ദിലീപ് അടക്കമുള്ള പ്രതികള്‍ ചേര്‍ന്ന് ഫോണിലെ ഡേറ്റ നശിപ്പിക്കാൻ ശ്രമിച്ചെന്നതിൻ്റെ തെളിവ് കേസിൽ നിര്‍ണായകമാകുമെന്നാണ് കരുതുന്നത്. കോടതി ഇടപെടലിനെ തുടര്‍ന്നായിരുന്നു മുംബൈയിൽ നിന്ന് പ്രതികള്‍ ഫോണുകള്‍ തിരിച്ചെത്തിച്ച് അന്വേഷണസംഘത്തിന് കൈമാറിയത്. ഹാര്‍ഡ് ഡിസ്കിലെ വിവരങ്ങളുടെ പകര്‍പ്പിനു പുറമെ ഫോണുകള്‍ കൊറിയര്‍ ചെയ്തതിൻ്റെ ബിൽ, ലാബിൻ്റെ ഫോറൻസിക് റിപ്പോര്‍ട്ട് എന്നിവയും ക്രൈം ബ്രാഞ്ച് കണ്ടെടുത്തു. ദിലീപ് തെളിവ് നശിപ്പിച്ചിൻ്റെ വിവരങ്ങള്‍ കിട്ടിയ സാഹചര്യത്തിൽ പ്രതികളുടെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കാനാണ് ക്രൈം ബ്രാഞ്ച് ഒരുങ്ങുന്നത്. കേസിൽ മുംബൈയിലെ സ്വകാര്യ ലാബിനെ പ്രതിചേര്‍ക്കാൻ സാധ്യതയുണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.
Also Read:
നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ നടൻ ദിലീപ് അടക്കമുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കേസിലെ നിര്‍ണായക തെളിവുകളായ ആറു ഫോണുകളിലെ ഡേറ്റ നശിപ്പിച്ചതു സംബന്ധിച്ചാണ് ക്രൈം ബ്രാഞ്ചിന് തെളിവു ലഭിച്ചത്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭര്‍ത്താവ് സൂരജ് എന്നിവരുടേത് ഉള്‍പ്പെടെയാണ് ആറ് ഫോണുകള്‍. മുംബൈയിലെ സ്വകാര്യ ലാബിലെത്തിച്ച് ഫോണിലെ ഡേറ്റ നശിപ്പിച്ചെന്ന് അന്വേഷണസംഘം മുൻപ് കണ്ടെത്തിയിരുന്നു. ഫോണുകളിലെ വിവരങ്ങള്‍ നീക്കിയ ശേഷമാണ് ഇവ കോടതിയ്ക്ക് കൈമാറിയതെന്നാണ് ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച ഫോറൻസിക് റിപ്പോര്‍ട്ടിലുള്ളത്. ഫോണുകള്‍ കൈമാറാൻ ജനുവരി 29നായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനു ശേഷം മാത്രമാണ് ഇവ മുംബൈയിലേയ്ക്ക് അയച്ചതെന്നും വിവരങ്ങള്‍ നശിപ്പിക്കാൻ മനഃപൂര്‍വം ശ്രമിക്കുകയായിരുന്നുവെന്നും ക്രൈം ബ്രാഞ്ച് ആരോപിക്കുന്നു.
ഫോണുകള്‍ കൈമാറാൻ ഉത്തരവ് വന്ന ദിവസവും പിറ്റേന്നുമായി അഭിഭാഷകൻ്റെ ഇടപെടൽ വഴിയാണ് മുംബൈയിലേയ്ക്ക് കൊണ്ടുപോയത്. ഈ സാഹചര്യത്തിൽ തെളിവുകള്‍ നശിപ്പിക്കാൻ പ്രതിഭാഗം ആസൂത്രിതശ്രമം നടത്തിയെന്ന് സ്ഥാപിക്കുന്നത് അന്വേഷണസംഘത്തിന് നിര്‍ണായകമാകും.
Also Read:
അതേസമയം, സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തൽ സംബന്ധിച്ച് ദിലീപിൻ്റെ ജോലിക്കാരൻ ദാസൻ നല്‍കിയ മൊഴി ദിലീപിന് തിരിച്ചടിയാകും. ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട ഒന്നും പോലീസിനോടു പറയരുതെന്ന് ദിലീപിൻ്റെ അഭിഭാഷകര്‍ വിലക്കിയെന്ന് ഇയാള്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നിൽ മൊഴി നല്‍കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.