വാസ്കോ > ആറാണ്ടിനുശേഷം ഐഎസ്എല്ലിൽകേരള ബ്ലാസ്റ്റേഴ്സിന്റെ ചിന്നംവിളി. സെമിയിൽ ഷീൽഡ് ജേതാക്കളായ ജംഷഡ്പുർ എഫ്സിയെ ഇരുപാദങ്ങളിലുമായി 2–1ന് കീഴടക്കി ബ്ലാസ്റ്റേഴ്സ് ഫെെനലിലേക്ക് കുതിച്ചു. രണ്ടാംപാദം 1–1നാണ് അവസാനിച്ചത്. ആദ്യപാദത്തിൽ ഒരു ഗോൾ ജയം. 20നാണ് ഫെെനൽ. മറ്റന്നാൾ നടക്കുന്ന ഹെെദരാബാദ് എഫ്സി –എടികെ മോഹൻ ബഗാൻ മത്സരത്തിലെ വിജയികളെ കിരീടപ്പോരാട്ടത്തിൽ നേരിടും.
അഡ്രിയാൻ ലൂണയുടെ മാന്ത്രിക ഗോളിൽ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സ് മനോഹര പ്രകടനമാണ് കളിയിൽ ഉടനീളം പുറത്തെടുത്തത്. രണ്ടാംപകുതിയിൽ പ്രണോയ് ഹാൾദെറിലൂടെ ജംഷഡ്പുർ ഒരെണ്ണം മടക്കി. പന്ത് കെെയിൽ കൊണ്ടെങ്കിലും റഫറി ഗോൾ അനുവദിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് തളർന്നില്ല. ലീഗ് ഘട്ടത്തിൽ തുടർച്ചയായ ജയവുമായി എത്തിയ വമ്പൻമാരെ തകർപ്പൻ പ്രതിരോധത്തിലൂടെ വരിഞ്ഞുകെട്ടി.
ആദ്യപാദത്തിലെ ഒരു ഗോൾ ജയത്തിന്റെ ആത്മവിശ്വാസത്തിലെത്തിയ ബ്ലാസ്റ്റേഴ്സിന് കളത്തിലിറങ്ങുംമുമ്പ് തിരിച്ചടിയേറ്റു. പരിക്കുകാരണം സഹൽ അബ്ദുൾ സമദ് പുറത്ത്. എന്നാൽ കളത്തിൽ ബ്ലാസ്റ്റേഴ്സിന് തളർച്ചയുണ്ടായില്ല. തുടങ്ങി നിമിഷങ്ങൾക്കകം ആദ്യ ആക്രമണം. എന്നാൽ ജോർജ് ഡയസ് മനോഹരമായ നീക്കിയ പന്ത് അൽവാരോ വാസ്-കസിന് വലയിലെത്തിക്കാനായില്ല. ഗോൾ കീപ്പർ മാത്രം മുന്നിൽനിൽക്കെ പന്ത് കോരിയിടാൻ ശ്രമിച്ച വാസ് – കസിന് ലക്ഷ്യംതെറ്റി. പന്ത് പുറത്തേക്ക്. പിന്നാലെ ഡയസിന്റെ ഷോട്ട് പോസ്റ്റിൽത്തട്ടി തെറിച്ചു. തുടർന്നുള്ള നീക്കത്തിൽ ഈ അർജന്റീനക്കാരൻ വലയിലേക്ക് പന്തെത്തിച്ചെങ്കിലും ഓഫ്സെെഡായി. പതിനെട്ടാം മിനിറ്റിലായിരുന്നു ലൂണയുടെ ഒന്നാന്തരം ഗോൾ. വാസ്-കസിൽനിന്ന് പന്ത് സ്വീകരിച്ച ലൂണ പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ് അടിപായിച്ചു. പന്ത് ഗോൾ കീപ്പർ ടി പി രഹ്നേഷിനെ മറികടന്ന് വലയിൽ കയറി. ഇതോടെ ഇരുപാദങ്ങളിലുമായി ബ്ലാസ്റ്റേഴ്സിന് 2–0ന്റെ ലീഡ്.
ആദ്യപകുതിയുടെ അവസാന ഘട്ടങ്ങളിൽ ജംഷഡ്പുർ കടുത്ത ആക്രമണം കെട്ടഴിച്ചു. ഇതിനിടെ ഡാനിയേൽ ചീമ ഗോൾ നേടുകയും ചെയ്തു. ആദ്യം ഗോൾ അനുവദിച്ച റ-ഫറി പിന്നെ തിരുത്തി. രണ്ട് താരങ്ങൾ ഓഫ് സെെഡായിരുന്നു. ആദ്യപകുതി അപകടമില്ലാതെ ബ്ലാസ്റ്റേഴ്സ് അവസാനിപ്പിച്ചു. രണ്ടാംപകുതിയിൽ ഹാൾദെറുടെ ഗോൾ ബ്ലാസ്റ്റേഴ്സിന് ആശങ്കയായെങ്കിലും വിട്ടുകൊടുത്തില്ല. മാർകോ ലെസ്കോവിച്ചും റുയ്-വാ ഹോർമിപാമും സന്ദീപ് സിങ്ങും ഹർമൻജോത് ഖബ്രയും ഉൾപ്പെട്ട പ്രതിരോധം മിന്നി. അവരുടെ മികച്ചതാരം ഗ്രെഗ് സ്റ്റുവർട്ടിനെ അനങ്ങാൻ വിട്ടില്ല.