ശൂരനാട് > ഭരണിക്കാവിലെ സ്വകാര്യബാറിന് മുന്നിൽ യുവാവിന്റെ മരണത്തിനിടയാക്കിയ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പോരുവഴി കമ്പലടി പുതുമംഗലത്ത് നിസാം (33) ഞായർ രാത്രി 10.30ന് ആണ് ഭരണിക്കാവ് ജങ്ഷന് സമീപത്തുവെച്ച് അപകടത്തിൽ മരിച്ചത്. അമിതമായി മദ്യപിച്ച നിസാമിനെ ബാറിലെ സെക്യൂരിറ്റി ജീവനക്കാർ തിരക്കേറിയ റോഡിലേക്ക് ഇറക്കിവിടുകയായിരുന്നു.
റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവെ ഇയാൾ റോഡിന് നടുവിൽ വീണെങ്കിലും ജീവനക്കാർ കാഴ്ചക്കാരായി നോക്കിനിന്നു. ആദ്യമെത്തിയ കാർ വെട്ടിച്ച് കടന്നുപോയെങ്കിലും പ്രദേശത്ത് ഇരുട്ടായതിനാൽ ശ്രദ്ധയിൽപ്പെടാതെ പിന്നാലെയെത്തിയ രണ്ട് വാഹനങ്ങൾ യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. യുവാവ് റോഡിൽ വീണ് കിടക്കുന്നത് സെക്യൂരിറ്റി ജീവനക്കാർ നോക്കിനിൽക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
അപകടശേഷവും യുവാവിനെ ആശുപത്രിയിലെത്തിക്കാൻ ജീവനക്കാർ തയ്യാറായില്ല. പിന്നീട് നാട്ടുകാരും പൊലീസും ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നിസാം മരിച്ചു. അപകട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ബാറിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് വാഹന ഉടമകൾക്കെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തു.