കൊച്ചി> കലൂരിലെ ഹോട്ടൽ മുറിയിൽ ഒന്നരവയസ്സുകാരിയെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ അമ്മൂമ്മ സിപ്സിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പൂന്തുറ ബീമാപ്പള്ളിയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മുത്തശ്ശിക്കും അച്ഛൻ രാജീവനുമെതിരെ നേരത്തെ കേസെടുത്തിരുന്നു. കുഞ്ഞിന്റെ സംരക്ഷണത്തിൽ വീഴ്ച വരുത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്.
കൊച്ചിയിൽ ഒന്നര വയസുകാരിയെ മുത്തശ്ശി സിപ്സിയുടെ സുഹൃത്ത് മുക്കിക്കൊലപ്പെടുത്തുകയായിരുന്നു. ഹോട്ടൽ മുറിയിലെ ബക്കറ്റിൽ മുക്കിയാണ് കുഞ്ഞിനെ കൊന്നത്. സംഭവത്തിൽ സിപ്സിയുടെ സുഹൃത്ത് പള്ളുരുത്തി സ്വദേശി ജോൺ ബിനോയി അറസ്റ്റിലായിരുന്നു.
കൊലപാതകത്തിൽ സിപ്സിക്ക് പങ്കില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവർക്കെതിരെ വിവിധ ജില്ലകളിൽ മോഷണം മുതൽ കഞ്ചാവ് കേസുകൾ വരെയുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. അങ്കമാലി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പ്രധാനിയാണ് സിപ്സി. അങ്കമാലി, ചെങ്ങമനാട്, കൊരട്ടി, തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിൽ ഇവർക്കെതിരെ കേസുണ്ട്.
2021 ജനുവരിയിൽ അങ്കമാലിയിൽ സ്ക്കൂട്ടർ യാത്രികയെ നടുറോഡിൽ ഇടിച്ചു വീഴ്ത്തി വസ്ത്രങ്ങൾ വലിച്ചു കീറി ക്രൂരമായി മർദ്ദിച്ച കേസിൽ ഇവർ അറസ്റ്റിലായിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് കൊച്ചിയിലെ വനിതാ പൊലീസ് സ്റ്റേഷന്റെ ഓടുപൊളിച്ച് പുറത്തു കടക്കാൻ ശ്രമിച്ചതും വാർത്തയായിരുന്നു.