തൃശൂർ> ജർമനിയെ ലോകകപ്പ് കിരീടം ചൂടിച്ച ടോണി ക്രൂസിന്റെ ഫുട്ബോൾ പരിശീലനത്തിന് അർഹതനേടി നാലുവയസ്സുകാരൻ. തൃശൂർ അഷ്ടമിച്ചിറ സ്വദേശി ആരോൺ റാഫേൽ തോമസിനാണ് ഈ അപൂർവ നേട്ടം. ഉരുണ്ടുനീങ്ങുന്ന ടയറിന്റെ നടുക്കിലെ ദ്വാരത്തിലൂടെ കൃത്യതയോടെ ഫുട്ബോൾ അടിച്ചു കയറ്റിയാണ് ആരോൺ, റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ജർമൻ സൂപ്പർതാരം ടോണി ക്രൂസിന്റെ മനസ്സിലിടംപിടിച്ചത്.
ഒരാഴ്ചയിലെ പരിശീലനത്തിന് മെയ്മാസത്തിൽ ആരോൺ മാഡ്രിഡിലേക്ക് പുറപ്പെടും. ക്രൂസിന്റെ ഫുട്ബോൾ അക്കാദമി ജൂണിൽ ഓൺലൈനായി ‘കിക്ക് ഇൻ ടു 22’ ലോകമത്സരം സംഘടിപ്പിച്ചിരുന്നു. 1, 2, 3 സ്ഥാനക്കാർക്ക് സമ്മാനവും പ്രഖ്യാപിച്ചു. കൗതുകകരമായ ഫുട്ബോൾ ഷോട്ടുകളുടെ ദൃശ്യങ്ങളിൽനിന്ന് ഒന്നാം സ്ഥാനത്തെത്തിയത് ആരോണിന്റെ പിഞ്ചുകാലിൽനിന്ന് പിറന്ന മനോഹരമായ ഷോട്ട്. വീട്ടുമുറ്റത്തുകൂടി ഉരുണ്ടുനീങ്ങുന്ന ടയറിനുള്ളിലേക്ക് കൃത്യമായി പന്തടിച്ചു കയറ്റുന്നതായിരുന്നു ദൃശ്യം.
ആയിരക്കണക്കിനുപേർ പങ്കെടുത്ത ഇൻസ്റ്റഗ്രാം വീഡിയോ മത്സരത്തിൽ, ഈ അത്ഭുത ബാലന്റെ ഷോട്ട് ഒന്നാം സ്ഥാനത്തിന് അർഹമായത് ടോണി ക്രൂസ്തന്നെയാണ് പ്രഖ്യാപിച്ചത്. ആരോണിന്റെ വീഡിയോ ക്രൂസ്തന്നെ തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചു. തുടർന്ന് വിവിധ ഫുട്ബോൾ പ്രേമികൾ നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ച വീഡിയോക്ലിപ്പ് ഇതുവരെ അഞ്ചു കോടിയോളംപേർ കണ്ടുകഴിഞ്ഞു.
തൊട്ടുപിന്നാലെ ജർമൻ ബുണ്ടസ് ലീഗയുടെ ഉയർന്നുവരുന്ന താരങ്ങളുടെ ലിസ്റ്റിലും ആരോൺ ഇടംപിടിച്ചു. കളിയഴകുകണ്ട് ബംഗളൂരു എഫ്സിയുടെ ഫുട്ബോൾ അക്കാദമിയിലേക്ക് ആരോണിനെ തെരഞ്ഞെടുത്തു.
അവിടെ പരിശീലനവും തുടങ്ങി. അഞ്ചു വയസ്സിനു മുകളിലുള്ള കുട്ടികൾക്കാണ് അക്കാദമിയിൽ പ്രവേശനമെങ്കിലും, കുഞ്ഞു ആരോണിനെ അക്കാദമി ‘റാഞ്ചി’യെടുക്കുകയായിരുന്നു.
ബംഗളൂരുവിൽ സെയിൽസ്, ഐടി വിഭാഗത്തിലെ ജീവനക്കാരായ മാള അഷ്ടമിച്ചിറ നെല്ലിശേരി റഫേൽ തോമസ്–- മഞ്ജു ദമ്പതികളുടെ ഏകമകൻ ആരോൺ ഒന്നാം പിറന്നാളിനുമുന്നേതന്നെ പന്തു തട്ടിത്തുടങ്ങിയിരുന്നു. പന്തടക്കവും ഡ്രിബ്ലിങ്ങും ഷോട്ടുകളും ശ്രദ്ധയിൽപ്പെട്ടതോടെ മാതാപിതാക്കൾ കുഞ്ഞിന് കളിയുപകരണങ്ങൾ വാങ്ങി നൽകി കാൽപ്പന്തുകളിയിലേക്ക് തിരിച്ചുവിട്ടു. ബംഗളൂരുവിലെ ഹാപ്പി വാലി സ്കൂളിൽ എൽകെജി വിദ്യാർഥിയാണ് ആരോൺ.