തിരുവനന്തപുരം > ഇന്ത്യയിലെ യുവത്വത്തിന് വേണ്ടി ശബ്ദിക്കാനുള്ള അവസരമാണ് പാർടി നൽകിയിരിക്കുന്നതെന്ന് സിപിഐ എം രാജ്യസഭ സ്ഥാനാർഥി എ എ റഹീം. വലിയ ഉത്തരവാദിത്തമാണ് പാർട്ടി ഏൽപ്പിച്ചിരിക്കുന്നതെന്നും, അതിനെക്കുറിച്ച് നല്ല ബോധ്യവുമുണ്ടെന്നും റഹീം പറഞ്ഞു.
രാജ്യത്തെ പാർലമെന്റ് വളരെ പ്രധാനപ്പെട്ട ഒരു സമരകേന്ദ്രമായി മാറിയിട്ടുണ്ട്. ഭരണഘടന സംരക്ഷിക്കാനുള്ള വലിയ പോരാട്ടത്തിന് പാർലമെന്റിലേക്ക് എത്താനുള്ള അവസരം പൂർണമായി രാഷ്ട്രീയ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടുതന്നെ വിനിയോഗിക്കും. എണ്ണത്തിൽ കുറവെങ്കിലും പാർലമെന്റിൽ വലിയ ചലനമുണ്ടാക്കാൻ ഇടതുപക്ഷത്തെ പ്രതിനിധികൾക്ക് സാധിക്കാറുണ്ട്.
രാജ്യത്ത് ഉയർന്നുവരുന്ന പ്രധാനപ്പെട്ട പ്രക്ഷോഭവും സമരവും തൊഴിലില്ലായ്മക്കെതിരെയാണ്. യുവജനതയെ ബാധിക്കുന്ന തൊഴിലില്ലായ്മ, തൊഴിൽ സ്ഥിരതയില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളെല്ലാം ഉയർത്തിപ്പിടിച്ച് പാർലമെന്റിന് മുന്നിൽ സംസാരിക്കാനും ഇന്ത്യയിലെ യുവത്വത്തിന് വേണ്ടി പ്രവർത്തിക്കാനുമുള്ള അവസരമാണ് ഏൽപ്പിച്ചിരിക്കുന്നത്. ആ ചുമതല ഉത്തരവാദിത്തത്തോടെ വിനിയോഗിക്കുമെന്നും റഹീം പറഞ്ഞു.