെ ഹൂതി വിമതരുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം സൗദിയിലെ വിമാന സർവ്വീസുകളെയും ബാധിച്ചു. വിമാനത്താവളം തകർക്കുക എന്ന ലക്ഷ്യം വെച്ചാണ് അക്രമികൾ ജിദ്ദയിലേക്ക് മിസൈൽ വിക്ഷേപണം നടത്തിയത്. അക്രമികൾ തൊടുത്തുവിട്ട മിസൈലുകൾ ആകാശത്തു വെച്ച് തന്നെ തകർക്കാൻ സഖ്യസേനക്ക് കഴിഞ്ഞു. മിസൈൽ ആക്രമണ ശ്രമം ജിദ്ദ വിമാനത്താവളത്തിലെ വിമാന സർവ്വീസുകളെ ബാധിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആക്രമണ ശ്രമത്തെ തുടർന്ന് ഇതേ സമയത്തു ജിദ്ദ വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങളിൽ ബഹുഭൂരിഭാഗവും സമയം വൈകിയാണ് ലാൻഡ് ചെയ്തത്. സുരക്ഷ പരിഗണിച്ച് വിമാനങ്ങൾ ജിദ്ദ വ്യോമ പരിധിക്ക് പുറത്ത് ഏതാനും സമയങ്ങൾ ചിലവഴിച്ച ശേഷമാണു ജിദ്ദ വിമാനത്താവളത്തിൽ വിമാനങ്ങൾ ലാൻഡ് ചെയ്തത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പല തവണകളായാണ് സൗദിക്ക് നേരെ ഭീകര ആക്രമണം ഉണ്ടായത്. എല്ലാ മിസൈലുകളും സഖ്യസേന സമയത്തുതന്നെ തകർത്തതിനാൽ വൻദുരന്തങ്ങളാണ് ഒഴിവായത്.
459 ബാലിസ്റ്റിക് മിസൈലുകൾ, 911ഡ്രോണുകൾ, 106 ആയുധ ബോട്ടുകൾ എന്നിവയാണ് ഇറാൻ സഹായമുള്ള ഹൂതി മിലീഷ്യ സൗദിക്കെതിരെ വിക്ഷേപിച്ചതെന്നാണ് റിപ്പോർട്ട്. കൂടാതെ, ഹൂത്തി മലീഷ്യകൾ 272 കടൽ മൈനുകൾ സ്ഥാപിക്കുകയും ഒരു ലക്ഷത്തിലധികം വിവേചനരഹിതമായ പ്രൊജക്റ്റൈലുകൾ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു.