തിരുവനന്തപുരം > ഐഎഫ്എഫ്കെയെ രാജ്യത്തെ ഏറ്റവും മികച്ച മേളയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്. രാജ്യാന്തര നിലവാരത്തിലുള്ള മേളയാണ് ഇപ്പോൾ നമ്മുടേത്. കൂടുതൽ മികച്ച ചിത്രങ്ങളും പ്രതിനിധികളും എത്തുന്ന മേളയാക്കി കേരളാ രാജ്യാന്തര ചലച്ചിത്രമേളയെ ഉയർത്തുകയാണ് അക്കാഡമിയുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
മേളയുടെ മുന്നൊരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. പതിനായിരത്തിലധികം പ്രതിനിധികളാണ് ഇത്തവണ എത്തുന്നത്. സിനിമാസ്വാദനത്തിൽ പുതുതലമുറയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ ഇത്തവണ വിദ്യാർത്ഥികൾക്ക് കൂടുതൽ പാസുകൾ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര യുദ്ധങ്ങൾ ആകുലതയും ഭീതിയും പ്രതിസന്ധിയും സൃഷ്ടിച്ച രാജ്യങ്ങളിലെ മനുഷ്യരുടെ അതിജീവനം പ്രമേയമാക്കിയ ഒട്ടേറെ ചിത്രങ്ങൾ മേളയിൽ എത്തുന്നുണ്ട്. കോവിഡ് ഉൾപ്പടെ പലതരം ഭീതികൾക്കിടയിലും ചലച്ചിത്ര മേഖലയെ സമ്പന്നമാക്കി നിർത്തിയ ഒരു കൂട്ടം സംവിധായകരുടെ ചിത്രങ്ങളാണ് ഈ മേളയിലെ പ്രധാന ആകർഷണം. ലോക പ്രശസ്തരായ വനിതാ സംവിധായകരുടെ മികച്ച ചിത്രങ്ങളും നെടുമുടി വേണു, കെപിഎസ്സി ലളിത തുടങ്ങിയ മലയാളത്തിന്റെ അനശ്വര പ്രതിഭകകളോടുള്ള ആദരമായി വിവിധ സിനിമകളും മേളയിൽ പ്രദർശിപ്പിക്കുന്നുണ്ടന്നും അദ്ദേഹം പറഞ്ഞു.
തുർക്കിയിലെ യുദ്ധത്തിന്റെ ഇരയായി മാറിയ കുർദ്ദിഷ് സംവിധായിക ലിസ ചലാൻ, പ്രശസ്ത ഇന്ത്യൻ സംവിധായകൻ ഗിരീഷ് കാസറവള്ളി തുടങ്ങിയ നിരവധി സംവിധായകരും ഇത്തവണ മേളയുടെ ഭാഗമാകുന്നുണ്ട്. കോവിഡ് പ്രതിസന്ധിക്കു മുൻപത്തെപ്പോലെ നിരവധി കലാ സാംസ്കാരിക പരിപാടികൾ കൂടി ഉൾകൊള്ളുന്ന മേള കേരളത്തിന്റെ സംസ്കാരിക വിനിമയത്തിന്റെ അടയാളമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.