ആലുവ> ആലുവ സിവിൽ സ്റ്റേഷൻ റോഡിൽ ബിജെപി നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് വളപ്പിൽ കണ്ട അജ്ഞാതമൃതദേഹം ആരുടേതെന്ന് തിരിച്ചറിയാനായില്ല. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. തിങ്കൾ രാവിലെ എട്ടിന് വഴിയാത്രക്കാരാണ് 40 വയസ്സുതോന്നിക്കുന്ന യുവാവിന്റെ മൃതദേഹം ബിജെപി ഓഫീസ് വളപ്പിൽ കണ്ടെത്തിയത്.
നെറ്റിയിൽ മുറിവ് ഉണങ്ങിയ പാടുള്ള ഇയാൾക്ക് 157 സെന്റീമീറ്റർ ഉയരമുണ്ട്. ഷർട്ടിലെ സ്റ്റിക്കറിൽനിന്ന് തയ്യൽക്കടയുടെ വിവരം ശേഖരിച്ചു. ഇടപ്പള്ളിയിലെ തയ്യൽക്കാരനിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണെന്ന് ആലുവ എസ്എച്ച്ഒ എൽ അനിൽകുമാർ അറിയിച്ചു. മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.