ബി രാഘവൻനഗർ / കൊച്ചി > പോരാട്ടങ്ങളുടെ അനുഭവ കരുത്തും നേതൃപാടവത്തിന്റെ തിളങ്ങുന്ന മുഖവുമായി കോടിയേരി ബാലകൃഷ്ണൻ വീണ്ടും സിപിഐ എം സംസ്ഥാന ഘടകത്തെ നയിക്കും. ഇന്ന് കൊച്ചിയിൽ സമാപിച്ച സംസ്ഥാന സമ്മേളനം സെക്രട്ടറിയായി കോടിയേരിയെ ഐകണേ്ഠ്യേന തെരഞ്ഞെടുത്തതായി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രഖ്യാപിച്ചു.. തുടർച്ചയായ മൂന്നാം തവണയാണ് കോടിയേരി സംസ്ഥാന സെക്രട്ടറിയായുന്നത്. 70 കാരനായ കോടിയേരി പൊളിറ്റ്ബ്യൂറോ അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമാണ്. 88 അംഗ സംസ്ഥാന കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.
2015ൽ ആലപ്പുഴ സമ്മേളനത്തിൽ പിണറായി വിജയൻ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് കോടിയേരി ആദ്യം നേതൃപദവി ഏറ്റെടുത്തത്. തുടർന്ന് 2018ൽ തൃശൂരിൽ ചേർന്ന സമ്മേളനത്തിലും കോടിയേരി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അസുഖത്തെ തുടർന്ന്2020 ൽ ഒരു വർഷത്തോളം സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിഞ്ഞുനിന്നു. ആ കാലയളവിൽ എ വിജയരാഘവനാണ് സെക്രട്ടറിയുടെ ചുമതല നിർവ്വഹിച്ചത്.
കമ്മിറ്റിയിൽ 16 പേർ പുതുമുഖങ്ങളാണ്. എം എം വർഗീസ്, എ വി റസ്സൽ, ഇ എൻ സുരേഷ്ബാബു, സി വി വർഗീസ്, പനോളി വത്സൻ, രാജു എബ്രഹാം, എ എ റഹീം, വി പി സാനു, ഡോ. കെ എൻ ഗണേഷ്, കെ എസ് സലീഖ, കെ കെ ലതിക, പി ശശി, കെ അനിൽകുമാർ, വി ജോയ്, ഒ ആർ കേളു, ഡോ. ചിന്ത ജെറോം എന്നിവരാണ് പുതുതായി കമ്മിറ്റിയിലെത്തിയത്. 12 പേർ കമ്മിറ്റിയിൽനിന്ന് ഒഴിവായി. പി കരുണാകരൻ, വൈക്കം വിശ്വൻ, ആനത്തലവട്ടം ആനന്ദൻ, കെ ജെ തോമസ്, എം എം മണി, എം ചന്ദ്രൻ, കെ അനന്ത ഗോപൻ, ആർ ഉണ്ണികൃഷ്ണപിള്ള, ജി സുധാകരൻ, കോലിയക്കോട് കൃഷ്ണൻനായർ, സി പി നാരായണൻ, ജെയിംസ് മാത്യൂ എന്നിവരാണ് ഒഴിവായത്.
വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന കോടിയേരി മികവുറ്റ സംഘാടനവും അസാമാന്യ നേതൃപാടവവും കൊണ്ട്ശ്രദ്ധേയനാണ്. പാർലമെന്ററി രംഗത്തും ഭരണാധികാരി എന്ന നിലയിലും കഴിവുതെളിയിച്ച കോടിയേരി പാർടി സെക്രട്ടറി എന്ന നിലയിൽ അത്യുജ്വല പ്രവർത്തനം കാഴ്ചവച്ചു. പാർടിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊ ണ്ടുപോകുന്നതിലും ശത്രുവർഗത്തിന്റെ കടന്നാക്രമണങ്ങളെ ചെറുത്തുതോൽപ്പിക്കുന്നതിലും വലതുപക്ഷ മാധ്യമങ്ങളുടെ നുണപ്രചാരണങ്ങൾ തുറന്നുകാട്ടുന്നതിലും കരുത്ത് പ്രകടിപ്പിച്ചു.