തൃശൂര്> വീട്ടമ്മ, അത്ലറ്റ് , ഡ്രൈവർ, തെങ്ങ് കയറ്റം, നർത്തകി, പാർളിക്കാട് വാലിപ്പറമ്പിൽ വി കെ ബാബുവിന്റെ ഭാര്യ എസ് കവിത (43)യുടെ മികവുകൾ വാനോളമാണ്. കുടുംബശ്രീ പ്രവർത്തകയും പാലക്കാട് വെസ്റ്റ് വുമൺസ് ഫെഡറേഷൻ ലേബർ ബാങ്ക് കോ–-ഓർഡിനേറ്ററുമായ കവിത മികച്ച അത്ലറ്റ് കൂടിയാണ്.
കോഴിക്കോട് നടന്ന സംസ്ഥാന തലമത്സരത്തിൽ ഡിസ്കസ് ത്രോയിലും വാക്കിങിനും റണ്ണിങ്, റിലേ മത്സരങ്ങളിൽ മെഡലുകൾ വാരിക്കൂട്ടി. നവംബർ 27 ന് വാരണാസിയിൽ നടന്ന നാഷണൽ ലെവൽ മീറ്റിൽ ഡിസ്കസ് ത്രോ, വാക്കിങ് മത്സരങ്ങളിൽ മൂന്നാം സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജപ്പാനിൽ നടക്കാനിരിക്കുന്ന ഇന്റർനാഷ്ണൽ മീറ്റിൽ ങ്കെടുക്കണമെന്നാണ് കവിതയുടെ ആഗ്രഹം.
കാർഷികമേഖലയിലെ കവിതയുടെ ഇടപെടലുകളും നിസാരമല്ല. പുരുഷന്മാർ കുത്തകയാക്കിയ തെങ്ങ് കയറ്റവും ട്രാക്ടർ ഓടിക്കുന്നതും യന്ത്രവൽകൃത ഞാറ് നടീലുമെല്ലാം നിഷ്പ്രയാസം കൈകാര്യം ചെയ്യും. ഇത്തരം പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പാലക്കാട് വുമൺസ് ഫെഡറേഷൻ ലേബർ ബാങ്കിനു കീഴിലുള്ള നിരവധി വനിതകൾക്ക് പരിശീലനം നൽകുന്നതും ഈ വീട്ടമ്മയാണ്. സാംസ്കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെല്ലോഷിപ്പിന്റെ ഭാഗമായി മോഹിനിയാട്ടവും അഭ്യസിച്ചു . ഉത്രാളിക്കാവ് ക്ഷേത്രത്തിൽ വച്ച് അരങ്ങേറ്റവും നടന്നു. ഭർത്താവ് ബാബു മക്കളായ ഭാഗ്യലക്ഷ്മി, സീതലക്ഷ്മി എന്നിവരുടെ പൂർണ പിന്തുണയും ഈ വീട്ടമ്മയുടെ നേട്ടങ്ങൾക്ക് പിന്നിലെ കരുത്താണ്.