തിരുവനന്തപുരം> സംസ്ഥാനത്തിന്റെ അടുത്ത വര്ഷത്തേയ്ക്കുള്ള ബജറ്റ് 11ന് ധനമന്ത്രി കെ എന് ബാലഗോപാല് നിയമസഭയില് സമര്പ്പിക്കും. രാവിലെ ഒമ്പതിന് അവതരണം ആരംഭിക്കും. ബാലഗോപാൽ ഇത് രണ്ടാം തവണയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. 2021 ജൂണ് നാലിന് ബാലഗോപാല് അവതരിപ്പിച്ച ആദ്യ ബജറ്റ് തൊട്ടമുമ്പ് ഡോ. ടി എം തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ തുടര്ച്ചയായി, അതിന്റെ പുതുക്കിയ രൂപമായിരുന്നു. ഇത്തവണ പൂര്ണ ബജറ്റ് പ്രസംഗവും.
കേരള നിയമസഭയില് ബജറ്റ് അവതരണത്തിന് അവസരം ലഭിച്ചവര് 19 പേര്. ഇവരില് കെ എം മാണിയാണ് മുന്നില്. 13 ബജറ്റ് അദ്ദേഹം അവതരിപ്പിച്ചു. തോമസ് ഐസക് തൊട്ടുപിന്നിലും. 12 തവണ. ടി ശിവദാസ മേനോന്, ആര് ശങ്കര് എന്നിവര് ആറു തവണയും. വി വിശ്വനാഥ മേനോനും ഉമ്മന്ചാണ്ടിയും അഞ്ചുവീതം ബജറ്റ് അവതരിപ്പിച്ചു. സി അച്യുതമേനോനും, കെ ശങ്കരനാരായണനും, പി കെ കുഞ്ഞിനും നാലുതവണവീതം അവസരമുണ്ടായി. ഡോ. കെ ജി അടിയോടി മൂന്നുതവണയും, സി വി പത്മരാജന് രണ്ടു പ്രാവശ്യവും അവതരിപ്പിച്ചു. എന് കെ ശേഷന്, കെ ടി ജോര്ജ്, സി എച്ച് മുഹമ്മദ് കോയ, എം കെ ഹേമചന്ദ്രന്, എസ് വരദരാജന് നായര്, ഇ കെ നായനാര്, വക്കം പുരുഷോത്തമന് എന്നിവര് ഒരു തവണ അവസരം ലഭിച്ചവരും.
ബജറ്റ് എന്ത്? എങ്ങനെ?
ഒരു വര്ഷത്തെ സംസ്ഥാനത്തിന്റെ വരവുകളും ചെലവുകളും പ്രതിപാദിക്കുന്ന ‘സാമ്പത്തിക രൂപരേഖ’യാണ് ബജറ്റ് എന്ന ഭരണഘടനാ ദത്തമായ സര്ക്കാര് ഉപാധി. ഇന്ത്യന് ഭരണഘടനയുടെ 202–ാം അനുച്ഛേദം അനുസരിച്ചുള്ള ഈ ധനകാര്യ പത്രിക അഥവാ ബജറ്റ് ഓരോ വര്ഷവും സര്ക്കാര് നിയമസഭയില്വച്ചു പാസാക്കുന്നു. വരവു ചെലവ് ഇനങ്ങളുടെ ക്രമീകരണമാണ് ബജറ്റിന്റെ പ്രധാന ഉദ്ദേശ്യം. ഇവിടെയാണ് ചെലവിനങ്ങള്ക്ക് മുന്ഗണന നിശ്ചയിക്കുന്നത്. ചെലവിനങ്ങള്ക്ക് അനുസരിച്ച്, അല്ലെങ്കില് സര്ക്കാരിന്റെ പ്രവര്ത്തനങ്ങളുടെ ആവശ്യകതക്കനുസരിച്ചുള്ള ധനാഗമന മാര്ഗങ്ങള് കണ്ടെത്തുവാനുള്ള മാര്ഗങ്ങള് ബജറ്റില് അവതരിപ്പിക്കുന്നു.സര്ക്കാരിന്റെ പ്രവര്ത്തനങ്ങളിലെ മാറ്റങ്ങള്ക്ക് അനുസൃതമായി ബജറ്റിന്റെ രൂപവും ഭാവവും മാറുന്നുവെന്ന് ഇടതുപക്ഷ സാമ്പത്തിക ശാസ്ത്രജ്ഞനും കേരളത്തിന്റെ ധനമന്ത്രിയുമായ ഡോ. ടി എം തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു.
18–ാം നൂറ്റാണ്ടിലെ ക്ലാസിക്കല് എക്കണോമിക്സില് പ്രമുഖനായിരുന്ന ആഡം സ്മിത്തിന്റെ ‘വെല്ത്ത് ഓഫ് ദി നേഷനി’ല്നിന്നാണ് തോമസ് ഐസക് ചില സൂചകങ്ങള് മുന്നോട്ടുവയ്ക്കുന്നത്. ‘സര്ക്കാരിന് മറ്റ് സാമ്പത്തിക മേഖലയിലേക്ക് ഇടപെടേണ്ടതില്ല. സര്ക്കാര് പ്രവര്ത്തനം വളരെ പരിമിതമാണ്. ജീവനും സ്വത്തിനും പരിരക്ഷ കൊടുക്കുക, ക്രമസമാധാനം നടപ്പാക്കുക തുടങ്ങിയ വളരെ അത്യാവശ്യം ചില കാര്യങ്ങള് മാത്രമേ സര്ക്കാര് പ്രവര്ത്തനങ്ങളില് വരുന്നുള്ളു. ബാക്കിയുള്ളതെല്ലാം പ്രൈസ് മെക്കാനിസവും മാര്ക്കറ്റിങ് മെക്കാനിസവും ഉപയോഗിച്ച് സമതുല്യതാവസ്ഥ നിറവേറ്റണം’–വെല്ത്ത് ഓഫ് നേഷന് വിവരിക്കുന്നു. ഇതുതന്നൊയിരുന്നു 18–ാം നൂറ്റാണ്ടിലെ ക്ലാസിക്കല് എക്കണോമിക്സിന്റെ നിലപാടും.
കെയ്ന്സിന്റെ (ജോണ് മെയനാഡ് കെയ്ന്സ് — ആധുനിക സ്ഥൂലസാമ്പത്തിക ശാസ്ത്രത്തിന്റെ സിദ്ധാന്തത്തിലും പ്രയോഗത്തിലും നിര്ണായക സ്വാധീനം ചെലുത്തിയ ബ്രിട്ടീഷ് ധനശാസ്ത്രജ്ഞന്, 1883–1946) കാലഘട്ടത്തില് നിഗമനങ്ങള് മാറുന്നു. രണ്ടാം ലോക മഹായുദ്ധം സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യം മറികടക്കാന്, സര്ക്കാര് പ്രവര്ത്തനവും പൊതുചെലവും വര്ധിപ്പിക്കണമെന്നും, അതിലൂടെ ജനങ്ങളുടെ സാമ്പത്തിക ശേഷി ഉയര്ത്തണമെന്നുമുള്ള ആശയം കെയ്ന്സ് മുന്നോട്ടുവച്ചു. രാജ്യത്ത് ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങള് വാങ്ങാനുള്ള ക്രയശക്തി ജനങ്ങള്ക്ക് ലഭ്യമാക്കണം. എങ്കിലേ ‘ഡിമാണ്ട്’ (ചരക്കിനും സേവനത്തിനുമുള്ള ആവശ്യകത) ഉണ്ടാകൂ. ഡിമാണ്ട് ഉണ്ടായാലേ വ്യവസായ വികസനവും സാമ്പത്തിക വളര്ച്ചയും ഉണ്ടാകൂ. ആഡം സ്മിത്ത് നിര്ദേശിക്കുന്നതുപോലെ, പൊതുചെലവ് പരിമിതപ്പെടുത്തുകയല്ല വേണ്ടത്. പൊതുചെലവ് കഴിയുന്നത്ര വര്ധിപ്പിക്കണം. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ തൊഴില് സൃഷ്ടിക്കണം.
രണ്ടാം ലോക മഹായുദ്ധവും കഴിഞ്ഞ് പതിറ്റാണ്ടുകള്ക്കുശേഷമുള്ള ഈ കാലഘട്ടത്തില് സര്ക്കാരിന്റെ ഉത്തരവാദിത്വവും കടമകളും ഉയരുന്നു. സാമ്പത്തികാസൂത്രണം, സാമൂഹ്യനീതി, വികേന്ദ്രീകൃത നീതി എന്നിവയെല്ലാം ഭരണ നിര്വഹണത്തിന്റെ പ്രധാന ഭാഗമാകുന്നു. രാജ്യത്തിന്റെ സമഗ്ര വികസനത്തിനുള്ള പദ്ധതിയാണ് ഇക്കാലത്ത് ആവശ്യം. കൂടുതല് ആനുകൂല്യങ്ങള് ലഭ്യമാക്കേണ്ട മേഖലകള് നിശ്ചയിക്കണം. അതിനനുസരിച്ചുള്ള മുന്ഗണന തയ്യാറാക്കണം. ഇതെല്ലാം ബജറ്റിന്റെ രൂപഭാവത്തില് വലിയ മാറ്റമുണ്ടാക്കി. ബജറ്റ് വെറും വരവുചെലവു കണക്ക് എന്ന സങ്കല്പം അടിമുടി തകര്ത്തെറിയപ്പെട്ടു. സാമ്പത്തിക, സാമൂഹ്യ മണ്ഡലങ്ങളില് പരിവര്ത്തനം നടത്തുന്ന ശക്തമായ ആയുധമായി ബജറ്റ് മാറുന്നു–തോമസ് ഐസക് വിശദീകരിക്കുന്നു.
ബജറ്റിന്റെ രൂപ മാറ്റം
വളരെ ലളിതമായ ഒരു രേഖ–ഇതായിരുന്നു ഇന്ത്യയില് പൊതുവെ പഴയകാല ബജറ്റ്. സര്ക്കാര് പ്രവര്ത്തനം പരിമിതം. ഇതിനനുസരിച്ച് വരുമാനവും ചെലവും ചെറിയ രൂപത്തിലായിരുന്നു. കാലക്രമേണ, സാമൂഹ്യക്ഷേമം, സമഗ്രവികസന ആസൂത്രണം മുതലായവ സര്ക്കാരിന്റെ കര്ത്തവ്യമായി. വികസന, ക്ഷേമ പരിപാടികളുടെ നിര്വഹണം സര്ക്കാരില് നിക്ഷിപ്തമായി. ഇതോടെ ബജറ്റിന്റെ വ്യാപ്തി വികസിച്ചു. ബൃഹത് രേഖ എന്ന പദവിയിലേക്ക് ഉയര്ന്നു. സംസ്ഥാന പദ്ധതികള്ക്കൊപ്പം, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിര്വഹണവും സംസ്ഥാന സര്ക്കാരുകളുടെ ചുമതലയിലായി. കേന്ദ്രവും സംസ്ഥാനവും പ്രത്യേക അനുപാതത്തില് പണം ചെലവഴിക്കുന്ന പദ്ധതികളുമുണ്ടായി. ഇതെല്ലാം ബജറ്റില് വലിയ രൂപമാറ്റമുണ്ടാക്കി.
നിയമസഭയും ബജറ്റും
ധനകാര്യ മന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതില് നിന്നാണ് നിയമസഭയുടെ ബജറ്റ് കര്ത്തവ്യങ്ങളുടെ തുടക്കം. ഇവിടെ നിയമസഭാ സാമാജികന്റെ കര്ത്തവ്യങ്ങളും ആരംഭിക്കും. ബജറ്റ് പ്രസംഗം ധനമന്ത്രി നിയമസഭയില് അവതരിപ്പിക്കും. ഇതിനൊപ്പം ബജറ്റ് രേഖകളും സമര്പ്പിക്കും.
ഭരണഘടനയും ബജറ്റും സംസ്ഥാന നിയമസഭയും
അനുച്ഛേദം 202:
1) സംസ്ഥാന നിയമസഭയുടേയോ, സഭകളുടേയോ മുമ്പാകെ ഓരോ സാമ്പത്തിക വര്ഷത്തേക്കും വാര്ഷിക ധനവിവര പത്രിക എന്ന സംസ്ഥാനത്തിന്റെ വാര്ഷിക മതിപ്പ് വരവു ചെലവുകളുടെ പട്ടിക ഗവര്ണര് വയ്ക്കണം.
2) വാര്ഷിക ധനവിവര പത്രികയിലെ മതിപ്പു ചെലവു കണക്കുകളില് രണ്ട് വിഭാഗങ്ങള് പ്രത്യേകം രേഖപ്പെടുത്തണം;
–സംസ്ഥാനത്തിന്റെ സഞ്ചിതനിധിയില്നിന്ന് നടത്തേണ്ട ചെലവ് എന്ന് ഭരണഘടനയില് വിശേഷിപ്പിച്ചിട്ടുള്ള ചെലവുകള്ക്കുള്ള തുകകള്;
–സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്നിന്ന് വഹിക്കാനുദ്ദേശിക്കുന്ന മറ്റ് ചെലവുകള്ക്കായി സഞ്ചിത നിധിയില്നിന്ന് എടുക്കുന്ന തുകകള്.
റവന്യു കണക്കില്പ്പെടുന്ന ചെലവുകള് മറ്റു ചെലവുകളില്നിന്ന് വേര്തിരിച്ച് കാണിക്കണം. നികുതി ചുമത്തുന്നതിനും പിരിയ്ക്കുന്നതിനും നിയമത്തിന്റെ പ്രബാല്യം വേണമെന്നതാണ് പ്രധാനം. അനുച്ഛേദം 265 ഇതിന് അടിവരയിടുന്നു. അനുച്ഛേദം 266 ചെലവുകളുടെ നിയന്ത്രണം ലക്ഷ്യമിടുന്നു. സഞ്ചിത നിധിയിലെ തുക ഭരണഘടനാ വ്യവസ്ഥയ്ക്ക് വിരുദ്ധമായ ആവശ്യങ്ങള്ക്കും രീതികള്ക്കും ഉപയോഗിക്കാന് പാടില്ലെന്നാണ് ഈ അനുച്ഛേദം നിഷ്കര്ഷിക്കുന്നത്. നിയമസഭയ്ക്ക് ഒരു ധനാഭ്യര്ത്ഥന നിരസിക്കാനോ കുറയ്ക്കാനോ അധികാരമുണ്ട്. വര്ധിപ്പിക്കാനാകില്ല.
ധനവിനിയോഗത്തിനുള്ള അംഗീകാരം
നിയമസഭ പാസാക്കി നല്കുന്ന തുക സഞ്ചിത നിധിയില്നിന്ന് വിനിയോഗിക്കുന്നതിന് ധനവിനിയോഗ നിയമം (അപ്രോപ്രിയേഷന് നിയമം) പാസാക്കണമെന്ന് അനുച്ഛേദം 204–ലൂടെ ഭരണഘടന നിഷ്കര്ഷിക്കുന്നു. ഉപധനാഭ്യര്ത്ഥനകള്ക്കും, വോട്ട് ഓണ് അക്കൗണ്ടിനും, വോട്ട് ഓഫ് ക്രെഡിറ്റിനും ധനവിനിയോഗ നിയമം ഭരണഘടനാ വ്യവസ്ഥയില്പ്പെടുന്നു. നിയമസഭ പാസാക്കിയ ഗ്രാന്റ് വഴിയല്ലാതെ ധനവിനിയോഗം സാധിക്കില്ല.
പാര്ലമെന്റിന്റെ സമ്പ്രദായങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച ആധികാരിക ഗ്രന്ഥം ശക്തര് ആന്ഡ് കൗളില് പറയുന്നത് പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന സഭകളില് രണ്ട് പത്രികകള് സമര്പ്പിക്കണമെന്നാണ്. തെരഞ്ഞെടുപ്പിനുമുമ്പ് നാലു മാസത്തെക്കുള്ള വോട്ട് ഓണ് അക്കൗണ്ടിനുള്ള പത്രികയും, തെരഞ്ഞെടുപ്പിനുശേഷം വരുന്ന സര്ക്കാര് പൂര്ണ ബജറ്റും അവതരിപ്പിക്കമെന്ന് നിര്ദേശിക്കുന്നു.
തെരഞ്ഞെടുപ്പിനുശേഷം വ്യത്യസ്ത പാര്ടിയോ മുന്നണിയോ അധികാരത്തില് വന്നാല്, ഭരണത്തിന്റെ മുന്ഗണന മാറും. സ്വാഭാവികമായും വ്യത്യസ്തമായ പുതിയ ബജറ്റ് അവതരിപ്പിക്കുക സ്വാഭാവികമാണ്.
ധനകാര്യ വിഷയങ്ങളിലെ നടപടിക്രമം
അനുച്ഛേദം 202 അനുസരിച്ച് വാര്ഷിക ധനവിവര പത്രിക നിയമസഭയുടെ മേശപ്പുറത്തുവച്ചാല് ധനകാര്യങ്ങളിലെ ഭരണഘടനാപ്രകാരമുള്ള നടപടിക്രമങ്ങളുടെ തുടക്കമായി. ഒപ്പം ധനമന്ത്രിയുടെ ബജറ്റ് പ്രസംഗവും സഭയില് നടക്കും.
ബജറ്റ് രേഖകള്
ബജറ്റ് ഡോക്കുമെന്റ് എന്ന നിലയില് നിലവില് 13 രേഖകളാണ് നിയമസഭയ്ക്ക് സമര്പ്പിക്കുക.
1) ബജറ്റ് പ്രസംഗം ഇംഗ്ലീഷിലും മലയാളത്തിലും
2) വാര്ഷിക സാമ്പത്തിക സ്റ്റേറ്റ്മെന്റ്
3) വരുമാനം സംബന്ധിച്ച വിശദ ബജറ്റ് എസ്റ്റിമേറ്റ്സ്
4) ധനാഭ്യര്ത്ഥനകളുടെ വിശദ ബജറ്റ് എസ്റ്റിമേറ്റ്സ്
5) കടം ഇനങ്ങളിലുള്ള വരവുചെലവു കണക്കുകളുടെ വിശദമായ എസ്റ്റിമേറ്റ്സ്
6) പഞ്ചവത്സര പദ്ധതികളുടെ തന്നാണ്ടത്തെ പരിപാടികള്
7) വിശദമായ ബജറ്റ് എസ്റ്റിമേറ്റുകളുടെ അനുബന്ധം 1 (ജീവനക്കാരെ സംബന്ധിച്ചത്)
8) മരാമത്ത് പണികള് സംബന്ധിച്ച വിശദമായ ബജറ്റ് എസ്റ്റിമേറ്റുകള് — അനുബന്ധം 2 (ഭരണാനുമതി നല്കിയതും, ഭരണാനുമതി നല്കാത്തതും)
9) ബജറ്റില് പഞ്ചായത്ത്, നഗരപാലിക സ്ഥാപനങ്ങള്ക്കായി നീക്കിവച്ചിട്ടുള്ള തുകയുടെ വിശദ വിവരം–അനുബന്ധം 4
10) ബജറ്റ് വിശദീകരണ പത്രിക
11) ബജറ്റ് ചുരുക്കത്തില്
12) വോട്ട് ഓണ് അക്കൗണ്ട്
13) മീഡിയം ടേം ഫിസ്ക്കല് പോളിസി സ്റ്റേറ്റ്മെന്റും ധനസംബന്ധമായ സ്ട്രാറ്റജിക് സ്റ്റേറ്റുമെന്റും
ഇതിനുപുറമെ ധന ബില്ലും സാമ്പത്തികാവലോകന റിപ്പോര്ട്ടും നല്കുന്നു. ബജറ്റ് രേഖകളിലെ വിശദാംശങ്ങള് മനസിലാക്കുക നിയമസഭാ അംഗത്തിന് ബജറ്റ് നടപടിക്രമങ്ങളില് മികച്ച ഇടപെടലിന് വലിയ സഹായമാകുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് ചുണ്ടിക്കാട്ടുന്നു.
ബജറ്റ് പ്രസംഗം
ബജറ്റ് രേഖകളില് ബജറ്റ് പ്രസംഗത്തിന് പ്രത്യേക പ്രസക്തിയും പ്രാധാന്യവുമുണ്ട്. സര്ക്കാരിന്റെ നയങ്ങളെകുറിച്ചുള്ള പൊതുവിവരമാണ് പ്രസംഗത്തിലുള്പ്പെടുക. സംസ്ഥാനത്തിന്റെ സാമ്പത്തിക നില, മുഖ്യ ആസൂത്രിത പരിപാടികള്, നികുതി നിര്ദേശങ്ങള്, നടപ്പുവര്ഷത്തേയ്ക്കുള്ള മതിപ്പുതുക, മൂലധന ചെലവുകള്, ഏറ്റെടുക്കാന് ഉദ്ദേശിക്കുന്ന പരിപാടികളും മാര്ഗങ്ങളും ഉപാധികളും, സര്ക്കാരിന്റെ പൊതുവായ സാമ്പത്തിക നയം എന്നിവയെല്ലാം പ്രസംഗത്തിന്റെ ഭാഗമാകും. ബജറ്റിനൊപ്പമോ, അതിന് തൊട്ടുമുമ്പോ നല്കുന്ന മുന്കൊല്ലത്തെ സാമ്പത്തികാവലോകന റിപ്പോര്ട്ട് സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയുടെ വ്യക്തമായ ചിത്രം ലഭ്യമാക്കും. മുന്വര്ഷങ്ങളില് നിയമസഭ പാസാക്കി നല്കിയ തുകയുടെ വിനിയോഗത്തിലൂടെയുണ്ടായ പ്രവര്ത്തന പുരോഗതിയും റിപ്പോര്ട്ട് ചുണ്ടിക്കാട്ടും.
വരുമാനവും ചെലവും
വരുമാനവും ചെലവും സംബന്ധിച്ച കണക്കുകളുടെ വിശദാംശങ്ങള് രണ്ട് വാല്യമായിട്ടായിരിക്കും തയ്യാറാക്കപ്പെടുക. വരവ് സംബന്ധിച്ച ബജറ്റ് കണക്കുകള് ഒന്നാം വാല്യത്തിലും, ചെലവുകള്ക്കായുള്ള വിശദ ധനാഭ്യര്ത്ഥന അടങ്ങിയ വിശദ ചെലവ് കണക്കുകള് രണ്ടാം വാല്യത്തിലും വിവരിക്കും. ബജറ്റ് വിശദീകരണ പത്രിക ബജറ്റിനെകുറിച്ച് സംക്ഷിപ്തമായി മനസിലാക്കാന് സഹായിക്കും. ബജറ്റ് ചുരുക്കത്തില് എന്ന രേഖയില് തന്നാണ്ടത്തെ റവന്യു വരുമാന, ചെലവു വിവരങ്ങള് പ്രത്യേകമായി രേഖപ്പെടുത്തും.
ചെലവുകള്: പദ്ധതിയും, പദ്ധതിയേതിരവും
വാര്ഷിക പദ്ധതി രേഖ ബജറ്റിന്റെ പ്രധാന രേഖകളിലൊന്നാണ്. പഞ്ചവത്സര പദ്ധതിയുടെ തന്നാണ്ടത്തെ പരിപാടികള് ഇതില് വിശദീകരിക്കും. പദ്ധതി പ്രകാരമുള്ള വരവുചെലവു കണക്കുകള് പ്ലാന് ബജറ്റാകും. പദ്ധതിയേതര വരവുചെലവു കണക്കുകള് നോണ് പ്ലാന് ബജറ്റുമാകും.
ബജറ്റ് അടങ്കല്
ഓരോ സാമ്പത്തിക വര്ഷത്തേയും റവന്യു വരുമാനവും റവന്യു മൂലധന ചെലവുകളും സംബന്ധിച്ച സര്ക്കാരിന്റെ വീക്ഷണമാണ് ബജറ്റ് അടങ്കലുകളാകുന്നത്. ഉദ്ദേശിച്ച വരുമാനം കുറയുകയോ, ചെലവുകള് കൂടുകയോ ചെയ്താല് ബജറ്റ് അടങ്കല് അയഥാര്ത്ഥ്യമെന്ന കുറ്റപേരു വരാം. ഇവിടെ ബജറ്റിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു. ഇങ്ങനെ സംഭവിക്കാനുള്ള കാരണങ്ങളും പലവിധമാണ്. അവിചാരിതമായ പുതിയ ചെലവുകള്, നികുതി വരുമാനത്തിന്റെ ലക്ഷ്യം കൈവരിക്കാനാകാത്ത അവസ്ഥ തുടങ്ങിയവ ഉദാഹരണം. ഇത് സര്ക്കാരിന്റെ ബജറ്റ് പ്രതീക്ഷകളെ തകിടംമറിക്കുന്നു.
വികേന്ദ്രീകൃത പദ്ധതി, പദ്ധതിയേതര തുക
സംസ്ഥാന സഞ്ചിതനിധിയില്നിന്ന് ത്രിതല പഞ്ചായത്തുകള്ക്കും നഗരസഭകള്ക്കുമുള്ള സഹായങ്ങള് നിര്ദേശിക്കുന്നത് സംസ്ഥാന ധന കമീഷന് എന്ന ഭരണഘടനാ സംവിധാനമാണ്. ഭരണഘടനയുടെ അനുച്ഛേദം 243 (ഐ) അനുസരിച്ചാണ് പഞ്ചായത്ത്, നഗരപാലികയ്ക്കായി സംസ്ഥാന ധന കമീഷനെ നിയമിക്കുന്നത്. സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്നിന്ന് ഇത്ര ശതമാനം തുക പഞ്ചായത്തുകള്ക്കും നഗരസഭകള്ക്കും നല്കാന് സംസ്ഥാന സര്ക്കാരിനോട് സംസ്ഥാന ധന കമീഷന് ശുപാര്ശ ചെയ്യുന്നു. ഈ ശുപാര്ശ സംസ്ഥാന ധന കമീഷന് കേന്ദ്ര ധന കമീഷനും അയക്കുന്നു. സംസ്ഥാന–കേന്ദ്ര ധന കമീഷനുകളുടെ ശുപാര്ശ പരിഗണിച്ചാണ് സംസ്ഥാന സര്ക്കാര് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്കുള്ള സംസ്ഥാന സഹായം അനുവദിക്കുന്നത്. ഇതും ബജറ്റിന്റെ ഭാഗമാകും.
ഇടക്കാല സാമ്പത്തിക നയ പത്രികയും ധനസംബന്ധമായ പ്രയോഗ പത്രികയും (സ്ട്രാറ്റജി സ്റ്റേറ്റ്മെന്റ്)
‘2003–ലെ കേരള ധനസംബന്ധമായ ഉത്തരവാദിത്വ ആക്ട്’ ലക്ഷ്യമിടുന്നത് സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തലാണ്. സര്ക്കാരിന്റെ ധനസംബന്ധമായ ഇടപാടുകള് സുതാര്യമാക്കിയുള്ള മിതകാല പദ്ധതിയിലൂടെ സാമ്പത്തിക നയം നടപ്പാക്കുന്നതിനും സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിനും നിയമം വ്യവസ്ഥ ചെയ്യുന്നു. റവന്യുകമ്മി ക്രമാനുഗതമായി ഇല്ലാതാക്കിയും, സാമ്പത്തിക സുസ്ഥിരതയ്ക്ക് അനുരൂപമാംവിധം കടമെടുപ്പ് ക്രമീകരിച്ചുമാണ് ലക്ഷ്യത്തിലേക്ക് എത്തുന്നത്. ഇതിനുള്ള ഉപാധികളാണ് ഇടക്കാല സാമ്പത്തിക നയ പത്രികയും ധനസംബന്ധമായ പ്രയോഗ പത്രികയും.
പെര്ഫോമന്സ് ബജറ്റ്
പദ്ധതികള്ക്കായി നിയമസഭ അംഗീകരിച്ചുനല്കിയ തുകയേയും ലക്ഷ്യപ്രാപ്തിയേയും കോര്ത്തിണക്കുകയാണ് പെര്ഫോമന്സ് ബജറ്റിന്റെ ദൗത്യം. ബജറ്റിന്റെ രൂപീകരണത്തെ മെച്ചപ്പെടുത്താനും, സര്ക്കാരിന്റെ വിവിധ തലങ്ങളിലുള്ള തീരുമാനങ്ങള്ക്കും ഇത് സഹായിക്കുന്നു. ചെലവാക്കുന്ന തുകയുടെ പരിപൂര്ണ ഉത്തരവാദിത്വം പദ്ധതികളുടെ ചുമതലക്കാര്ക്ക് ഇതിലൂടെ ഉറപ്പാക്കുന്നു.
കണക്കുകളും ബജറ്റും
മൂന്നുതരം കണക്കുകളാണ് ബജറ്റിലൂടെ പ്രധാന ചര്ച്ചയ്ക്ക് വിധേയമാകുന്നത്. സഞ്ചിതനിധി, കണ്ടിജന്സി ഫണ്ട് (ആകസ്മിക നിധി), പബ്ലിക് അക്കൗണ്ട്.സര്ക്കാര് വരവുചെലവുകള് സഞ്ചിത നിധിയിലോ, പബ്ലിക് അക്കൗണ്ടിലോ ഉള്ള പ്രധാന ശീര്ഷകങ്ങളില്നിന്നുള്ളതായിരിക്കുമെന്ന് ചട്ടങ്ങള് വ്യവസ്ഥ ചെയ്യുന്നു. സഞ്ചിതനിധിയില്നിന്നുള്ള ചെലുകള്ക്ക് സര്ക്കാര് ധനാഭ്യര്ത്ഥനയുമായി നിയമസഭയെ സമീപിക്കും.
സഞ്ചിത നിധിയില്നിന്നുള്ള ചെലവുകളുടെ അടങ്കല് തുകകള് രണ്ടുതരം
എ) സഞ്ചിതനിധിയില് ചാര്ജ് ചെയ്തിട്ടുള്ള ചെലവുകള്
ഈ ചെലവുകള്ക്ക് നിയമസഭയുടെ വോട്ട് ആവശ്യമില്ല. ഗവര്ണറുടെ വേതനവും ഇതര ചെലവുകളും, സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും ശമ്പളവും ബത്തകളും, സംസ്ഥാനത്തിന് ബാധ്യതയുള്ള കടം സംബന്ധമായ എല്ലാ ചെലവുകളും, ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളവും ബത്തകളും, ഏതെങ്കിലും വിധിന്യായം അനുസരിച്ചുള്ള ബാധ്യതകള് തീര്ക്കുന്നതിനുള്ള ചെലവുകള്, ഭരണഘടനയിലോ, നിയമസഭ പാസാക്കിയ ഏതെങ്കിലും നിയമത്തിലോ ചാര്ജ് ചെയ്തതായി പ്രഖ്യാപിച്ചിട്ടുള്ളവ എന്നിവയെല്ലാം ഇതില് ഉള്പ്പെടുന്നു.
ബി) വോട്ടഡ് അക്കൗണ്ട്
സഞ്ചിതനിധിയില്നിന്ന് ചാര്ജ് ചെയ്തിട്ടില്ലാത്ത മറ്റ് ചെലവുകളെല്ലാം ഇതില്പ്പെടും. ഈ ചെലവുകള്ക്ക് നിയമസഭയുടെ വോട്ട് ആവശ്യമാണ്. ചാര്ജ് ചെയ്തിട്ടുള്ള അടങ്കലുകള് നിയമസഭയില് ചര്ച്ച ചെയ്യാം. മറ്റ് ചെലവുകള് സംബന്ധിച്ച അടങ്കലുകള് ധനാഭ്യര്ത്ഥനകളായി സഭയില് അവതരിപ്പിക്കും. ഇതിന് അനുമതി നല്കുന്നതിനോ, നിഷേധിക്കുന്നതിനോ, കുറവു വരുത്തുന്നതിനോ സഭയ്ക്ക് അധികാരമുണ്ട്. എന്നാല്, തുക കൂട്ടാന് സഭയ്ക്ക് അധികാരമില്ല. സാധാരണയായി ഓരോ പ്രവര്ത്തനത്തിനും ഒരു ധനാഭ്യര്ത്ഥനയുണ്ടാകും.
സഞ്ചിതനിധിയിലെ മുതല്കൂട്ട്
റവന്യൂ, മൂലധനം, കടം എന്നിവയാണ് സഞ്ചിതനിധിയില് മുതല്കൂട്ടുന്നത്
റവന്യൂ: നികുതി വരവുകളും റവന്യു വിഭാഗത്തിലുള്ള മറ്റ് വരവുകളും അതില്നിന്നുള്ള ചെലവും
മൂലധനം: സ്ഥായിയായ സ്വഭാവമുള്ള സ്പഷ്ടമായ ആസ്തികളുടെ വര്ധനവിനോ, ആവര്ത്തന ബാധ്യതകള് കുറയ്ക്കുകയോ ചെയ്യുന്നതിനായി വായ്പയായി കിട്ടിയ ഫണ്ടില്നിന്നും സാധാരണയായി നേരിടുന്ന ചെലവുകള്
കടം: (പൊതുകടവും സംസ്ഥാന സര്ക്കാര് നല്കുന്ന വായ്പകളും മുന്കൂറുകളും മറ്റും) വിപണി വായ്പകളും റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ വായ്പകളും ഉള്പ്പെടുന്ന സര്ക്കാരിന്റെ ആഭ്യന്തര കടം, കേന്ദ്ര സര്ക്കാരില്നിന്നുള്ള വായ്പകളും മുന്കൂറുകളും, സംസ്ഥാന സര്ക്കാര് നല്കുന്ന വായ്പകളും മൂന്കൂറുകളും ഉള്പ്പെടുന്നു.
ആകസ്മിക നിധി (കണ്ടിജന്സി ഫണ്ട്)
ആകസ്മിക നിധി രൂപീകരണത്തിനുള്ള അധികാരം നിയമം മൂലം നിയമസഭയ്ക്ക് നല്കുന്നു. ബജറ്റില് വകയിരുത്തിയ തുക അപര്യാപ്തമാകുമ്പോഴും, മുന്കൂട്ടികാണാന് കഴിയാത്ത അടിയന്തിര ഘട്ടങ്ങളിലും ആകസ്മിക നിധി ഉപയോഗപ്പെടുത്താം. ഈ തുക പിന്നീട് ഉപധനാഭ്യര്ത്ഥനയിലൂടെ നിയമസഭ പാസാക്കി നല്കുകയും, നിധിയിലേക്ക് വകകൂട്ടുകയും ചെയ്യും. ഈ നിധിയുടെ വിനിയോഗത്തില് നിയമത്തേക്കാള് വിവേചന ബുദ്ധിക്കാണ് പൊതുവില് പ്രധാന്യം.
പബ്ലിക് അക്കൗണ്ട്
ഇവിടെ സര്ക്കാര് ഒരു ബാങ്കറുടെ വേഷത്തിലെത്തുന്നു. വാങ്ങിയ പണം മടക്കികൊടുക്കുന്നതിനുള്ള ബാധ്യത വഹിക്കുകയും കൊടുത്ത പണം വസൂലാക്കാനുള്ള അവകാശമുറപ്പാക്കുകയും ചെയ്യുന്നു. ഈ ഇടപാടുകളെല്ലാം പബ്ലിക് അക്കൗണ്ടിലാണ്. സംസ്ഥാന സര്ക്കാരിന് ലഭിക്കുന്നതും, സഞ്ചിത നിധിയില്പ്പെടാത്ത മറ്റെല്ലാ പൊതുപണവും സംസ്ഥാനത്തിന്റെ പബ്ലിക് അക്കൗണ്ടില് വരവുവയ്ക്കണമെന്ന് അനുച്ഛേദം 206 (2) വ്യവസ്ഥ ചെയ്യുന്നു. കോടതി ചുമത്തുന്ന പിഴകള്, ലഘുസമ്പാദ്യങ്ങള്, ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട്, റിസര്വ് ഫണ്ടുകള്, നിക്ഷേപങ്ങളും സസ്പെന്സ് അക്കൗണ്ടുകളും, പലവക അക്കൗണ്ടുകള് തുടങ്ങിയവയെല്ലാം പബ്ലിക് അക്കൗണ്ടിന്റെ ഭാഗമാണ്.
ബജറ്റ് സഭയില്
ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തോടെയാണ് സഭയില് ബജറ്റ് നടപടികള് തുടങ്ങുന്നത്. തുടര്ന്ന് സഭാംഗങ്ങള്ക്ക് ബജറ്റിനെകുറിച്ച് പഠിക്കാന് സമയം അനുവദിക്കുന്നു. സാധാരണ രണ്ടോ മൂന്നോ ദിവസമാണ് ഇതിന് അനുവദിക്കുക. തുടര്ന്ന് മൂന്നു ദിവസം സഭയില് ബജറ്റില് ചര്ച്ച നടക്കും. ഡെപ്യൂട്ടി സ്പീക്കറില്നിന്നായിരിക്കും ചര്ച്ചയ്ക്ക് തുടക്കം. ചര്ച്ചകള്ക്ക് ധനമന്ത്രി മറുപടി പറയും. ബജറ്റില് അടങ്ങിയ സാമ്പത്തിക നയം, വികസന പ്രവര്ത്തനങ്ങള്ക്കുള്ള തുകയുടെ അപര്യാപ്തത, വരവുചെലവു അടങ്കലുകളുടെ അടിസ്ഥാനം എന്നിവയെല്ലാം ചര്ച്ചയിലും മറുപടിയിലും വിശകലനം ചെയ്യപ്പെടും.
ബജറ്റ് പരിശോധിക്കുകയും പാസാക്കുകയും ചെയ്യുക, നിയമ നിര്മ്മാണംപോലെ നിയമസഭയുടെ മൗലികമായ ചുമതലയും അവകാശവുമാണ്. ഇതിലൂടെ നികുതിദായകരുടെ താല്പര്യസംരക്ഷണവും, സംസ്ഥാനത്തിന്റെ സാമൂഹിക, സാമ്പത്തിക, ഭരണ പുരോഗതി ഉറപ്പാക്കലും നടക്കുന്നു. ഗൗരവമായ പഠനവും തയ്യാറെടുപ്പും നടത്തി, വസ്തുനിഷ്ടമായി കാര്യങ്ങളെ സമീപിച്ച് ഈ ചുമതലകള് ഫലപ്രദവും കാര്യക്ഷമവുമായി നിര്വഹിക്കുക എന്ന തന്നില് അര്പ്പിതമായ കര്ത്തവ്യമാണ് സഭയില് സാമാജികര് നിര്വഹിക്കുന്നത്. മൂന്നുദിവസത്തെ ചര്ച്ചയ്ക്കുശേഷം ബജറ്റ് വിഷയനിര്ണയ സമിതികളുടെ (സബ്ജക്ട് കമ്മിറ്റികള്) പരിശോധനയ്ക്കയക്കും.
വിഷയ നിര്ണയ സമിതികളുടെ ബജറ്റ് പരിശോധന
ബജറ്റില് നിര്ണയിച്ചിട്ടുള്ള ഡിമാണ്ടുകളുടെ ചര്ച്ചകള് ഫലപ്രഥമാകുന്നത് വിഷയ നിര്ണയ സമിതികളിലാണ്. 14 സമിതികള് നിലവിലുണ്ട്. 38 മുഖ്യ ശീര്ഷകങ്ങളിലായി ധനാഭ്യര്ത്ഥനകള് സമിതികള് മുമ്പാകെ എത്തുന്നു. ഓരോ വകുപ്പിന്റെയും ധനാഭ്യര്ത്ഥനയുടെ സൂക്ഷ്മ പരിശോധന നിര്വഹിക്കുക ബന്ധപ്പെട്ട വിഷയനിര്ണയ സമിതിയാണ്. നാലു വിഷയങ്ങളാണ് പരിശോധനാ വിധേയമാകുന്നത്.
എ) മുന്കൊല്ലത്തെ ധനാഭ്യര്ത്ഥനയില്നിന്നുള്ള വ്യത്യാസങ്ങള് (വര്ധനയ്ക്ക് ഊന്നല്), ബി) പുതിയ സേവന മേഖലകള്, സി) ആവശ്യങ്ങളും ചെലവുകളും തമ്മിലുള്ള ബന്ധം, ഡി) ഒരു പ്രത്യേക ചെലവിനത്തില് ഉള്ക്കൊള്ളിച്ചിട്ടുള്ള തുകയുടെ അപര്യാപ്തത.
സമിതി യോഗങ്ങളില് ബന്ധപ്പെട്ട വകുപ്പുകളുടെ ഉദ്യോഗസ്ഥരും പങ്കെടുക്കും. ബജറ്റ് വകയിരുത്തലിന്റെ പര്യാപ്തത, കൂടുതല് തുകയുടെ ആവശ്യകത തുടങ്ങി കാര്യങ്ങളിലെ കുറുപ്പുകളുമായാണ് വിഷയം സമിതി മുമ്പാകെ വരിക. നിയമസഭയ്ക്ക് എന്നതുപോലെ സമിതിക്കും ധനാഭ്യര്ത്ഥന വര്ധിപ്പിച്ചുനല്കാനുള്ള അധികാരമില്ല. ഒരു ശീര്ഷകത്തിന്കീഴിലുള്ള ഉപശീര്ഷകത്തില്നിന്ന് മറ്റൊന്നിലേക്ക് മാറ്റങ്ങള് ശുപാര്ശ ചെയ്യാം. ഭേദഗതി ധനാഭ്യര്ത്ഥനപ്രകാരമുള്ള മൊത്തം തുകയില് അധികരിക്കാന് പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്നു.
ധനാഭ്യര്ത്ഥന ചര്ച്ച
ധനാഭ്യര്ത്ഥനകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് നാലാഴ്ചയാണ് വിഷയനിര്ണയ സമിതികള്ക്ക് അനുവദിക്കുന്നത്. തുടര്ന്ന് സഭ സമ്മേളിക്കുന്ന ആദ്യദിവസം വിഷയ നിര്ണയ സമിതികളുടെ റിപ്പോര്ട്ട് സമര്പ്പിക്കും. ഓരോ ധനാഭ്യര്ത്ഥനയും പ്രത്യേകം പ്രത്യേകം ചര്ച്ച ചെയ്ത് സഭ പാസാക്കും. സഞ്ചിതനിധിയില് ചാര്ജ് ചെയ്തിട്ടുള്ള ധനാഭ്യര്ത്ഥനകള് സഭയില് ചര്ച്ച ചെയ്യില്ല. പകരം ഗില്ലറ്റിന് ചെയ്യുകയാണ് നടപടി. ഓരോ മുഖ്യകണക്ക് ശീര്ഷകത്തിലും സാധാരണ ഒരു ധാനഭ്യര്ത്ഥനായാണ് ഉണ്ടാകുക. ചിലപ്പോള് രണ്ടോ, അതിലധികമോ ധനാഭ്യര്ത്ഥനകള് ഒരു മുഖ്യ ശീര്ഷകത്തില് നിര്ദേശിക്കപ്പെടാം. രണ്ടോ അതിലധികമോ മുഖ്യ ശീര്ഷകങ്ങളോ, ശീര്ഷകങ്ങളുടെ ഭാഗങ്ങളോ ഒറ്റ ധനാഭ്യര്ത്ഥനയില് ഉള്പ്പെടുത്തുന്നതും നടക്കാറുണ്ട്.
ബജറ്റ് പാസാക്കല് പൂര്ത്തീകരണം
എല്ലാ ധനാഭ്യര്ത്ഥനകളും അംഗീകരിച്ചാല്, ധനവിനിയോഗ ബില് നിയമസഭ പാസാക്കി ഗവര്ണറുടെ അനുമതിക്കായി സമര്പ്പിക്കും. ഗവര്ണറുടെ അനുമതി ലഭിച്ച്, നിയമം ഗസറ്റില് പ്രസിദ്ധീകരിച്ചാല് ബജറ്റ് പാസാക്കല് പ്രക്രിയ പൂര്ണമാകും.
ധനബില്
ബജറ്റിലെ നികുതി നിര്ദേശങ്ങളും, മറ്റ് ധനകാര്യ നിര്ദേശങ്ങളും ധനബില്ലിലൂടെയാണ് നിയമമായി രൂപാന്തരപ്പെടുത്തുക. എങ്കിലേ ഇതിന് നിയമ പരിരക്ഷ ലഭിക്കൂ. മുമ്പ് ധനമന്ത്രി നടത്തുന്ന പ്രഖ്യാപനങ്ങളില്, ഓരോ വകുപ്പിന്റെയും കീഴില്വരുന്ന വിഷയങ്ങള്, അതാത് വകുപ്പുമന്ത്രി ബില്ലുകളാക്കി നിയമസഭയില് അവതരിപ്പിച്ച് പാസാക്കുന്നതായിരുന്നു രീതി. 1985ലെ കേരള പ്രൊവിഷണല് റവന്യൂസ് കളക്ഷന് ആക്ട് നിലവില്വന്നതോടെ, ഈ നിയമം അനുസരിച്ചുള്ള ഒരു പ്രഖ്യാപനത്തിനൊപ്പം ധന ബില്ലും ബജറ്റ് പ്രസംഗത്തിനോടൊപ്പം ധനമന്ത്രി സഭയുടെ മേശപ്പുറത്തുവച്ചാലോ, ധനബില് സഭയില് അവതരിപ്പിച്ചാലോ ധനകാര്യ നിര്ദേശങ്ങളെല്ലാം സാമ്പത്തിക വര്ഷാരംഭമായ എപ്രില് ഒന്നു മുതലോ, ഏപ്രില് ഒന്നിനുശേഷം സഭയില് അവതരിപ്പിക്കുന്ന തീയതി മുതലോ ഇതിലെ വ്യവസ്ഥകള്ക്ക് പ്രാബല്യമുണ്ടാകുമെന്നതാണ് വ്യവസ്ഥ.
120 ദിവസത്തിനകം ധനബില് പാസാക്കണമെന്നും നിയമം പറയുന്നു. ധനവിനിയോഗ ബില്ലിനൊപ്പം ധന ബില്ലും പാസാക്കും. ധനവിനിയോഗ ബില് വിഷയനിര്ണയ സമിതിയുടെ പരിഗണനയ്ക്ക് വരില്ല. എന്നാല്, ധന ബില്ലിന് ബന്ധപ്പെട്ട വിഷയ നിര്ണയ സമിതിയുടെ പരിശോധനയും ശുപാര്ശയും ആവശ്യമാണ്.
കേന്ദ്ര കമ്മിയും സംസ്ഥാന കമ്മിയും
ബജറ്റിലെ ചെലവ് വരുമാനത്തെ അധികരിക്കുമ്പോഴാണ് കമ്മി ബജറ്റ് എന്ന പേര് വരുന്നത്. കമ്മി രണ്ടുതരം–റവന്യു കമ്മിയും മൊത്ത കമ്മിയും. റവന്യു വരവിനെ റവന്യു ചെലവ് മറികടക്കുന്നതാണ് റവന്യു കമ്മി. മൂലധന വരവ്, മൂലധന ചെലവ്, പൊതുകടം മുതലായവയെല്ലാം ചേരുന്ന വരുമാനവും ചെലവും തമ്മിലുള്ള അന്തരത്തില്, ചെലവ് വരുമാനത്തെ മറികടക്കുമ്പോള് മൊത്തം കമ്മി അഥവാ ധന കമ്മി എന്നു പറയുന്നു. ഈ പൊതുകമ്മിയാണ് സാധാരണ നിലയില് ബജറ്റിനെ കമ്മിയാക്കുന്നത്.
കേന്ദ്ര ബജറ്റിലെ കമ്മി നികത്താന് കേന്ദ്ര സര്ക്കാര് നോട്ട് അടുപ്പിക്കും (റിസര്വ് ബാങ്കില്നിന്ന് ആവശ്യമായ പണം ലഭ്യമാക്കും). എന്നാല്, സംസ്ഥാനങ്ങള്ക്ക് ഇത്തരം സാധ്യതകളില്ല. കമ്മി നിയന്ത്രിക്കുക മാത്രമാണ് കരണീയം. വരുമാനം വര്ധിപ്പിച്ചും, അനാവശ്യ ചെലവുകള് നിയന്ത്രിച്ചുമാണ് ഈ ലക്ഷ്യത്തിലേക്ക് എത്താന് ശ്രമിക്കുക. 2003ലെ കേരള ധനസംബന്ധമായ ഉത്തരവാദിത്വ നിയമം റവന്യു കമ്മി കുറയ്ക്കാനുള്ള നിയന്ത്രണങ്ങള് വ്യവസ്ഥ ചെയ്യുന്നു. കടം എടുക്കുന്നത് നിയന്ത്രിക്കുന്നതിനായി ‘2003ലെ കേരള ഗവണ്മെന്റ് ഗ്യാരണ്ടികളുടെ പരമാവധി പരിധി ആക്ടും’ പാസാക്കിയിട്ടുണ്ട്.
ബജറ്റും ഗവണ്മെന്റ് സെക്രട്ടറിയറ്റും
ധന വകുപ്പിനുകീഴില് ബജററ് വിഭാഗം എന്ന വിപുലമായ ഉദ്യോഗസ്ഥ സംവിധാനം പ്രവര്ത്തിക്കുന്നു. ഈ വിഭാഗമാണ് വര്ഷം മുഴുവന് നീണ്ടുനില്ക്കുന്ന ബജറ്റ് നപടിക്രമങ്ങളുടെ ചുക്കാന് പിടിക്കുന്നത്. സാമ്പത്തിക വര്ഷത്തിന്റെ അര്ദ്ധപാദത്തില്തന്നെ അടുത്ത വര്ഷത്തേയ്ക്കുള്ള ബജറ്റിന്റെ പ്രവര്ത്തനങ്ങള് ആരംഭിക്കുന്നു.
നിര്ദേശങ്ങള്ക്കായുള്ള സര്ക്കുലറില് തുടക്കം
ഒരു സര്ക്കാര് സര്ക്കുലറോടെയാണ് ബജറ്റിനുള്ള ഗവണ്മെന്റ് സെക്രട്ടറിയറ്റില്നിന്നുള്ള നടപടികള് തുടങ്ങുന്നത്. 2020–21ലെ ബജറ്റിന്റെ നിര്ദേശങ്ങള് ക്ഷണിച്ചുള്ള സര്ക്കുലര് 2019 സെപ്തംബറില്തന്നെ ധന വകുപ്പ് പുറപ്പെടുവിച്ചു. സര്ക്കാര് വകുപ്പുകളും അവയുടെ കീഴിലുള്ള സ്ഥാപനങ്ങളും ബജറ്റിലേക്ക് തങ്ങളുടെ പദ്ധതി–പദ്ധതിയേതര നിര്ദേശകള് സമര്പ്പിക്കാനുള്ള അറിയിപ്പായിരിക്കും സര്ക്കുലറിലൂടെ ധനവകുപ്പ് ബജറ്റ് വിഭാഗം നല്കുക. ഒരോ വകുപ്പും അവര് കൈകാര്യ ചെയ്യുന്ന ബജറ്റ് ശീര്ഷകത്തിലേക്ക് തങ്ങളുടെ ആവശ്യങ്ങള് സംബന്ധിച്ച നിര്ദേശങ്ങള് പ്രത്യേക ഫോര്മാറ്റില് സമര്പ്പിക്കും.
ധന വകുപ്പ് പരിശോധന
വകുപ്പുകളുടെ നിര്ദേശങ്ങള് തങ്ങളുടെ മാനദണ്ഡം അനുസരിച്ചാണോയെന്ന് ധന വകുപ്പ് പരിശോധിക്കും.ഓരോ നിര്ദേശത്തിനും തുക നിശ്ചയിക്കും. ഇതിനും മാനദണ്ഡങ്ങളുണ്ട്. ബജറ്റിന്റെ പദ്ധതി ഭാഗവും പദ്ധതിയേതര ഭാഗവും പരിശോധനയുടെ ഭാഗമാകുന്നു. ഏതാണ്ട് 35,000 കോടി രൂപയില് ഒതുങ്ങുന്നതാണ് വാര്ഷിക പദ്ധതി ഭാഗം. പദ്ധതിയേതര വിഭാഗം ഏതാണ്ട് 1.2 ലക്ഷം കോടിവരെയാകാം. മൊത്തം വാര്ഷിക അടങ്കല് ഒന്നരലക്ഷം കോടി രൂപയിലെത്തും.
ആസൂത്രണ ബോര്ഡിന്റെ പങ്കാളിത്തം
ബജറ്റിന്റെ പദ്ധതിഭാഗം നിശ്ചയിക്കുക സംസ്ഥാന ആസൂത്രണ ബോര്ഡ് ആയിരിക്കും. വകുപ്പുകളുമായി ആശയവിനിമയം നടത്തിയായിരിക്കും ഇത് നിര്വഹിക്കുക. ഇതിലേക്കുള്ള നിര്ദേശങ്ങളും വകുപ്പുകളില്നിന്ന് ശേഖരിക്കും. ധന വകുപ്പിനുപുറമെ ആസൂത്രണ ബോര്ഡും ചില മാനദണ്ഡങ്ങള് മുന്നോട്ടുവയ്ക്കും. സംസ്ഥാന പദ്ധതിയിലേക്ക് വകയിരുത്തല് എത്രയെന്ന് സര്ക്കാരിനോട് ബോര്ഡ് ചോദിക്കും. ധന വകുപ്പ് വിവരം ലഭ്യമാക്കും. ബോര്ഡിന്റെ വിവിധ ഡിവിഷനുകള് ഇക്കാര്യത്തില് ആവശ്യമായ ചര്ച്ച നടത്തും. തുടര്ന്ന് വാര്ഷിക പദ്ധതി ബോര്ഡിന്റെ അന്തിമ അനുമതിക്ക് സമര്പ്പിക്കും. ചെയര്മാനായ മുഖ്യമന്ത്രിയും പങ്കെടുക്കുന്ന ബോര്ഡ് യോഗം പദ്ധതിക്ക് അന്തിമ അനുമതി നല്കും. ഇത് ധന വകുപ്പിന് കൈമാറും. ഈ വാര്ഷിക പദ്ധതിയാണ് ബജറ്റിന്റെ ഭാഗമാകുന്നത്. ധന വകുപ്പ് ബജറ്റ് വിഭാഗം ഈ പദ്ധതി ഭാഗവും പദ്ധതിയേതര ഭാഗവും സംയോജിപ്പിച്ച് ബജറ്റ് തയ്യാറാക്കും. ഇതിന് സമാന്തരമായി ധനമന്ത്രി തന്റെ ബജറ്റ് പ്രസംഗവും തയ്യാറാക്കും. സര്ക്കാര് നയങ്ങള്ക്കനുസരിച്ചുള്ള പദ്ധതികളും പുതിയ വരുമാന നിര്ദേശങ്ങളും, ചില മേഖലയിലെ വരുമാനം (നികുതി) വേണ്ടന്നുവയ്ക്കലോ, കുറയ്ക്കലോ ഒക്കെ നിര്ദേശിക്കുന്നതായിരിക്കും ബജറ്റ് പ്രസംഗം.
ബജറ്റിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരവും വേണം. ഇതിനായി ചേരുന്ന മന്ത്രിസഭാ യോഗത്തിനും പ്രത്യേകതയുണ്ട്. മന്ത്രിസഭാ കുറിപ്പ് മന്ത്രിമാര്ക്ക് നല്കി, യോഗാവസാനത്തില് തിരികെ വാങ്ങുന്നതാണ് പ്രത്യേകത. തുടര്ന്ന് സര്ക്കാര് പ്രസില് കനത്ത സുരക്ഷയില് ബജറ്റ് പ്രസംഗവും രേഖകളും അച്ചടിക്കും. ഇവിടെനിന്ന് നേരേ നിയമസഭയിലേക്കായിരിക്കും ഇവ എത്തിക്കുക. ധനമന്ത്രി ബജറ്റ് പ്രസംഗം വായിക്കും. ഒപ്പം രേഖകളും സമര്പ്പിക്കും. ഭരണഘടന അനുസരിച്ച് വാര്ഷിക ധനകാര്യ സ്റ്റേറ്റുമെന്റ് മാത്രം സഭയില് വച്ചാല് മതി. അതുവച്ചാല് നിയമപരമായ പ്രക്രിയയില് ബജറ്റായി.
ഉപധനാഭ്യര്ത്ഥന
നികുതി വകുപ്പ് ബജറ്റിനുപുറത്തുള്ള ഒരു ചെലവ് വഹിക്കേണ്ടിവന്നാല്, ഇത് അടുത്ത നിയമസഭയില് സമര്പ്പിച്ച് അംഗീകാരം വാങ്ങണം. ഉദാഹരണത്തിന് ഒരു വകുപ്പിന് ഒരു പുതിയ ഓഫീസ് തുടങ്ങേണ്ടിവരുന്നു. ഇതിന്റെ ചെലവ് ബജറ്റ് നിര്ദേശം സമര്പ്പിക്കുമ്പോള് ഉള്പ്പെടുത്തിയിട്ടുണ്ടാകില്ല. ഈ ഓഫീസ് ആവശ്യത്തിനായി വാഹനം ഉള്പ്പെടെയുള്ള സൗകര്യങ്ങള് ഏര്പ്പെടുത്തുന്നു. ഈ ചെലവുകള്ക്ക് ബജറ്റ് വകയിരുത്തല് ഇല്ലാത്ത സ്ഥിതിയിലാണ് ഉപധനാഭ്യര്ത്ഥന നടത്തുന്നത്. ഇവ മുന്കൂട്ടി കാണാനാകാത്ത ചെലവുകളാണ്. ഇത്തരം ചെലവുകള്ക്ക് സഭയുടെ അംഗീകാരം ഉറപ്പാക്കാനാണ് പിന്നീട് ഉപധനാഭ്യര്ത്ഥന നടത്തുന്നത്. ഉപധനാഭ്യര്ത്ഥനകള് അടുത്ത സഭാ സമ്മേളനത്തില് സഭയില് അവതരിപ്പിച്ച് അംഗീകാരം വാങ്ങുകയാണ് കീഴ്വഴക്കം.
വിഷയ നിര്ണയ സമിതികളും ഗവണ്മെന്റ് സെക്രട്ടറിയറ്റും
ബജറ്റ് ധനാഭ്യര്ത്ഥനകളുടെ സൂക്ഷ്മ പരിശോധന നടത്തുന്ന വിഷയ നിര്ണയ സമിതി യോഗങ്ങളില് ബന്ധപ്പെട്ട സര്ക്കാര് വകുപ്പുകളുടെ ഉദ്യോഗസ്ഥരും പങ്കെടുക്കാറുണ്ട്. അതാത് വകുപ്പുകള്ക്കായി ബജറ്റില് വകയിരുത്തിയിട്ടുള്ള തുകയുടെ പര്യാപ്തയോ അപര്യാപ്തയോ, കൂടുതല് തുക ആവശ്യപ്പെട്ടുകൊണ്ടുള്ളതുമായതോ ആയ കുറുപ്പുകളാണ് വിഷയ നിര്ണയ സമിതികളില് എത്തുന്നത്. ഇവിടെ സര്ക്കാര് വകുപ്പുകള്ക്ക് ഉത്തരവാദിത്വം കൂടുന്നു. തങ്ങളുടെ വകുപ്പിനായി നിര്ദേശിച്ചിട്ടുള്ള ധനാഭ്യര്ത്ഥനയെകുറിച്ച് തയ്യാറാക്കുന്ന പ്രസ്താവനകള്, ധനാഭ്യര്ത്ഥന സംബന്ധിച്ച വകയിരുത്തലിന്മേല് സമിതിയുടെ പരിശോധന കാര്യക്ഷമമാക്കാന് സഹായിക്കുന്നതായിരിക്കണം. പ്രസ്താവനകള് നിശ്ചിതമായ നയലക്ഷ്യങ്ങള് വേര്തിരിച്ചുകാണിക്കണം.
ലക്ഷ്യപ്രാപ്തിക്ക് സഹായകമാകുന്ന എല്ലാ പ്രവൃത്തികളും എടുത്തുപറയുകയും, അവ നേടിയെടുക്കുന്നതിനാവശ്യമായ വിഭവങ്ങളും ചെലവുകളും വേര്തിരിച്ചു കാണിക്കുകയും വേണം. ഇവയില് ഫലസാധ്യതകളുടെ അളവും മതിപ്പും ഉണ്ടായിരിക്കണം. മുതല്മുടക്ക് ആവശ്യമുള്ള പദ്ധതികളില്, ലക്ഷ്യങ്ങളും, ചെലവും, നടപ്പാക്കുന്നതിന്റെ ഘട്ടങ്ങളും, പുരോഗതി നിരീക്ഷിക്കുന്നതിന് നിര്ദേശിച്ചിട്ടുള്ള നടപടികളും, അനുബന്ധ വിശദ വിവരങ്ങളും നല്കണം.
ചെലവുകളിന്മേലുള്ള നിയന്ത്രണങ്ങള്
ധന വകുപ്പിന് സര്ക്കാര് ചെലവുകളിന്മേല് കാലാകാലം ആവശ്യപ്പെടുന്ന നിയന്ത്രണങ്ങള് വരുത്തുന്നതിനുള്ള സംവിധാനങ്ങളുണ്ട്. ഇതിനുപുറമെ നിയമസഭയുടെ നിയന്ത്രണം, എക്സിക്യൂട്ടിവിന്റെ സ്വഭാവമുള്ള നിയന്ത്രണം, കംപ്ട്രോളര് ആന്ഡ് ഓഡിറ്റര് ജനറലിന്റെ പരിശോധന എന്നിങ്ങനെ മൂന്നു സംവിധാനങ്ങള് വഴിയാണ് ചെലവ് നിയന്ത്രണ പ്രക്രിയ നടക്കുന്നത്.
ഒരോ ഇനത്തിലേയും ചെലവിന് ധന വിനിയോഗ നിയമത്തിലൂടെ നിയമസഭ പരിധി നിശ്ചയിക്കുന്നു. ബജറ്റ് അടങ്കലുകളില് അടങ്ങിയിട്ടുള്ള പദ്ധതികളുടെ നിര്വഹണത്തില് എത്രത്തോളം സാമ്പത്തിക നിയന്ത്രണം വരുത്താമെന്ന് പരിശോധിച്ച് എസ്റ്റിമേറ്റ് കമ്മിറ്റി നിയമസഭയ്ക്ക് റിപ്പോര്ട്ട് നല്കുന്നു. ബജറ്റ്, ധനാഭ്യര്ത്ഥന, ധനവിനിയോഗ ചര്ച്ചകളിലെ വിമശര്നങ്ങള് സര്ക്കാര് ചെലവുകള്ക്കും കാര്യനിര്വഹണത്തിനും നിയന്ത്രണമുണ്ടാക്കുന്നു.
അക്കൗണ്ടന്റ് ജനറല് കണക്കുകള് പരിശോധിക്കുന്നു. നിയമസഭ അനുവദിച്ചിട്ടുള്ള പണം നിര്ദ്ദിഷ്ട കാര്യങ്ങള്ക്കുതന്നെയാണോ ചെലവാക്കിയിട്ടുള്ളതെന്നും, സഭ അനുവദിച്ചിട്ടുള്ള തുകയുടെ പരിധി ചെലവാക്കലില് ലംഘിച്ചിട്ടുണ്ടോയെന്നതും പരിശോധനയുടെ ഭാഗമാണ്. സിഎജിയുടെ ഒഡിറ്റ് റിപ്പോര്ട്ട് നിയമസഭയ്ക്കാണ് നല്കുന്നത്.
നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, പൊതുമേഖലയെ സംബന്ധിച്ച സമിതി, ലോക്കല് അക്കൗണ്ട്സ് കമ്മിറ്റി എന്നിവ ഈ റിപ്പോര്ട്ടുകള് പരിശോധിക്കുകയും, അവയിന്മേലുള്ള ശുപാര്ശകളും നിര്ദേശങ്ങളും റിപ്പോര്ട്ട് രൂപത്തില് സഭയില് സമര്പ്പിക്കുകയും ചെയ്യുന്നു. നിയമസഭ അനുവദിച്ചതിലും കൂടുതല് പണം ചെലവഴിക്കേണ്ടിവരുന്ന സാഹചര്യത്തില്, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ശുപാര്ശയുടെ അടിസ്ഥാനത്തില്, ബന്ധപ്പെട്ട വകുപ്പ് ഉപധനാഭ്യര്ത്ഥനയായി നിയമസഭയില് അവതരിപ്പിച്ച് പാസാക്കി അധിക ചെലവ് ക്രമീകരിക്കണം.