തിരുവനന്തപുരം
സിൽവർ ലൈൻ സാമൂഹ്യാഘാത പഠനത്തിനായി കല്ലിടുന്നത് റെയിൽ നിയമപ്രകാരം. സർവേ അതിരടയാള നിയമത്തിലെ ആറ്(ഒന്ന്) വകുപ്പ് പ്രകാരം റവന്യു വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത് അനുസരിച്ചാണ് കല്ലിടൽ. പദ്ധതിക്ക് അനുമതി ലഭിച്ച ശേഷമേ ഭൂമി ഏറ്റെടുക്കൂ. സാമൂഹ്യാഘാത പഠനത്തിനായി പദ്ധതി സ്ഥലം കണ്ടെത്തി അതിരടയാളം സ്ഥാപിക്കാൻ നിയമ തടസ്സമില്ലെന്ന് കെ–-റെയിൽ അറിയിച്ചു.
ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. പൊതു ആവശ്യത്തിന് ഭൂമി ഏറ്റെടുക്കുമ്പോൾ സാമൂഹ്യാഘാത പഠനം പതിവാണ്. തദ്ദേശ സ്ഥാപനങ്ങളുമായി ഇത് ആലോചിക്കും.
സാമൂഹ്യാഘാതം വിലയിരുത്താൻ പദ്ധതി ബാധിക്കുന്ന കുടുംബങ്ങളുടെ അഭിപ്രായം കേട്ട് റിപ്പോർട്ട് പ്രസിദ്ധീകരിക്കും. അനൗദ്യോഗിക സാമൂഹിക ശാസ്ത്രജ്ഞർ, തദ്ദേശ പ്രതിനിധികൾ, പുനരധിവാസ വിദഗ്ധർ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർ ഉൾപ്പെട്ട വിദഗ്ധ സമിതി റിപ്പോർട്ട് വിലയിരുത്തും. ഇതിനു ശേഷമേ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ എട്ട് (രണ്ട്) വകുപ്പു പ്രകാരം ഉത്തരവിറക്കൂ. തുടർന്നാണ് ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങുക.