തിരുവനന്തപുരം > സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ സ്റ്റാഫ് യൂണിയൻ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്ന കെ ജി ജയിംസ് (82) അന്തരിച്ചു. ബാങ്ക് ജീവനക്കാരുടെ ട്രേഡ് യൂണിയൻ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ മുഖ്യ പങ്കുവഹിച്ചു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ കേന്ദ്ര കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ബെഫിയുടെയും എസ്ബിടി സ്റ്റാഫ് യൂണിയന്റെയും രൂപീകരണത്തിൽ പ്രമുഖ പങ്ക് വഹിച്ച നേതാവാണ്. എസ്ബിടിയിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിരന്തരം പ്രക്ഷോഭം സംഘടിപ്പിക്കുകയും മാനേജ്മെന്റിനെക്കൊണ്ട് ആവശ്യങ്ങൾ അംഗീകരിപ്പിക്കുകയും ചെയ്യുന്നതിൽ അനിതരസാധാരണമായ കഴിവുള്ള നേതാവായിരുന്നു ജയിംസ്. സംഘടനാ പ്രവർത്തനത്തിൽ ചിട്ടയും കണിശതയും ഉയർത്തിപ്പിടിച്ചു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാവുകയും തുടർന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളിൽ അവസാന കാലം വരെ സജീവമായി പ്രവർത്തിച്ചിരുന്നു. ഭാര്യ: ജ്യോതി ( Rtd KSEB). സംസ്കാരം നാളെ ഉച്ചയോടെ പേയാട് വീട്ടുവളപ്പിൽ. ജയിംസിൻ്റെ നിര്യാണത്തിൽ ബിഇഎഫ്ഐ സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.