കണ്ണൂർ > ചങ്ങനാശേരി കേന്ദ്രീകരിച്ച് വിശാല ഇടതുപക്ഷവിരുദ്ധ മുന്നണിയാണ് കെ റെയിൽ സമരത്തിന്റെ മറവിൽ ലക്ഷ്യമിടുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മാടപ്പള്ളിയിലെ സമരകേന്ദ്രത്തിൽ കേന്ദ്രമന്ത്രിയും സാമുദായിക നേതാവും മതമേലധ്യക്ഷനുമൊക്കെ സന്ദർശിച്ചിട്ടുണ്ട്. വിമോചന സമരത്തിന്റെ കേന്ദ്രമായിരുന്നു ചങ്ങനാശേരി. 57–-59 കാലമല്ല ഇതെന്ന് ഈ മുന്നണിക്കാർ ഓർക്കണമെന്നും കോടിയേരി പറഞ്ഞു. സിപിഐ എം പാർടി കോൺഗ്രസിന്റെ ഭാഗമായി നായനാർ അക്കാദമിയിൽ ഓർമമരം നട്ടശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽഡിഎഫ് സർക്കാരിനെതിരെ സമരം ചെയ്യുന്നവർ രാഷ്ട്രീയം പറഞ്ഞാണ് സമരം ചെയ്യേണ്ടത്. അതിന് കെ റെയിൽ മറയാക്കേണ്ട. ജനങ്ങളെ കൂടെ നിർത്തിയാണ് സർക്കാർ പദ്ധതി നടപ്പാക്കുക. എട്ടുസംസ്ഥാനങ്ങളിൽ റെയിൽ പദ്ധതികൾ നടക്കുന്നുണ്ട്. ഇവിടെ മാത്രമാണ് കോൺഗ്രസും ബിജെപിയും സമരം നടത്തുന്നത്. മറ്റിടങ്ങളിലെന്താണ് കോൺഗ്രസ് സമരം നടത്താത്തത്. ഇവിടെ സമരക്കാർ പിഴുതെറിഞ്ഞ കല്ലുകൾ ഭൂവുടമസ്ഥർ തിരിച്ചുസ്ഥാപിക്കുന്ന കാഴ്ചയാണ്. അവർക്ക് നഷ്ടപരിഹാരം കൃത്യമായി കിട്ടുമെന്ന് അറിയുന്നതുകൊണ്ടാണിത്.
സമരം സ്ഥലം നഷ്ടപ്പെടുന്നവരുടേതല്ല. കൃത്യമായ രാഷ്ട്രീയ സമരമാണിത്. കല്ലുകൾ പിഴുതെറിയുന്നതുകൊണ്ട് പദ്ധതി ഇല്ലാതാക്കാനാകില്ല. അങ്ങനെയെങ്കിൽ തറക്കല്ല് പൊളിച്ചാൽ മതിയാകുമല്ലോ. യുഡിഎഫ് സർക്കാർ ഇട്ട തറക്കല്ലുകളിൽ എത്രയെണ്ണമാണ് പൊങ്ങിയത്. സിപിഐ എം 1040 വീടുകളാണ് നിർമിച്ചുനൽകിയത്. ഒരു വീടെങ്കിലും നിർമിച്ചുനൽകാൻ കോൺഗ്രസിനായോ. നാടുമുഴുവൻ കല്ല് പറിക്കുന്നവർക്ക് ഒരു വീടെങ്കിലും നിർമിച്ചുനൽകിക്കൂടേയെന്നും കോടിയേരി ചോദിച്ചു.
കൃത്യമായി ആസൂത്രണം ചെയ്താണ് കെ റെയിൽ വിരുദ്ധ സമരം നടത്തുന്നത്. സമരകേന്ദ്രത്തിൽ കുട്ടികളെയും സ്ത്രീകളെയും കൊണ്ടുവരുന്നത് എന്തിനാണ്. മണ്ണെണ്ണയൊഴിച്ച് കത്തിക്കാനായിരുന്നു നീക്കം. അവിടെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമം നടന്നുവെന്നാണ് പ്രചരണം. ജീവൻ രക്ഷിക്കാനുള്ള ഉത്തരവാദിത്തം പൊലീസിനില്ലേ. അതുകൊണ്ടാണ് അവരെ പൊലീസ് മാറ്റിയത്. കെ റെയിലിനു പകരം വിമാന സർവീസ് തുടങ്ങുന്നതാണ് നല്ലതെന്ന് കെ സുധാകരൻ പറഞ്ഞത് ശ്രദ്ധയിൽ പെടുത്തിയപ്പോൾ ശബരിമല വിമാനത്താവളത്തെ എതിർക്കുന്നവരല്ലേ ഇവരെന്നും കോടിയേരി ചോദിച്ചു.