ആലപ്പുഴ> കോവിഡ് നിയന്ത്രണം നീക്കിയിട്ടും ആലപ്പുഴക്കാർക്ക് പാസഞ്ചർ ട്രെയിൻ സർവീസ് സ്വപ്നം മാത്രം. ദിവസവും അഞ്ച് പാസഞ്ചർ, മെമു സർവീസ് ഉണ്ടായിരുന്നത് രണ്ടായി ചുരുങ്ങി. കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിയ പാസഞ്ചർ ട്രെയിൻ സർവീസ് ഇനിയും പുനരാരംഭിച്ചില്ല. ഇതര സംസ്ഥാനങ്ങളിൽ സാധാരണനിലയിൽ സർവീസ് തുടരുമ്പോഴാണ് കേരളത്തോട് അവഗണന.
എറണാകുളത്തു നിന്ന് വൈകിട്ട് ആറിന് ആലപ്പുഴ വഴി കായംകുളം പാസഞ്ചറിൽ ഏകദേശം ആറായിരത്തോളം സീസൺ ടിക്കറ്റ് യാത്രക്കാരുണ്ടായിരുന്നു. ഈ സർവീസ് ഇപ്പോഴില്ല. എന്നാൽ കോട്ടയം വഴിയുള്ള പാസഞ്ചർ തടസമില്ലാതെ ഓടുന്നു.
സീസൺ ടിക്കറ്റ് യാത്രക്കാരുടെ ആശ്രയമായിരുന്ന ആലപ്പുഴ–-ധൻബാദ് എക്സ്പ്രസിൽ റിസർവേഷൻ ഇല്ലാത്ത കോച്ചുകൾ ഇല്ലാത്തതും മടക്കയാത്ര നേരത്തെയാക്കിയതും യാത്രക്കാരെ ദുരിതത്തിലാക്കി. ധൻബാദ്- –- ആലപ്പുഴ എക്സ്പ്രസ് വൈകിട്ട് നാലിനാണ് തൃശൂരിലെത്തിയിരുന്നത്. തൃശൂരിൽനിന്ന് ആലപ്പുഴയിലേക്കും ആയിരക്കണക്കിന് സീസൺ ടിക്കറ്റ് യാത്രികരുണ്ടായിരുന്നു. എന്നാൽ കോവിഡ് കാലത്ത് മടക്കയാത്ര നേരത്തെയാക്കിയതും യാത്രക്കാരെ ദുരിതത്തിലാക്കി.
തൃശൂരിൽ നിന്ന് തെക്ക് ഭാഗത്തേക്ക് യാത്ര ചെയ്തിരുന്ന സീസൺ ടിക്കറ്റ് യാത്രക്കാർക്ക് ഇപ്പോൾ പകൽ 2.30നുള്ള ഏറനാട് എക്സ്പ്രസ് പോയാൽ രാത്രി 9.30ന് പുറപ്പെടുന്ന ഗുരുവായൂർ എക്സ്പ്രസാണ് ആശ്രയം. ഈ ട്രെയിൻ ആലപ്പുഴയിലെത്തുന്നത് പുലർച്ചെ ഒന്നിനും. ഏറനാട് വൈകിട്ട് ആറോടെയെത്താറുണ്ട്.
ആലപ്പുഴ വഴിയുള്ള കായംകുളം പാസഞ്ചർ പുനഃസ്ഥാപിക്കണം. തൃശൂരിൽ നിന്ന് വൈകിട്ട് നാലിന് ആലപ്പുഴ, കായംകുളം പാസഞ്ചർ സർവീസ് വേണം. അധിക ചാർജ് ഈടാക്കിയുള്ള പ്രത്യേക സർവീസ് നിർത്തി നേരത്തേ നൽകിയിരുന്ന ഇളവുകൾ പുനഃസ്ഥാപിക്കണം.
അകലെയല്ല സമരം
ആവശ്യങ്ങളോട് റെയിൽവേ അനുകൂല നിലപാട് എടുത്തില്ലെങ്കിൽ മുതിർന്ന പൗരന്മാരും അംഗപരിമിതരുമടക്കമുള്ള യാത്രക്കാർ സമരത്തിനിറങ്ങും. റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് പാസഞ്ചർ സർവീസ് പുനഃസ്ഥാപിക്കണം.
(കെ ഹൈദർ അലി- പ്രസിഡന്റ്, ആലപ്പുഴ തൃശൂർ റെയിൽവേ പാസഞ്ചർ അസോസിയേഷൻ.)