തിരുവനന്തപുരം> ഉക്രെയിനിൽ നിന്ന് ഡല്‍ഹിയില്‍ എത്തുന്നവരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ഇന്ന് മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ സംസ്ഥാന സർക്കാർ ഏർപ്പെടുത്തി. ആദ്യ വിമാനം രാവിലെ 9.30ന് ഡെല്‍ഹിയില്‍ നിന്നും തിരിക്കും. രണ്ടാമത്തേത് ഉച്ചക്ക് 3.30നും മൂന്നാമത്തേത് വൈകുന്നേരം 6.30നും ഡെല്‍ഹിയില്‍ നിന്ന് പുറപ്പെടും.
കൊച്ചി വിമാനത്താവളത്തില്‍ എത്തുന്നവർക്കായി തിരുവനന്തപുരത്തേക്കും കാസര്‍കോട്ടേക്കും ബസ്സ് സര്‍വീസുണ്ടാകും. കൊച്ചിയിലെത്തുന്നവരെ സ്വീകരിക്കാന്‍ വനിതകളടക്കമള്ള നോര്‍ക്ക ഉദ്യോഗസ്ഥ സംഘം 24 മണിക്കൂറും പ്രവര്‍ത്തിച്ചു വരുന്നു. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും നോര്‍ക്കയുടെ പ്രത്യേക ടീമുകൾ പ്രവര്‍ത്തനനിരതമാണ്.
ഇന്നലെ 168 വിദ്യാർഥികളെ ചാർട്ടഡ് വിമാനത്തിൽ കൊണ്ടുവന്നിരുന്നു. 80 പെൺകുട്ടികളും 88 ആൺകുട്ടികളുമടങ്ങിയ സംഘവുമായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രത്യേക വിമാനം രാത്രി 8.20നാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. ഹംഗറിയിലെ ബുഡാപെസ്റ്റിലും പോളണ്ടിലും റൊമാനിയയിലുംനിന്ന് മൂന്ന് വിമാനങ്ങളിലായി എത്തിയ വിദ്യാർഥികൾക്കാണ് നോർക്ക റൂട്സ് കേരളത്തിലേക്ക് സൗജന്യ യാത്രയൊരുക്കിയത്.