കൊച്ചി> രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാനില്ലെന്ന് എ കെ ആന്റണി വ്യക്തമാക്കിയതിന് പിന്നാലെ പാർലമെന്റിലെ ആന്റണിയുടെ മുൻകാല പ്രകടനങ്ങൾ ചർച്ചയാക്കി സോഷ്യൽ മീഡിയ. ആറ് വർഷത്തിൽ ഒരു തവണ പോലും ആന്റണി രാജ്യസഭയിൽ ചോദ്യം ചോദിച്ചിട്ടില്ലെന്ന കണക്കുകൾ നിരത്തിയാണ് വിമർശനം. ദേശീയ ശരാശരി 609.25 ഉം സംസ്ഥാന ശരാശരി 779.09 ഉം ആയിരിക്കെയാണ് കോൺഗ്രസിലെ മുതിർന്ന നേതാവിന്റെ ദയനീയ പ്രകടനം.
ഈ കാലയളവിൽ 14 തവണ മാത്രമാണ് ആന്റണി ചർച്ചയിൽ പങ്കെടുക്കുന്നത്. ചർച്ചകളിൽ ദേശീയ ശരാശരി 150.9 ഉം സംസ്ഥാന ശരാശരി 217 ഉം ആണ്. കേരളത്തിൽ നിന്നുള്ള സിപിഐ എം രാജ്യസഭാ മെമ്പർ കെ സോമപ്രസാദ് ഈ കാലയളവിൽ ചോദിച്ചത് 249 ചോദ്യങ്ങളാണ്. പങ്കെടുത്തത് 156 ചർച്ചകളിലും. 2021ൽ രാജ്യസഭയിൽ എത്തിയ ജോൺ ബ്രിട്ടാസ് ഇതുവരെ ചോദിച്ചത് 100 ചോദ്യങ്ങളാണെന്നതും ശ്രദ്ദേയമാണ്.
ബിജെപി സർക്കാറിനെതിരെ മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയും, കേരള മുൻ മുഖ്യമന്ത്രിമായ ആന്റണി മിണ്ടാതിരിക്കുകയായിരുന്നെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതോടെ ആന്റണിയുടെ പിന്മാറ്റത്തെ ത്യാഗിയായ ഗാന്ധിയന് എന്ന് പരിഹസിച്ചാണ് സോഷ്യല് മീഡിയ വരവേറ്റത്.