മനാമ> സൗദിയിലെ ജല, വൈദ്യുതി, എണ്ണ പ്ലാന്റുകളും നഗരങ്ങളും ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതരുടെ ഡ്രോണ്, ബാലിസ്റ്റിക് മിസൈല് ആക്രമണം. ആക്രമണത്തില് ആളപായമില്ലെന്ന് സൗദി വൃത്തങ്ങള് അറിയിച്ചു.
ഞായറാഴ്ച പുലര്ച്ചെയാണ് സൗദിയിലെയ സാമ്പത്തിക മേഖലകളടക്കം ഒന്പത് തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം ഉണ്ടായത്. ചെങ്കടല് തുറമുഖമായ യാന്ബുവിലെ അരാംകോ പെട്രോകെമിക്കല്സ് സമുച്ചയത്തിലെ പ്രകൃതി വാതക പ്ലാന്റ്, അസീര് പ്രവിശ്യയിലെ ദഹ്റാന് അല് ജനൂബിലെ വൈദ്യുതി വിതരണ നിലയം, ചെങ്കടല് തീരത്തെ അല് ഷഖീഖിലെ സമുദ്രജല ശുദ്ധീകരണ ശാല, തെക്കന് അതിര്ത്തി പട്ടണമായ ജിസാനിലെ അരാംകോ എണ്ണ ടെര്മിനല്, തെക്കന് നഗരമായ ഖമീസ് മുശൈത്തിലെ ഗ്യാസ്കോയുടെ ഗ്യാസ് പ്ലാന്റ്് എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങള്. സാമ്പത്തിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് മൂന്ന് ഡ്രോണ് എത്തിയതായി അല് എക്ബാരിയ ടിവി റിപ്പോര്ട്ട് ചെയ്തു.
ആക്രമണങ്ങളെ സൗദി വ്യോമ പ്രതിരോധ സേന തകര്ത്തതായി സൗദി സൈനിക സഖ്യം അറിയിച്ചു. ഇവിടെ നാശനഷ്ടത്തിന്റെ വ്യാപ്തി വ്യക്തമല്ല. സൗദിയെ ലക്ഷ്യമിട്ട് എത്തിയ ഒന്പത് ഡ്രോണും ഒരു മിസൈലും തകര്ത്തതായി സൗദി സഖ്യസേന അറിയിച്ചു. ഇതിന്റെ അവശിഷ്ടങ്ങള് പതിച്ച് വാഹനങ്ങള്ക്കും കെട്ടിടങ്ങള്ക്കും കേടുപാടുപറ്റി. ഖമീസ് മുശൈത്തില് തകര്ന്ന വാഹനങ്ങളുടെയും കെട്ടിടങ്ങളുടെയും ഗര്ത്തങ്ങളുടെയും കെട്ടിടങ്ങളിലെ തീ അണയ്ക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള് സൗദി വാര്ത്താ ഏജന്സിയായ എസ്പിഎ പുറത്തുവിട്ടു.
യുദ്ധം അവസാനിപ്പിക്കാന് റിയാദിലേക്ക് യെമനിലെ കക്ഷികളെ കഴിഞ്ഞ ദിവസം ജിസിസി ചര്ച്ചക്ക് ക്ഷണിച്ചതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായത് . ഹൂതികള് ചര്ച്ചക്കുള്ള ക്ഷണം നിരസിച്ചിരുന്നു.യെമനിലെ ഹൊദൈദയില് സ്ഫോടകവസ്തു നിറച്ച ബോട്ട് നശിപ്പിച്ചതായും സഖ്യസേന അറിയിച്ചു.